ലൂക്കൊസ് 8:40-56

ലൂക്കൊസ് 8:40-56 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവനായിട്ട് കാത്തിരിക്കയായിരുന്നു. അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളൊരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽ വീണു. അവന് ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതുകൊണ്ട് തന്റെ വീട്ടിൽ വരേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു. അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൗഖ്യം വരുത്തുവാൻ കഴിയാഞ്ഞവളുമായോരു സ്ത്രീ, പുറകിൽ അടുത്തു ചെന്ന് അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി. എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു. യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു. താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറച്ചുംകൊണ്ടു വന്ന് അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട” സംഗതിയും തൽക്ഷണം സൗഖ്യമായതും സകല ജനവും കേൾക്കെ അറിയിച്ചു. അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു. യേശു അതു കേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപെടും എന്ന് അവനോട് ഉത്തരം പറഞ്ഞു. വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല. എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്ന് അവൻ പറഞ്ഞു. അവരോ അവൾ മരിച്ചുപോയി എന്ന് അറികകൊണ്ട് അവനെ പരിഹസിച്ചു. എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്ന് അവളോട് ഉറക്കെ പറഞ്ഞു. അവളുടെ ആത്മാവ് മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു. അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുതെന്ന് അവൻ അവരോട് കല്പിച്ചു.

ലൂക്കൊസ് 8:40-56 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു തിരിച്ചുവന്നപ്പോൾ ജനങ്ങൾ ആഹ്ലാദപൂർവം അവിടുത്തെ വരവേറ്റു. അവരെല്ലാവരും യേശുവിനെ കാത്തിരിക്കുകയായിരുന്നു. ആ സമയത്ത് അവിടത്തെ സുനഗോഗിന്റെ മേധാവികളിലൊരാളായ യായിറോസ് വന്ന് യേശുവിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു തന്റെ ഭവനത്തിലേക്ക് ചെല്ലണമെന്നു കേണപേക്ഷിച്ചു. അയാൾക്ക് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടു വയസ്സു പ്രായമുള്ള ആ പെൺകുട്ടി ആസന്നമരണയായി കിടക്കുകയായിരുന്നു. യേശു പോകുമ്പോൾ ജനങ്ങൾ തന്റെ ചുറ്റും തിങ്ങിക്കൂടി. തനിക്കുള്ള സർവസ്വവും വൈദ്യന്മാർക്കു കൊടുത്തിട്ടും പന്ത്രണ്ടു വർഷമായി ആരെക്കൊണ്ടും സുഖപ്പെടുത്തുവാൻ കഴിയാതിരുന്ന രക്തസ്രാവരോഗം പിടിപെട്ട ഒരു സ്‍ത്രീ ഈ സമയത്തു യേശുവിന്റെ പിന്നിലെത്തി അവിടുത്തെ വസ്ത്രാഗ്രത്തിൽ തൊട്ടു. പെട്ടെന്ന് അവളുടെ രക്തസ്രാവം നിലച്ചു. ഉടനെ യേശു ചോദിച്ചു: “ആരാണ് എന്നെ തൊട്ടത്?” എല്ലാവരും “ഞാനല്ല” “ഞാനല്ല” എന്നു നിഷേധിച്ചപ്പോൾ പത്രോസ് ചോദിച്ചു: “ഗുരോ, ജനങ്ങൾ അങ്ങയെ തിക്കി ഞെരുക്കിക്കൊണ്ടിരിക്കുകയല്ലേ?” അപ്പോൾ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു; എന്നിൽനിന്നു ശക്തി പുറപ്പെട്ടത് ഞാനറിഞ്ഞു.” തനിക്ക് ഒളിക്കുവാൻ സാധ്യമല്ലെന്നു കണ്ടപ്പോൾ ആ സ്‍ത്രീ വിറച്ചുകൊണ്ട് യേശുവിന്റെ മുമ്പിൽ സാഷ്ടാംഗം വീണ് അവിടുത്തെ സ്പർശിച്ചതിന്റെ കാരണവും, ഉടനെ സുഖംപ്രാപിച്ച വിവരവും പരസ്യമായി പ്രസ്താവിച്ചു. യേശു ആ സ്‍ത്രീയോട്: “മകളേ, നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക” എന്ന് അരുൾചെയ്തു. ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ സുനഗോഗിന്റെ മേധാവിയുടെ വീട്ടിൽനിന്ന് ഒരാൾ വന്ന് “അങ്ങയുടെ പുത്രി മരിച്ചുപോയി; ഗുരുവിനെ ഇനി ബുദ്ധിമുട്ടിക്കേണ്ടതില്ല” എന്നു പറഞ്ഞു. അതു കേട്ടപ്പോൾ യേശു പറഞ്ഞു: “ഭയപ്പെടേണ്ടാ; വിശ്വസിക്കുക മാത്രം ചെയ്യുക; അവൾ സുഖം പ്രാപിക്കും.” വീട്ടിലെത്തിയപ്പോൾ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും ആ കുട്ടിയുടെ മാതാപിതാക്കളെയുമല്ലാതെ മറ്റാരെയും തന്നോടൊപ്പം അകത്തു കടക്കുവാൻ യേശു അനുവദിച്ചില്ല. എല്ലാവരും ആ പെൺകുട്ടിയെച്ചൊല്ലി കരയുകയും വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. യേശു അവരോട്: “ആരും കരയേണ്ടാ; അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. അവൾ മരിച്ചുപോയി എന്ന് അറിയാമായിരുന്നതിനാൽ അവർ അവിടുത്തെ പരിഹസിച്ചു. എന്നാൽ അവിടുന്ന് ആ പെൺകുട്ടിയുടെ കൈക്കു പിടിച്ചുകൊണ്ട്: “മകളേ എഴുന്നേല്‌ക്കുക” എന്ന് ഉച്ചത്തിൽ ആജ്ഞാപിച്ചു. ഉടനെ കുട്ടിയുടെ പ്രാണൻ തിരിച്ചുവന്നു. അവൾ പെട്ടെന്ന് എഴുന്നേറ്റു. “അവൾക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക” എന്ന് യേശു പറഞ്ഞു. ആ പെൺകുട്ടിയുടെ മാതാപിതാക്കൾ ആനന്ദനിർവൃതിയടഞ്ഞു. എന്നാൽ ഈ സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് യേശു അവരോടു കല്പിച്ചു.

