ലൂക്കൊസ് 1:26-56

ലൂക്കൊസ് 1:26-56 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു. ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്ന്: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. അവൻ യാക്കോബുഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. മറിയ ദൂതനോട്: ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉദ്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്ക് ഇത് ആറാം മാസം. ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. ആ നാളുകളിൽ മറിയ എഴുന്നേറ്റ് മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു, സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു. മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭഫലവും അനുഗ്രഹിക്കപ്പെട്ടത്; എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുന്ന മാനം എനിക്ക് എവിടെനിന്ന് ഉണ്ടായി. നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി. കർത്താവ് തന്നോട് അരുളിച്ചെയ്തതിനു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി. അപ്പോൾ മറിയ പറഞ്ഞത്: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നെ. അവനെ ഭയപ്പെടുന്നവർക്ക് അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു. തന്റെ ഭുജംകൊണ്ട് അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവരെ നന്മകളാൽ നിറച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്, തന്റെ ദാസനായ യിസ്രായേലിനെ തുണച്ചിരിക്കുന്നു.” മറിയ ഏകദേശം മൂന്നു മാസം അവളോടുകൂടെ പാർത്തിട്ട് വീട്ടിലേക്കു മടങ്ങിപ്പോയി.

ലൂക്കൊസ് 1:26-56 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എലിസബെത്ത് ഗർഭവതിയായതിന്റെ ആറാം മാസത്തിൽ ഗലീലയിലെ ഒരു പട്ടണമായ നസറെത്തിൽ ദാവീദുരാജാവിന്റെ വംശജനായ യോസേഫിനു വിവാഹം നിശ്ചയിച്ചിരുന്ന മറിയം എന്ന കന്യകയുടെ അടുക്കൽ ദൈവം ഗബ്രിയേലിനെ അയച്ചു. ദൈവദൂതൻ മറിയമിനെ സമീപിച്ച് : “ദൈവത്തിന്റെ പ്രസാദവരം ലഭിച്ചവളേ, നിനക്കു വന്ദനം! ദൈവം നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മറിയം വല്ലാതെ സംഭ്രമിച്ചു. “ഇതെന്തൊരഭിവാദനം!” എന്നു മനസ്സിൽ വിചാരിച്ചു. അപ്പോൾ മാലാഖ മറിയമിനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ദൈവം നിന്നിൽ പ്രസാദിച്ചിരിക്കുന്നു. നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന് യേശു എന്നു പേരിടണം. അവൻ വലിയവനായിരിക്കും; മഹോന്നതനായ ദൈവത്തിന്റെ പുത്രനെന്നു വിളിക്കപ്പെടുകയും ചെയ്യും; അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം സർവേശ്വരൻ അവനു നല്‌കും. അവൻ എന്നെന്നേക്കും ഇസ്രായേൽജനതയുടെ രാജാവായി വാഴും. അവന്റെ രാജത്വം അനന്തവുമായിരിക്കും.” മറിയം മാലാഖയോടു ചോദിച്ചു: “പുരുഷസംഗമം കൂടാതെ ഇതെങ്ങനെ സംഭവിക്കും?” മാലാഖ പ്രതിവചിച്ചു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. അതുകൊണ്ടു നിന്നിൽ ജനിക്കുന്ന വിശുദ്ധശിശു ദൈവത്തിന്റെ പുത്രൻ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാർച്ചക്കാരിയായ എലിസബെത്ത് വാർധക്യത്തിൽ ഒരു പുത്രനെ ഗർഭംധരിച്ചിരിക്കുന്നു. വന്ധ്യ എന്നു പറഞ്ഞുവന്ന എലിസബെത്തിന് ഇത് ആറാം മാസമത്രേ. ദൈവത്തിന് അസാധ്യമായിട്ട് ഒന്നുംതന്നെ ഇല്ലല്ലോ.” അപ്പോൾ മറിയം: “ഇതാ ഞാൻ കർത്താവിന്റെ ദാസി; അങ്ങു പറഞ്ഞതുപോലെ എനിക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അതിനുശേഷം ദൂതൻ അവിടെനിന്നു പോയി. ആയിടയ്‍ക്കു മറിയം സഖറിയായുടെ വീട്ടിലേക്കു ബദ്ധപ്പെട്ടു ചെന്നു. യെഹൂദ്യയിലെ മലനാട്ടിലുള്ള ഒരു പട്ടണത്തിലായിരുന്നു ആ ഭവനം. മറിയം അവിടെയെത്തി എലിസബെത്തിനെ അഭിവാദനം ചെയ്തു. മറിയമിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബെത്തിന്റെ ഗർഭത്തിലുള്ള ശിശു ഇളകിത്തുള്ളി. എലിസബെത്തു പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ ഇപ്രകാരം ഉദ്ഘോഷിച്ചു: “സ്‍ത്രീകളിൽ നീ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതുതന്നെ. എന്റെ കർത്താവിന്റെ മാതാവ് എന്റെ ഭവനത്തിൽ വരുവാനുള്ള ബഹുമതിക്ക് എങ്ങനെ ഞാൻ യോഗ്യയായി! നിന്റെ അഭിവാദനസ്വരം എന്റെ കാതുകളിൽ പതിഞ്ഞപ്പോൾ എന്റെ ഗർഭത്തിലുള്ള ശിശു ആനന്ദംകൊണ്ട് ഇളകിത്തുള്ളി. ദൈവത്തിൽ നിന്നുള്ള അരുളപ്പാടു സംഭവിക്കുമെന്നു വിശ്വസിച്ചവൾ അനുഗൃഹീതതന്നെ.” ഇതു കേട്ടപ്പോൾ മറിയം ഇപ്രകാരം പാടി: “എന്റെ ഹൃദയം കർത്താവിനെ പ്രകീർത്തിക്കുന്നു; എന്റെ രക്ഷകനായ ദൈവത്തിൽ എന്റെ ആത്മാവ് ആനന്ദിക്കുന്നു. ഈ വിനീതദാസിയെ അവിടുന്നു തൃക്കൺപാർത്തിരിക്കുന്നു! ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. സർവശക്തനായ ദൈവം എനിക്കു വൻകാര്യം ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാകുന്നു. ദൈവത്തെ ഭയപ്പെടുന്നവരുടെമേൽ തലമുറതലമുറയായി അവിടുത്തെ കാരുണ്യം നിരന്തരം ചൊരിയുന്നു. അവിടുത്തെ കരബലം അവിടുന്നു പ്രകടമാക്കി അന്തരംഗത്തിൽ അഹങ്കരിച്ചിരുന്നവരെ അവിടുന്നു ചിതറിച്ചിരിക്കുന്നു. പ്രബലന്മാരെ അവരുടെ സിംഹാസനങ്ങളിൽനിന്നു നിഷ്കാസനം ചെയ്തു; വിനീതരെ ഉയർത്തിയിരിക്കുന്നു. വിശന്നു വലയുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു സംതൃപ്തരാക്കി ധനവാന്മാരെ വെറുംവയറോടെ പറഞ്ഞയച്ചു. അബ്രഹാമിനെയും അദ്ദേഹത്തിന്റെ സന്താനപരമ്പരകളെയും അനുഗ്രഹിക്കുമെന്നു പൂർവപിതാക്കന്മാരോടു ചെയ്ത വാഗ്ദാനപ്രകാരം ഇസ്രായേൽജനതയെ കരുണയോടെ കടാക്ഷിച്ചു.” മറിയം ഏകദേശം മൂന്നു മാസക്കാലം എലിസബെത്തിന്റെകൂടെ പാർത്തശേഷം സ്വഭവനത്തിലേക്കു തിരിച്ചുപോയി.

