ലൂക്കോസ് 16
16
തന്ത്രശാലിയായ കാര്യസ്ഥന്റെ സാദൃശ്യകഥ
1യേശു ശിഷ്യന്മാരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ധനികനായ ഒരു മനുഷ്യന്റെ സ്വത്ത് അയാളുടെ കാര്യസ്ഥൻ ധൂർത്തടിക്കുന്നതായി പരാതിയുണ്ടായി. 2ധനികൻ അയാളെ വിളിപ്പിച്ചിട്ട്, ‘ഞാൻ നിന്നെക്കുറിച്ച് ഈ കേൾക്കുന്നതെന്താണ്? നിന്റെ ഭരണം മതിയാക്കി കണക്ക് എന്നെ ഏൽപ്പിക്കുക, നീ ഇനി എന്റെ കാര്യസ്ഥനായി തുടരണ്ടാ’ എന്നു പറഞ്ഞു.
3“അപ്പോൾ കാര്യസ്ഥൻ ആത്മഗതമായി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ എന്താണു ചെയ്യുക? യജമാനൻ എന്നെ ജോലിയിൽനിന്ന് പിരിച്ചുവിടാൻപോകുന്നു. കിളയ്ക്കാൻ എനിക്കു ശക്തിയില്ല; ഞാൻ ഭിക്ഷ യാചിക്കാൻ ലജ്ജിക്കുന്നു. 4അതുകൊണ്ട്, യജമാനൻ എന്നെ കാര്യസ്ഥസ്ഥാനത്തുനിന്ന് നീക്കുമ്പോൾ, ഞാൻ എന്തു ചെയ്താൽ, ജനം അവരുടെ വീടുകളിൽ എന്നെ സ്വാഗതംചെയ്യും എന്നെനിക്കറിയാം.’
5“പിന്നെ അയാൾ യജമാനനിൽനിന്ന് വായ്പ വാങ്ങിയ ഓരോരുത്തരെ വിളിപ്പിച്ച് ആദ്യത്തെയാളോട്, ‘താങ്കൾ എന്റെ യജമാനനു തിരികെക്കൊടുക്കാനുള്ളത് എത്രയാണ്?’ എന്നു ചോദിച്ചു.
6“ ‘3,000 ലിറ്റർ#16:6 മൂ.ഭാ. നൂറുബത്ത് ഒലിവെണ്ണ,’ അയാൾ മറുപടി പറഞ്ഞു.
“കാര്യസ്ഥൻ അയാളോട്, ‘നിന്റെ കണക്കുപുസ്തകമെടുത്ത്, വേഗം ഇരുന്ന് അത് 1,500 ലിറ്റർ എന്നു തിരുത്തുക’ എന്നു പറഞ്ഞു.
7“രണ്ടാമത്തെയാളോട് കാര്യസ്ഥൻ, ‘താങ്കൾ എത്രയാണ് കൊടുക്കാനുള്ളത്?’ എന്നു ചോദിച്ചു.
“ ‘മുപ്പതു ടൺ#16:7 മൂ.ഭാ. നൂറുകോർ ഗോതമ്പ്,’ അയാൾ ഉത്തരം പറഞ്ഞു.
“ ‘നിന്റെ കണക്കുപുസ്തകമെടുത്ത് അത് ഇരുപത്തിനാല് ടൺ എന്നാക്കുക,’ എന്നു പറഞ്ഞു.
8“ആ നെറികെട്ട കാര്യസ്ഥന്റെ കൗശലത്തോടെയുള്ള കരുനീക്കത്തെ യജമാനൻ പ്രശംസിച്ചു. ഈ ലോകജനത തങ്ങളെപ്പോലെയുള്ളവരോട് ഇടപെടുന്ന കാര്യത്തിൽ ദൈവമക്കളെക്കാൾ സാമർഥ്യമുള്ളവരാണ്. 9ഞാൻ നിങ്ങളോടു പറയുന്നു, ലൗകികസമ്പത്തുകൊണ്ടു നിങ്ങൾ സ്നേഹിതരെ സമ്പാദിക്കുക; അങ്ങനെയായാൽ അവയെല്ലാം ഇല്ലാതാകുമ്പോൾ നിത്യഭവനത്തിലേക്ക് ആനന്ദത്തോടെ നിങ്ങൾ സ്വാഗതംചെയ്യപ്പെടും.