ലൂക്കൊസ് 8:40-56 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ സ്വീകരിച്ചു; അവർ എല്ലാവരും യേശുവിനായി കാത്തിരിക്കുകയായിരുന്നു. അപ്പോൾ പള്ളിപ്രമാണിയായ യായിറോസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്‍റെ കാല്ക്കൽ വീണു. അവനു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിക്കാറായതു കൊണ്ടു തന്‍റെ വീട്ടിൽ വരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ ഞെരുക്കിക്കൊണ്ടിരുന്നു. അന്നു പന്ത്രണ്ടു വർഷമായി രക്തസ്രവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾ തന്‍റെ പണം എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും ആർക്കും സൗഖ്യം വരുത്തുവാൻ സാധിച്ചിരുന്നില്ല അവൾ യേശുവിന്‍റെ പുറകിൽ അടുത്തുചെന്ന് അവന്‍റെ വസ്ത്രത്തിന്‍റെ അറ്റത്ത് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നു. എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ”ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു” എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു. യേശുവോ: ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞു എന്നു പറഞ്ഞു. താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറച്ചുംകൊണ്ടു വന്നു അവന്‍റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു. അവൻ അവളോട്: മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ഒരാൾ വന്നു: ”നിന്‍റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ” എന്നു പറഞ്ഞു. യേശു അതുകേട്ടപ്പോൾ: ഭയപ്പെടേണ്ടാ, വിശ്വസിച്ചാൽ മതി എന്നാൽ അവൾ രക്ഷപെടും എന്നു അവനോട് ഉത്തരം പറഞ്ഞു. വീട്ടിൽ എത്തിയപ്പോൾ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്ത് വരുവാൻ സമ്മതിച്ചില്ല. എല്ലാവരും അവളെ ഓർത്തു കരയുകയും, ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുമ്പോൾ: കരയണ്ട, അവൾ മരിച്ചില്ല, ഉറങ്ങുകയാണ് എന്നു അവൻ പറഞ്ഞു. അവരോ അവൾ മരിച്ചുപോയി എന്നു അറിയുന്നതുകൊണ്ട് അവനെ പരിഹസിച്ചു. എന്നാൽ യേശു അവളുടെ കൈയ്ക്ക് പിടിച്ച്; ബാലേ, എഴുന്നേല്ക്ക എന്നു അവളോട് ഉറക്കെ പറഞ്ഞു. അവളുടെ ആത്മാവ് തിരിച്ചുവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്ക് ഭക്ഷണം കൊടുക്കുവിൻ എന്നു അവൻ കല്പിച്ചു. അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുത് എന്നു അവൻ അവരോട് കല്പിച്ചു.

ലൂക്കൊസ് 8:40-56 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു. അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു. അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു. അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൗഖ്യം വരുത്തുവാൻ കഴിയാഞ്ഞുവളുമായോരു സ്ത്രീ പുറകിൽ അടുത്തുചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി. എന്നെ തൊട്ടതു ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു. യേശുവോ:ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു. താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൗഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു. അവൻ അവളോടു:മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു. യേശു അതുകേട്ടാറെ:ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു. വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല. എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ:കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവൻ പറഞ്ഞു. അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു. എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു;ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു. അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു. അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.

ലൂക്കൊസ് 8:40-56 സമകാലിക മലയാളവിവർത്തനം (MCV)

യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു. അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു. രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു. “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു. എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു. തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു. അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു. ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു. യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.” അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു. എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു. അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു. അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.