സദൃശവാക്യങ്ങൾ 1

1
സുഭാഷിതങ്ങൾക്കൊരു ആമുഖം
1ദാവീദിന്റെ പുത്രനും ഇസ്രായേൽരാജാവുമായ ശലോമോന്റെ സുഭാഷിതങ്ങൾ:
2മനുഷ്യർക്കു ജ്ഞാനവും ശിക്ഷണവും നേടുന്നതിനും
വിവേകവചനങ്ങൾ ഗ്രഹിക്കുന്നതിനും;
3പരിജ്ഞാനത്തോടെയുള്ള പെരുമാറ്റം, നീതി, ന്യായം, ഔചിത്യം
എന്നിവയ്ക്കുള്ള പ്രബോധനം ലഭിക്കാനും;
4ലളിതമാനസർക്കു#1:4 സദൃശവാക്യങ്ങളിൽ ലളിതമാനസർ, എന്ന വാക്കിന്റെ എബ്രായപദത്തിന്, ധാർമികബോധമില്ലാതെ, ദുഷ്ടതയിലേക്കു തിരിഞ്ഞവർ എന്ന അർഥം പൊതുവേ നൽകപ്പെടുന്നു. കാര്യപ്രാപ്തിയും,
യുവാക്കൾക്കു പരിജ്ഞാനവും വകതിരിവും പ്രദാനംചെയ്യുന്നതിനും—
5ഈ സുഭാഷിതങ്ങൾ കേട്ട് ജ്ഞാനി തന്റെ അറിവ് വർധിപ്പിക്കുന്നതിനും
വിവേകികൾ മാർഗദർശനം നേടുന്നതിനും—
6സുഭാഷിതങ്ങളും സാദൃശ്യകഥകളും
സൂക്തങ്ങളും കടങ്കഥകളും ഗ്രഹിക്കുന്നതിനും
ഇവ പ്രയോജനപ്രദമാകും.
7യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു
എന്നാൽ ഭോഷർ#1:7 സദൃശവാക്യങ്ങളിലും വിവിധ പഴയനിയമഭാഗങ്ങളിലും, ഭോഷൻ എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദങ്ങൾ ധാർമികമായി അധഃപതിച്ചവരെ സൂചിപ്പിക്കുന്നു. ജ്ഞാനവും ശിക്ഷണവും നിരാകരിക്കുന്നു.
ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം
പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മുന്നറിയിപ്പ്
8എന്റെ കുഞ്ഞേ,#1:8 മൂ.ഭാ. എന്റെ മകനേ; വാ. 10,15 കാണുക. നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും
നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്.
9അവ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടവും
നിന്റെ കഴുത്തിൽ ഒരു അലങ്കാരഹാരവും ആയിരിക്കും.
10എന്റെ കുഞ്ഞേ, പാപികൾ നിന്നെ വശീകരിച്ചാൽ,
അവർക്കു വിധേയപ്പെട്ടുപോകരുത്.
11അവർ ഇപ്രകാരം പറഞ്ഞേക്കാം: “ഞങ്ങളോടൊപ്പം വരൂ;
നമുക്കു രക്തത്തിനായി#1:11 രക്തത്തിനായി, വിവക്ഷിക്കുന്നത് കൊല്ലുന്നതിനായി. പതിയിരിക്കാം,
ഒരു വിനോദത്തിനായി, നിരുപദ്രവകാരിക്കെതിരേ കരുക്കൾനീക്കാം;
12പാതാളമെന്നപോലെ നമുക്കവരെ ജീവനോടെ വിഴുങ്ങാം,
ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെ നമുക്കവരെ മുഴുവനായി വിഴുങ്ങിക്കളയാം;
13വിവിധതരം അമൂല്യവസ്തുക്കൾ നമുക്കു പിടിച്ചെടുക്കാം
നമ്മുടെ വീടുകൾ കൊള്ളമുതൽകൊണ്ടു നിറയ്ക്കാം;
14ഞങ്ങളോടൊപ്പം പങ്കുചേരൂ;
നമുക്കെല്ലാവർക്കും ഒരു പണസഞ്ചിയിൽനിന്നു പങ്കുപറ്റാം”—
15എന്റെ കുഞ്ഞേ, അവരോടൊപ്പം പോകരുതേ,
അവരുടെ പാതകളിൽ പാദം പതിയുകയുമരുതേ;
16കാരണം അവരുടെ പാദം തിന്മപ്രവൃത്തികളിലേക്ക് ദ്രുതഗമനംചെയ്യുന്നു,
രക്തം ചിന്തുന്നതിന് അവർ തിടുക്കംകൂട്ടുന്നു.
17പക്ഷികൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ
വല വിരിക്കുന്നത് എത്ര നിരർഥകം!
