മീഖാ 6
6
ഇസ്രായേലിനു വിരോധമായി യഹോവയുടെ വ്യവഹാരം
1യഹോവ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക:
“നീ എഴുന്നേറ്റ് പർവതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക;
നീ പറയുന്നത് കുന്നുകൾ കേൾക്കട്ടെ.
2“പർവതങ്ങളേ, യഹോവയുടെ വ്യവഹാരം കേൾക്കുക;
ഭൂമിയുടെ ശാശ്വതമായ അടിസ്ഥാനങ്ങളേ, ശ്രദ്ധിക്കുക.
യഹോവയ്ക്കു തന്റെ ജനത്തിനുനേരേ ഒരു വ്യവഹാരമുണ്ട്;
അവിടന്ന് ഇസ്രായേലിന്റെനേരേ കുറ്റമാരോപിക്കുന്നു.
3“എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു?
ഞാൻ എങ്ങനെയെങ്കിലും നിങ്ങളെ ഭാരപ്പെടുത്തിയോ? എന്നോട് ഉത്തരം പറയൂ.
4ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു,
അടിമദേശത്തുനിന്നു നിങ്ങളെ വീണ്ടെടുത്തു.
നിങ്ങളെ നയിക്കാൻ ഞാൻ മോശയെയും
അഹരോനെയും മിര്യാമിനെയും അയച്ചു.
5എന്റെ ജനമേ, മോവാബുരാജാവായ
ബാലാക്കിന്റെ ആലോചന എന്തായിരുന്നു എന്നും
ബെയോരിന്റെ മകനായ ബിലെയാമിന്റെ മറുപടിയും ഓർക്കുക;
യഹോവയുടെ നീതിയുള്ള പ്രവൃത്തികൾ അറിയേണ്ടതിന്
ശിത്തീമിൽനിന്നു ഗിൽഗാൽവരെയുള്ള നിങ്ങളുടെ യാത്ര ഓർക്കുക.”
6യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്?
ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ വണങ്ങുമ്പോൾ,
ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ സന്നിധിയിൽ വരണമോ?
ഒരുവയസ്സു പ്രായമുള്ള കാളക്കിടാങ്ങളുമായി വരണമോ?
7ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ?
പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ?
എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും
എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ?
8മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു;
നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക
നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക.
ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?
ഇസ്രായേലിന്റെ കുറ്റവും ശിക്ഷയും
9ശ്രദ്ധിക്കുക! യഹോവ നഗരത്തെ വിളിക്കുന്നു.
അങ്ങയുടെ നാമത്തെ ഭയപ്പെടുന്നതുതന്നെ ജ്ഞാനം!
“വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുക.
10ദുഷ്ടഗൃഹമേ, നിങ്ങളുടെ അവിഹിതനിക്ഷേപങ്ങളെ ഞാൻ മറക്കുമോ?
അഭിശപ്തമായ നിങ്ങളുടെ കള്ള അളവുകളെ ഞാൻ മറന്നുകളയുമോ?
11കള്ളത്തുലാസും കള്ളപ്പടിയും ഉള്ള മനുഷ്യനെ
ഞാൻ കുറ്റവിമുക്തനാക്കുമോ?
12പട്ടണത്തിലെ ധനികർ അക്രമികൾ
അതിലെ ജനം വ്യാജംപറയുന്നവർ
അവരുടെ നാവുകൾ വഞ്ചന സംസാരിക്കുന്നു.
13അതുകൊണ്ട് ഞാൻ നിന്നെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു,
നിന്റെ പാപങ്ങൾനിമിത്തം ഞാൻ നിന്നെ ശൂന്യമാക്കും.
14നീ ഭക്ഷിക്കും, എന്നാൽ തൃപ്തിവരുകയില്ല;
അപ്പോഴും നിന്റെ വയറ് നിറയാതിരിക്കും.
നീ കൂട്ടിവെക്കും, എന്നാൽ ഒന്നും സമ്പാദിക്കുകയില്ല,
കാരണം, നീ കൂട്ടിവെക്കുന്നതിനെ ഞാൻ വാളിന് ഏൽപ്പിക്കും.
15നീ വിതയ്ക്കും, പക്ഷേ, കൊയ്യുകയില്ല;
നീ ഒലിവുചക്കിൽ ആട്ടും, എന്നാൽ എണ്ണ ഉപയോഗിക്കുകയില്ല,
മുന്തിരിങ്ങ ചവിട്ടും, പക്ഷേ, വീഞ്ഞു കുടിക്കുകയില്ല.
16നീ ഒമ്രിയുടെ ചട്ടങ്ങൾ അനുസരിച്ചിരിക്കുന്നു;
ആഹാബുഗൃഹത്തിന്റെ എല്ലാ ആചാരങ്ങളും ചെയ്തിരിക്കുന്നു.
നീ അവരുടെ പാരമ്പര്യങ്ങൾ അനുവർത്തിച്ചിരിക്കുന്നു.
അതുകൊണ്ട് ഞാൻ നിന്നെ നാശത്തിനും
നിന്റെ ജനത്തെ തകർച്ചയ്ക്കും ഏൽപ്പിക്കും;
നീ രാഷ്ട്രങ്ങളുടെ നിന്ദ വഹിക്കും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
മീഖാ 6: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.