ലൂക്കോസ് 1:26-56

ലൂക്കോസ് 1:26-56 MCV

എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ, ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു. ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു. എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം. അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും. അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു. അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം. ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു. “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി. ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു. അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു. മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ! എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ? നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി. കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!” ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു; എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും. സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം. അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും. തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു. അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു. വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും; അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.