18എന്നാൽ ഈ മനുഷ്യർ സ്വരക്തത്തിനായിത്തന്നെ പതിയിരിക്കുന്നു;
അവർ സ്വന്തം ജീവനായിത്തന്നെ വല വിരിക്കുന്നു!
19അതിക്രമങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നവരുടെയെല്ലാം ഗതി ഇപ്രകാരംതന്നെയാണ്;
കൈവശമാക്കുന്നവരുടെ ജീവനെത്തന്നെ അത് അപഹരിക്കുന്നു.
ജ്ഞാനം അവഗണിക്കരുത്
20തെരുവോരങ്ങളിൽനിന്നു ജ്ഞാനം ഉദ്ഘോഷിക്കുന്നു,
ചത്വരങ്ങളിൽനിന്ന് അവൾ ശബ്ദമുയർത്തുന്നു;
21ശബ്ദമുഖരിതമായ തെരുക്കോണിൽനിന്ന് അവൾ ഉറക്കെ വിളിച്ചുപറയുന്നു,
നഗരകവാടത്തിൽ അവൾ പ്രഭാഷണം നടത്തുന്നു:
22“ലളിതമാനസരേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ മൂഢതയിൽ അഭിരമിക്കും?
പരിഹാസികളേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ പരിഹാസത്തിൽ രസിക്കും?
ഭോഷരേ, എത്രനാൾ നിങ്ങൾ പരിജ്ഞാനത്തെ വെറുക്കും?
23എന്റെ ശാസനകേട്ട് അനുതപിക്കുക.
അപ്പോൾ എന്റെ ഹൃദയം ഞാൻ നിങ്ങളുമായി പങ്കുവെക്കും,
എന്റെ ഉപദേശങ്ങൾ ഞാൻ നിങ്ങളെ അറിയിക്കും.
24എന്നാൽ ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ വന്നില്ല;
സഹായവാഗ്ദാനവുമായി ഞാൻ നിങ്ങളെ സമീപിച്ചു; ആരും ഗൗനിച്ചതുമില്ല.
25എന്റെ ഉപദേശങ്ങളെല്ലാം നിങ്ങൾ നിരാകരിച്ചു;
എന്റെ ശാസന സ്വീകരിച്ചതുമില്ല.
26അതുകൊണ്ടു ഞാൻ നിങ്ങളുടെ ദുരന്തങ്ങളിൽ പുഞ്ചിരിക്കും;
അത്യാഹിതങ്ങൾ നിങ്ങളെ തകിടംമറിക്കുമ്പോൾ ഞാൻ പരിഹസിക്കും—
27അത്യാഹിതങ്ങൾ ഒരു കൊടുങ്കാറ്റുപോലെ നിങ്ങൾക്കുമേൽ ആഞ്ഞടിക്കുമ്പോൾ,
ദുരന്തങ്ങൾ ചുഴലിക്കാറ്റുപോലെ നിങ്ങളെ തൂത്തെറിയുമ്പോൾ,
ദുരിതവും വ്യഥയും നിങ്ങളെ കീഴടക്കുമ്പോൾത്തന്നെ.
28“അപ്പോൾ അവർ എന്നോട് കേണപേക്ഷിക്കും, എന്നാൽ ഞാൻ ഉത്തരം അരുളുകയില്ല;
അവർ ഉത്കണ്ഠയോടെ എന്നെ അന്വേഷിച്ചുനടക്കും, എങ്കിലും കണ്ടെത്തുകയില്ല,
29അവർ പരിജ്ഞാനത്തെ വെറുത്തു
യഹോവയെ ഭയപ്പെടുന്നത് തെരഞ്ഞെടുത്തതുമില്ല.
30അവർ എന്റെ ഉപദേശം തിരസ്കരിച്ച്
ശാസനയെ പുച്ഛിച്ചു,
31അതുകൊണ്ട് അവർ തങ്ങളുടെ കർമഫലം അനുഭവിക്കും
അവരുടെ ദുരുപായങ്ങളുടെ ഫലംകൊണ്ട് അവർക്കു ശ്വാസംമുട്ടും.
32ലളിതമാനസരുടെ അപഥസഞ്ചാരം അവരെ മരണത്തിലേക്കു തള്ളിയിടും,
ഭോഷരുടെ അലംഭാവം അവരെ നശിപ്പിക്കും;
33എന്നാൽ എന്റെ വാക്കു കേൾക്കുന്നവർ സുരക്ഷിതരായി ജീവിക്കും
അനർഥഭീതികൂടാതെ സ്വസ്ഥരായിരിക്കുകയും ചെയ്യും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സദൃശവാക്യങ്ങൾ 1: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക