സംഖ്യ 36
36
സെലോഫഹാദിന്റെ പുത്രിമാർക്കുള്ള ഓഹരി
1യോസേഫിന്റെ പിൻഗാമികളുടെ കുടുംബങ്ങളിൽനിന്ന് മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പുത്രനായ ഗിലെയാദിന്റെ മക്കളുടെ പിതൃഭവനത്തലവന്മാർ മോശയുടെയും ഇസ്രായേല്യപിതൃഭവനത്തലവന്മാരായ പ്രഭുക്കന്മാരുടെയും മുമ്പാകെവന്ന് അവരോടു സംസാരിച്ചു. 2അവർ പറഞ്ഞു: “ദേശം ഇസ്രായേല്യർക്കു നറുക്കിട്ട് അവകാശമായി കൊടുക്കാൻ യഹോവ യജമാനനോട് കൽപ്പിച്ചപ്പോൾ, ഞങ്ങളുടെ സഹോദരൻ സെലോഫഹാദിന്റെ ഓഹരി അയാളുടെ പുത്രിമാർക്കു നൽകാൻ അവിടന്ന് താങ്കളോട് കൽപ്പിച്ചിരുന്നല്ലോ. 3എന്നാൽ മറ്റ് ഇസ്രായേല്യഗോത്രങ്ങളിൽനിന്നുള്ള പുരുഷന്മാരിൽ ആരെയെങ്കിലും അവർ വിവാഹംകഴിക്കുന്നു എന്നിരിക്കട്ടെ; അപ്പോൾ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്ന് നീങ്ങുകയും അവർ വിവാഹംചെയ്യപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടിച്ചേരുകയും ചെയ്യും. അങ്ങനെ ഞങ്ങൾക്ക് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരി നഷ്ടപ്പെടും. 4ഇസ്രായേല്യരുടെ അൻപതാംവാർഷികോത്സവത്തിൽ അവരുടെ ഓഹരി അവരെ വിവാഹംചെയ്തയച്ച ഗോത്രത്തിന്റെ അവകാശത്തോടു ചേരുകയും അവരുടെ ഓഹരി ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് എടുക്കപ്പെടുകയും ചെയ്യുമല്ലോ.”
5അപ്പോൾ യഹോവയുടെ കൽപ്പനപ്രകാരം മോശ ഈ ഉത്തരവ് ഇസ്രായേല്യർക്കു നൽകി: “യോസേഫിന്റെ പിൻഗാമികളുടെ ഗോത്രം പറയുന്നത് ശരിതന്നെ. 6സെലോഫഹാദിന്റെ പുത്രിമാർക്കുവേണ്ടി യഹോവ കൽപ്പിക്കുന്നത് ഇതാണ്: അവർക്ക് ഇഷ്ടമുള്ള ഏതൊരുവനെയും വിവാഹംചെയ്യാം. പക്ഷേ, അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിനുള്ളിൽനിന്നുള്ളവരെ ആയിരിക്കണമെന്നുമാത്രം. 7ഇസ്രായേലിലെ അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ. തങ്ങളുടെ പൈതൃകസ്വത്തായി സിദ്ധിച്ച ഗോത്രഭൂമി സകല ഇസ്രായേലും കാത്തുസൂക്ഷിക്കണം. 8ഇസ്രായേൽ ഗോത്രങ്ങളിലെല്ലാംതന്നെ പെൺമക്കൾക്ക് പിതൃസ്വത്തിൽ ഓഹരി ലഭിക്കേണ്ടതിന് അവൾ പിതാവിന്റെ ഗോത്രത്തിൽത്തന്നെയുള്ള ഒരുവനെയായിരിക്കണം വിവാഹംകഴിക്കേണ്ടത്. 9അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ, കാരണം ഓരോ ഇസ്രായേല്യഗോത്രവും അവർ അവകാശമാക്കുന്ന ഭൂമി കാത്തുസൂക്ഷിക്കണം.”
10അങ്ങനെ സെലോഫഹാദിന്റെ പുത്രിമാർ യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു. 11സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ പിതാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെ വിവാഹംചെയ്തു. 12യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പിൻഗാമികളുടെ കുലങ്ങൾക്കുള്ളിൽത്തന്നെ അവർ വിവാഹിതരായി. അങ്ങനെ അവരുടെ ഓഹരി അവരുടെ പിതാവിന്റെ കുടുംബത്തിലും ഗോത്രത്തിലും നിലനിന്നു.
13യെരീഹോവിനെതിരേ യോർദാൻനദിക്കരികിലുള്ള മോവാബുസമതലത്തിൽവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു നൽകിയ കൽപ്പനകളും ചട്ടങ്ങളും ഇവതന്നെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സംഖ്യ 36: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.