സംഖ്യ 23
23
ബിലെയാമിന്റെ ആദ്യ അരുളപ്പാട്
1ബിലെയാം പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിത്, ഏഴു കാള, ഏഴ് ആട്ടുകൊറ്റൻ എന്നിവ എനിക്കായി ഒരുക്കുക.” 2ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു. ബാലാക്കും ബിലെയാമും ഓരോ കാള, ഓരോ ആട്ടുകൊറ്റൻ എന്നിവ ഓരോ യാഗപീഠത്തിന്മേലും അർപ്പിച്ചു.
3പിന്നെ ബിലെയാം ബാലാക്കിനോട്: “ഞാൻ അൽപ്പം വേറിട്ടു പോകുമ്പോൾ നീ ഇവിടെ നിന്റെ ഹോമയാഗത്തിനരികെ നിൽക്കുക. പക്ഷേ, യഹോവ എന്നെ സന്ദർശിച്ചേക്കും. അവിടന്ന് എന്ത് വെളിപ്പെടുത്തുന്നോ അതു ഞാൻ അറിയിക്കാം” എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ഒരു മൊട്ടക്കുന്നിലേക്കു കയറിപ്പോയി.
4ദൈവം അദ്ദേഹത്തെ സന്ദർശിച്ചു. ബിലെയാം പറഞ്ഞു: “ഞാൻ ഏഴു യാഗപീഠം ഒരുക്കി, ഓരോ യാഗപീഠത്തിന്മേലും ഓരോ കാള, ഓരോ ആട്ടുകൊറ്റൻ എന്നിവ അർപ്പിച്ചിരിക്കുന്നു.”
5യഹോവ ബിലെയാമിന്റെ നാവിൽ ഒരു ദൂത് നൽകി, “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഈ ദൂത് അവനു നൽകുക” എന്നു പറഞ്ഞു.
6അങ്ങനെ അദ്ദേഹം ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു. അദ്ദേഹം മോവാബ്യ പ്രഭുക്കന്മാരെല്ലാവരോടുംകൂടെ തന്റെ യാഗത്തിന്റെ അടുക്കൽ നിൽക്കുന്നതു കണ്ടു. 7അപ്പോൾ ബിലെയാം തന്റെ അരുളപ്പാട് അറിയിച്ചു:
“ബാലാക്ക് അരാമിൽനിന്ന് എന്നെ കൊണ്ടുവന്നു,
മോവാബ് രാജാവ് പൂർവഗിരികളിൽനിന്ന് എന്നെ വരുത്തി.
‘വരിക, എനിക്കുവേണ്ടി യാക്കോബിനെ ശപിക്കുക.
വരിക, ഇസ്രായേലിനെ ശപിക്കുക’
8ദൈവം ശപിക്കാത്തവരെ
ഞാൻ എങ്ങനെ ശപിക്കും?
യഹോവ ശകാരിക്കാത്തവരെ
ഞാൻ എങ്ങനെ ശകാരിക്കും?
9പാറക്കെട്ടുകളിൽനിന്ന് ഞാൻ അവരെ കാണുന്നു.
ഗിരികളിൽനിന്ന് ഞാൻ അവരെ ദർശിക്കുന്നു.
ഇതാ, വേറിട്ടു പാർക്കുന്നൊരു ജനം.
അവർ ഇതര ജനതകളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നില്ല.
10യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം?
ഇസ്രായേലിന്റെ കാൽഭാഗത്തെ ആർക്ക് എണ്ണാം?
നീതിമാന്മാർ മരിക്കുന്നതുപോലെ ഞാൻ മരിക്കട്ടെ.
എന്റെ അന്ത്യവും അവരുടേതുപോലെയാകട്ടെ!”
11ബാലാക്ക് ബിലെയാമിനോട്, “താങ്കൾ എന്നോടീ ചെയ്തത് എന്താണ്? എന്റെ ശത്രുക്കളെ ശപിക്കാൻ ഞാൻ താങ്കളെ കൂട്ടിക്കൊണ്ടുവന്നു, എന്നാൽ താങ്കൾ അവരെ അനുഗ്രഹിക്കുകമാത്രമാണു ചെയ്തത്!” എന്നു പറഞ്ഞു.
12അതിനു ബിലെയാം, “യഹോവ എന്റെ നാവിൽ തന്നതു ഞാൻ പറയേണ്ടതല്ലേ?” എന്നു മറുപടി പറഞ്ഞു.
ബിലെയാമിന്റെ രണ്ടാം അരുളപ്പാട്
13പിന്നെ ബാലാക്ക് അദ്ദേഹത്തോട്, “താങ്കൾക്ക് അവരെ കാണാവുന്ന മറ്റൊരു സ്ഥലത്തേക്ക് എന്നോടൊപ്പം വരിക; അവരിൽ ഒരു ഭാഗത്തെമാത്രം അല്ലാതെ എല്ലാവരെയും താങ്കൾക്കു കാണാൻ കഴിയുകയില്ല. അവിടെനിന്ന് അവരെ എനിക്കുവേണ്ടി ശപിക്കുക” എന്നു പറഞ്ഞു. 14അങ്ങനെ ബാലാക്ക് ബിലെയാമിനെ പിസ്ഗാമലയുടെ മുകളിലുള്ള സോഫീം വയലിലേക്കു കൊണ്ടുപോയി. അവിടെ അയാൾ ഏഴു യാഗപീഠങ്ങൾ നിർമിച്ച് ഓരോ പീഠത്തിന്മേലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും അർപ്പിച്ചു.