ലൂക്കൊസ് 1:26-56 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എലിസബെത്ത് ഗർഭിണിയായി ആറു മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു. അവിടെ ദാവീദിന്‍റെ പിന്തുടർച്ചക്കാരനായ യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്നു: ”കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. അവൾ ആ വാക്ക് കേട്ടു ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു. ദൂതൻ അവളോട്: ”മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചു. നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവനു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്‍റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവനു കൊടുക്കും അവൻ യാക്കോബിന്‍റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല” എന്നു പറഞ്ഞു. മറിയ ദൂതനോട്: ”ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും” എന്നു പറഞ്ഞു. അതിന് ദൂതൻ: ”പരിശുദ്ധാത്മാവ് നിന്‍റെമേൽ വരും; അത്യുന്നതന്‍റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്‍റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം. ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല” എന്നു ഉത്തരം പറഞ്ഞു. അതിന് മറിയ: ”ഇതാ, ഞാൻ കർത്താവിന്‍റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ” എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്നു, അവിടെ സെഖര്യാവിന്‍റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു. മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു, ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ”സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്‍റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്. എന്‍റെ കർത്താവിന്‍റെ മാതാവ് എന്‍റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി. നിന്‍റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്‍റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി. കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.” അപ്പോൾ മറിയ പറഞ്ഞത്: “എന്‍റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു. അവൻ തന്‍റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവന്‍റെ നാമം പരിശുദ്ധം ആകുന്നു. അവനെ ഭയപ്പെടുന്നവർക്ക് അവന്‍റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു. അവൻ തന്‍റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി വിനീതരെ ഉയർത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി, സമ്പന്നന്മാരെ വെറുതെ അയച്ചു. നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്‍റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു, തന്‍റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു.” മറിയ ഏകദേശം മൂന്നുമാസം എലിസബെത്തിനോട് കൂടെ താമസിച്ചിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി.

ലൂക്കൊസ് 1:26-56 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു. ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം. ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു, സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു. മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു. എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി. നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി. കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി. അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ. അവനെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു. തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാർത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.

ലൂക്കൊസ് 1:26-56 സമകാലിക മലയാളവിവർത്തനം (MCV)

എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ, ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു. ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു. എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം. അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും. അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു. അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം. ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു. “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി. ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു. അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു. മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ! എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ? നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി. കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!” ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു; എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും. സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം. അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും. തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു. അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു. വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും; അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.