യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു. അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു. രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു. “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു. എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു. തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു. അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു. ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു. യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.” അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു. എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു. അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു. അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.
ലൂക്കോസ് 8 വായിക്കുക
കേൾക്കുക ലൂക്കോസ് 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കോസ് 8:40-56
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