15ബിലെയാം ബാലാക്കിനോട്: “താങ്കളുടെ ഹോമയാഗത്തിനരികെ നിൽക്കുക. ഞാൻ അവിടെ യഹോവയെ കാണട്ടെ.”
16യഹോവ ബിലെയാമിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ നാവിൽ ഒരു സന്ദേശം കൊടുത്തിട്ട്, “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഈ ദൂത് അവനു നൽകുക” എന്നു പറഞ്ഞു.
17അങ്ങനെ ബിലെയാം അയാളുടെ അടുക്കൽ മടങ്ങിച്ചെന്നു; മോവാബ്യപ്രഭുക്കന്മാർ എല്ലാവരോടുംകൂടെ അയാൾ തന്റെ യാഗത്തിന്റെ അടുക്കൽ നിൽക്കുന്നതു കണ്ടു. ബാലാക്ക് അദ്ദേഹത്തോട്, “യഹോവയുടെ അരുളപ്പാടെന്ത്?” എന്നു ചോദിച്ചു.
18അപ്പോൾ അദ്ദേഹം അറിയിച്ച അരുളപ്പാട് ഇപ്രകാരമായിരുന്നു:
“ബാലാക്കേ, എഴുന്നേറ്റു കേൾക്കുക, ശ്രദ്ധിച്ചുകേൾക്കുക;
സിപ്പോരിന്റെ പുത്രാ, എനിക്കു ചെവിതരിക.
19വ്യാജം പറയാൻ ദൈവം മനുഷ്യനല്ല,
തന്റെ മനം മാറ്റാൻ മനുഷ്യപുത്രനുമല്ല.
അരുളിച്ചെയ്തിട്ട് അവിടന്നു പ്രവർത്തിക്കാതിരിക്കുമോ?
വാക്കു പറഞ്ഞിട്ട് നിറവേറ്റാതിരിക്കുമോ?
20അനുഗ്രഹിക്കാനുള്ളൊരു കൽപ്പന എനിക്കു ലഭിച്ചിരിക്കുന്നു.
അവിടന്ന് അനുഗ്രഹിച്ചിരിക്കുന്നു, എനിക്കതു മാറ്റിക്കൂടാ.
21“അത്യാഹിതം യാക്കോബിൽ കാണാനില്ല.
ദുരിതം ഇസ്രായേലിൽ ദർശിക്കാനുമില്ല.
യഹോവയായ അവരുടെ ദൈവം അവരോടുകൂടെയുണ്ട്.
രാജാവിന്റെ ഗർജനം അവരുടെ മധ്യേയുണ്ട്.
22ഈജിപ്റ്റിൽനിന്ന് ദൈവം അവരെ കൊണ്ടുവന്നു;
ഒരു കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്.
23യാക്കോബിനെതിരേ ആഭിചാരം ഫലിക്കുകയില്ല,
ഇസ്രായേലിനെതിരായി ലക്ഷണവിദ്യയുമില്ല.
യാക്കോബിനെയും ഇസ്രായേലിനെയുംപറ്റി,
ഇപ്പോൾ ‘ദൈവം ചെയ്തതെന്തെന്നു കാണുക!’ എന്നു പറയപ്പെടും.
24ആ ജനം സിംഹിയെപ്പോലെ ഉണരുന്നു;
അവർ സിംഹത്തെപ്പോലെ എഴുന്നേൽക്കുന്നു.
അവർ തന്റെ ഇരയെ വിഴുങ്ങുകയും
ആ കൊലയാളികളുടെ രക്തം കുടിക്കുകയുംചെയ്യുന്നതുവരെ വിശ്രമിക്കുകയില്ല.”
25അപ്പോൾ ബാലാക്ക് ബിലെയാമിനോട്: “അവരെ ശപിക്കുകയും വേണ്ട, അനുഗ്രഹിക്കുകയും വേണ്ട!” എന്നു പറഞ്ഞു.
26ബിലെയാം മറുപടിയായി, “യഹോവ എന്തു കൽപ്പിച്ചാലും ഞാൻ അതു ചെയ്യും എന്നു ഞാൻ താങ്കളോടു പറഞ്ഞില്ലേ?” എന്നു പറഞ്ഞു.
ബിലെയാമിന്റെ മൂന്നാം അരുളപ്പാട്
27ഇതിനുശേഷം ബാലാക്ക് ബിലെയാമിനോട്, “വരിക, ഞാൻ താങ്കളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാം. ഒരുപക്ഷേ അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കേണ്ടതിനു നിന്നെ അനുവദിക്കാൻ ദൈവത്തിനു പ്രസാദമായേക്കും” എന്നു പറഞ്ഞു. 28അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരേയുള്ള പെയോർമലയുടെ മുകളിലേക്കു കൊണ്ടുപോയി.
29ബിലെയാം പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിത് ഏഴു കാളകളെയും ഏഴ് ആട്ടുകൊറ്റനെയും എനിക്കായി ഒരുക്കുക.” 30ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു. ഓരോ യാഗപീഠത്തിന്മേലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും അർപ്പിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സംഖ്യ 23: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.