മത്തായി 16
16
അത്ഭുതചിഹ്നം ആവശ്യപ്പെടുന്നു
1പരീശന്മാരും സദൂക്യരും യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിന്, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.
2യേശു അവരോട്, “സൂര്യാസ്തമയസമയത്ത്, ആകാശം ചെമന്നിരുന്നാൽ ‘കാലാവസ്ഥ നല്ലതെന്നും’ 3സൂര്യോദയത്തിൽ, ആകാശം ചെമന്നും ഇരുണ്ടും ഇരുന്നാൽ ഇന്ന് ‘കൊടുങ്കാറ്റുണ്ടാകും എന്നും’ നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം; എന്നാൽ, ഈ കാലഘട്ടത്തിന്റെ ലക്ഷണങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് കഴിയുന്നതുമില്ല. 4ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം ആവശ്യപ്പെടുന്നു. എന്നാൽ, യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു. യേശു പിന്നെ അവരെ വിട്ട് അവിടെനിന്ന് പോയി.
പരീശന്മാരുടെയും സദൂക്യരുടെയും പുളിമാവ്
5അവർ തടാകത്തിന്റെ അക്കരയ്ക്ക് പോയപ്പോൾ, ശിഷ്യന്മാർ അപ്പം എടുക്കാൻ മറന്നുപോയി. 6യേശു അവരോട്, “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവ് സൂക്ഷിക്കുക” എന്നു പറഞ്ഞു.
7“നാം അപ്പം കൊണ്ടുവരാത്തതിനാലായിരിക്കാം അങ്ങനെ പറഞ്ഞത്,” എന്നു പറഞ്ഞ് അവർ പരസ്പരം ചർച്ചചെയ്തു.
8അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു ചോദിച്ചു, “അൽപ്പവിശ്വാസികളേ, അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ പരസ്പരം ചർച്ചചെയ്യുന്നതെന്ത്? 9നിങ്ങൾ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലേ? അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി വന്നത് എത്ര കുട്ട നിറയെ എന്നും 10ഏഴ് അപ്പംകൊണ്ട് നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി എത്ര കുട്ട നിറച്ചെടുത്തു എന്നതും നിങ്ങൾ ഓർക്കുന്നില്ലേ? 11എന്നാൽ ‘പരീശന്മാരുടെയും സദൂക്യരുടെയും പുളിപ്പുള്ള മാവ് സൂക്ഷിക്കുക’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് അപ്പത്തിന്റെ കാര്യത്തെക്കുറിച്ചല്ലെന്ന് നിങ്ങൾ മനസ്സിലാക്കാത്തതെന്ത്?” 12അപ്പോഴാണ്, ജാഗ്രത പുലർത്തണമെന്ന് യേശു പറഞ്ഞുകൊണ്ടിരുന്നത് അപ്പത്തിന് ഉപയോഗിക്കുന്ന പുളിപ്പിനെക്കുറിച്ചല്ല, പിന്നെയോ പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശത്തെ സംബന്ധിച്ചാണ് എന്നു ശിഷ്യന്മാർക്ക് മനസ്സിലായത്.
പത്രോസിന്റെ ഏറ്റുപറച്ചിൽ
13യേശു കൈസര്യ-ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ തന്റെ ശിഷ്യന്മാരോട്, “മനുഷ്യപുത്രൻ ആരാകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്നു ചോദിച്ചു.
14അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും യിരെമ്യാവോ മറ്റു പ്രവാചകന്മാരിൽ ഒരാളോ എന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു.
15“എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?”
16“അങ്ങ് ജീവനുള്ള ദൈവത്തിന്റെ പുത്രൻ, ക്രിസ്തു ആകുന്നു,” എന്ന് ശിമോൻ പത്രോസ് പ്രതിവചിച്ചു.
17യേശു അതിനു മറുപടി പറഞ്ഞത്, “യോനായുടെ#16:17 മൂ.ഭാ. ബർയോനാ മകൻ ശിമോനേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; മനുഷ്യരല്ല#16:17 മൂ.ഭാ. ജഡരക്തങ്ങളല്ല ഇത് നിനക്ക് വെളിപ്പെടുത്തിയത്, പിന്നെയോ എന്റെ സ്വർഗസ്ഥപിതാവാണ്. 18ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ്#16:18 പാറ എന്നർഥം. ആകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; നരകകവാടങ്ങൾ അതിനെ ജയിച്ചടക്കുക അസാധ്യം. 19സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരും; നീ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.” 20പിന്നെ, താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയരുത് എന്ന ആജ്ഞയും ശിഷ്യന്മാർക്ക് നൽകി.
യേശു തന്റെ മരണത്തെപ്പറ്റി മുൻകൂട്ടിപ്പറയുന്നു
21ആ സമയംമുതൽ യേശു, താൻ ജെറുശലേമിലേക്കു പോകേണ്ടതാണെന്നും സമുദായനേതാക്കന്മാർ,#16:21 അതായത്, യെഹൂദാമതത്തിലെ പ്രമുഖർ. പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരിൽനിന്ന് അനേക കഷ്ടം സഹിച്ച് വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നും ശിഷ്യന്മാർക്ക് വിശദീകരിച്ചുകൊടുക്കാൻ തുടങ്ങി.
22പത്രോസ് അദ്ദേഹത്തെ മാറ്റിനിർത്തി, “ഒരിക്കലും പാടില്ല കർത്താവേ; അങ്ങേക്ക് ഇങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞ് ശാസിച്ചുതുടങ്ങി.
23യേശു തിരിഞ്ഞ് പത്രോസിനോട്, “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ! നീ എനിക്ക് ഒരു പ്രതിബന്ധമാണ്. നീ ദൈവത്തിന്റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളാണ് ചിന്തിക്കുന്നത്” എന്നു പറഞ്ഞു.
24പിന്നെ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: “ഒരാൾ എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. 25സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും. 26ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം? അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും? 27മനുഷ്യപുത്രൻ തന്റെ പിതാവിന്റെ തേജസ്സോടെ അവിടത്തെ ദൂതരുമൊത്തു വരും. അപ്പോൾ അവിടന്ന് ഓരോ വ്യക്തിക്കും അവരവരുടെ പ്രവൃത്തിക്ക് അനുസൃതമായ പ്രതിഫലം കൊടുക്കും.
28“ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുന്നതിനുമുമ്പ് ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല, നിശ്ചയം.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
മത്തായി 16: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.