10“നിസ്സാരകാര്യങ്ങളിൽ വിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും വിശ്വസ്തരായിരിക്കും; നിസ്സാരകാര്യങ്ങളിൽ അവിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും അവിശ്വസ്തരായിരിക്കും. 11ലൗകികസമ്പത്തു കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ സ്വർഗത്തിലെ നിത്യസമ്പത്ത് ആരു നിങ്ങളെ ഭരമേൽപ്പിക്കും? 12നിങ്ങൾ മറ്റൊരാളിന്റെ വസ്തുവകകളുടെ കാര്യത്തിൽ വിശ്വസ്തരായില്ലെങ്കിൽ സ്വന്തമായതു#16:12 അതായത്, ശാശ്വതാവകാശമായി ലഭിക്കാനുള്ള സമ്പത്ത്. നിങ്ങൾക്ക് ആര് തരും?
13“രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.”
14ദ്രവ്യാഗ്രഹികളായ പരീശന്മാർ ഇതെല്ലാം കേട്ട് യേശുവിനെ പരിഹസിച്ചു. 15അദ്ദേഹം അവരോട്, “നിങ്ങൾ മനുഷ്യരുടെമുമ്പാകെ നിങ്ങളെത്തന്നെ നീതീകരിക്കുന്നവരാകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു. മനുഷ്യർ വിലമതിക്കുന്നത്, ദൈവദൃഷ്ടിയിൽ മ്ലേച്ഛമാണ്” എന്നു പറഞ്ഞു.
കൂടുതൽ ഉപദേശങ്ങൾ
16“ന്യായപ്രമാണപുസ്തകത്തിന്റെയും പ്രവാചകഗ്രന്ഥങ്ങളുടെയും സാംഗത്യം യോഹന്നാൻസ്നാപകൻവരെയായിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്യപ്പെടുകയാണ്. എല്ലാവരും അതിൽ പ്രവേശിക്കാൻ അത്യുത്സാഹത്തോടെയിരിക്കുന്നു. 17ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതാണ് എളുപ്പം.
18“സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹംചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.
ധനികനും ലാസറും
19“ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ എല്ലാ ദിവസവും ഊതവർണത്തിലും പട്ടിലും മറ്റുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുഖഭോഗങ്ങളിലും ആഡംബരത്തിലും ജീവിച്ചുപോന്നു. 20-21ദേഹം ആസകലം വ്രണങ്ങൾ നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു ദരിദ്രനെ ആ ധനികന്റെ പടിപ്പുരയ്ക്കൽ കിടത്തുമായിരുന്നു. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അവശിഷ്ടങ്ങൾകൊണ്ടു വിശപ്പടക്കാൻ അയാൾ വളരെ കൊതിച്ചിരുന്നു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുകയും ചെയ്യുമായിരുന്നു.
22“ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ അയാളെ അബ്രാഹാമിന്റെ അടുത്തേക്കു കൊണ്ടുപോയി. ധനികനും മരിച്ചു; അടക്കപ്പെട്ടു. 23പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു. 24അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’
25“എന്നാൽ അബ്രാഹാം പ്രതിവചിച്ചു: ‘കുഞ്ഞേ, നീ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, ലാസറിന്റെ ജീവിതമോ, ദുരിതപൂർണമായിരുന്നു എന്ന് ഓർക്കുക. എന്നാൽ, ഇപ്പോൾ ലാസർ ഇവിടെ ആശ്വാസമനുഭവിക്കുന്നു, നീയോ കഠിനവേദന അനുഭവിക്കുന്നു. 26തന്നെയുമല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ വലിയൊരു പിളർപ്പു വെച്ചിരിക്കുന്നു; ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമല്ല; അവിടെനിന്ന് ആർക്കും ഞങ്ങളുടെ അടുത്തേക്കു വരാനും സാധ്യമല്ല.’
27“അപ്പോൾ ധനികനായിരുന്ന മനുഷ്യൻ: ‘പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കണമേ എന്നു ഞാൻ യാചിക്കുന്നു. 28എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്, അവരും ഈ യാതനാസ്ഥലത്തു വരാതിരിക്കേണ്ടതിന് അയാൾ അവർക്കു മുന്നറിയിപ്പു നൽകട്ടെ.’
29“ ‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു.
30“ ‘അങ്ങനെയല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരാൾ അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും,’ അയാൾ പറഞ്ഞു.
31“അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’ ”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലൂക്കോസ് 16: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.