സദൃശവാക്യങ്ങൾ 30
30
ആഗൂരിന്റെ സൂക്തങ്ങൾ
1യാക്കേയുടെ#30:1 മസ്സായിൽനിന്നുള്ള വ്യക്തിയാണ് യാക്കേ. പുത്രനായ ആഗൂരിന്റെ സൂക്തങ്ങൾ—ഒരു അരുളപ്പാട്.
ഈ മനുഷ്യൻ ഇഥീയേലിനോടു പ്രസ്താവിച്ചു:
“ഈഥിയേലിനോടും
ഉകാലിനോടുംതന്നെ.#30:1 എബ്രായഭാഷയിൽ, മറ്റൊരു രീതിയിലുള്ള വാക്കുകളുടെ വിഭജനം: ദൈവമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു, അതിജീവനം ദുഷ്കരമായിരിക്കുന്നു.
2ഞാൻ ഒരു മനുഷ്യനല്ല; നിശ്ചയമായും ഒരു അപരിഷ്കൃതൻതന്നെ
സാമാന്യബോധം എനിക്കില്ല.
3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല,
പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം നേടിയിട്ടുമില്ല.
4സ്വർഗത്തിലേക്കു കയറിപ്പോകുകയും ഇറങ്ങിവരികയും ചെയ്തിട്ടുള്ളത് ആരാണ്?
കാറ്റിനെ തന്റെ മുഷ്ടിക്കുള്ളിൽ പിടിച്ചുനിർത്തുന്നത് ആരാണ്?
ആഴിയെ തന്റെ പുറങ്കുപ്പായത്തിൽ പൊതിഞ്ഞെടുത്തിട്ടുള്ളത് ആരാണ്?
അഖിലാണ്ഡത്തിന്റെ അതിർത്തികളെല്ലാം ഉറപ്പിച്ചത് ആരാണ്?
അവിടത്തെ നാമമെന്ത്? അവിടത്തെ പുത്രന്റെ നാമമെന്ത്?
പറയൂ, നിനക്കറിയുമെങ്കിൽ!
5“ദൈവത്തിന്റെ സകലവചനവും കുറ്റമറ്റത്;
തന്നിൽ അഭയം തേടുന്നവർക്ക് അവിടന്ന് ഒരു പരിച.
6അവിടത്തെ വചനത്തോടു യാതൊന്നും കൂട്ടിച്ചേർക്കരുത്,
അങ്ങനെയായാൽ അവിടന്ന് നിന്നെ ശാസിക്കുകയും നീ ഒരു നുണയനാണെന്നു തെളിയുകയും ചെയ്യും.
7“യഹോവേ, രണ്ടു കാര്യം ഞാൻ അങ്ങയോടപേക്ഷിക്കുന്നു;
എന്റെ മരണത്തിനുമുമ്പേ അവ എനിക്കു ലഭ്യമാക്കണമേ.
8കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ;
എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ!
എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ.
9അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്,
‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ
അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി,
ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും.
10“തൊഴിലാളിയെക്കുറിച്ച് അവരുടെ തൊഴിലുടമയോട് പരദൂഷണം പറയരുത്,
അങ്ങനെചെയ്താൽ അയാൾ നിങ്ങളെ ശപിക്കുകയും നിങ്ങൾ കുറ്റക്കാരായി പരിഗണിക്കപ്പെടുകയും ചെയ്യും.
11“സ്വന്തം പിതാവിനെ ശപിക്കുകയും
മാതാവിനെ ആദരിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.
12സ്വന്തം വീക്ഷണത്തിൽ തങ്ങൾ നിർമലരെന്നു കരുതുന്നവരുണ്ട്
അവർ തങ്ങളുടെ മാലിന്യം ശുദ്ധീകരിക്കാത്തവരാണ്;
13ആ തലമുറയുടെ കണ്ണുകൾ ഗൗരവഭാവംകാട്ടുന്നു,
അവരുടെ കൺപോളകൾ ഗർവംകൊണ്ട് ഉയർന്നിരിക്കുന്നു;
14ആ തലമുറയുടെ പല്ലുകൾ വാളുകളും
അണപ്പല്ലുകൾ കത്തികളുമാണ്,
ഇത് ഭൂമിയിൽനിന്നു ദരിദ്രരെയും
മനുഷ്യകുലത്തിൽനിന്നു സഹായാർഹരെയും വിഴുങ്ങുന്നതിനാണ്.
15“കണ്ണട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്.
‘തരിക! തരിക!’ അവർ കരയുന്നു.
“ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്,
‘മതി!’ എന്നു പറയാത്ത നാലുകാര്യങ്ങളുണ്ട്:
16പാതാളം,
വന്ധ്യയായ ഗർഭപാത്രം,
വെള്ളംകുടിച്ച് ഒരിക്കലും തൃപ്തിവരാത്ത ഭൂമി,
‘മതി!’ എന്ന് ഒരിക്കലും പറയാത്ത അഗ്നിയുംതന്നെ.
17“പിതാവിനെ പരിഹസിക്കുകയും
മാതാവിനെ അനുസരിക്കാതെ പുച്ഛിക്കുകയും ചെയ്യുന്ന കണ്ണ്,
താഴ്വരയിലെ കാക്കകൾ കൊത്തിപ്പറിക്കുകയും
കഴുകന്മാർ ഭക്ഷിക്കുകയും ചെയ്യും.
18“എന്നെ അത്യധികം വിസ്മയിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്,
എനിക്കു മനസ്സിലാകാത്ത നാലുകാര്യങ്ങളുണ്ട്:
19ആകാശത്ത് കഴുകന്റെ വഴി,
പാറയിൽക്കൂടെയുള്ള സർപ്പത്തിന്റെ വഴി,
ആഴക്കടലിലൂടെയുള്ള കപ്പലിന്റെ സഞ്ചാരപഥം,
ഒരു പുരുഷൻ ഒരു യുവതിയോട് അടുക്കുന്നവിധം എന്നിവതന്നെ.
20“ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്:
അവൾ തിന്നുകയും#30:20 അഥവാ, ഒരു പുരുഷനെ വലയിലാക്കിയിട്ട് വായ് കഴുകുകയും ചെയ്തിട്ട്,
‘ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല’ എന്നു പറയുന്നു.
21“മൂന്നു കാര്യങ്ങളാൽ ഭൂമി വിറയ്ക്കുന്നു,
അതിനു സഹിച്ചുകൂടാത്ത നാലുകാര്യങ്ങളുണ്ട്:
22സേവകരിലൊരാൾ രാജാവാകുക,
സമൃദ്ധമായി ഭക്ഷണം ലഭിക്കുന്ന ഭോഷർ,
23നികൃഷ്ടയായ സ്ത്രീ വിവാഹിതയാകുന്നത്,
യജമാനത്തിയെ സ്ഥാനഭ്രഷ്ടയാക്കുന്ന ദാസി എന്നിവതന്നെ.
24“ഭൂമിയിലുള്ള നാലു കാര്യങ്ങൾ ചെറുതാണ്,
എന്നിട്ടും അവയ്ക്ക് അസാമാന്യ ബുദ്ധിയുണ്ട്:
25ശക്തിയൊട്ടും ഇല്ലാത്ത ജീവികളാണ് ഉറുമ്പുകൾ,
എന്നിരുന്നാലും അവ വേനൽക്കാലത്ത് തങ്ങൾക്കുള്ള ആഹാരം സംഭരിക്കുന്നു;
26അശക്തരായ ജീവികളാണ് കുഴിമുയൽ,
എന്നാലും കിഴുക്കാംതൂക്കായ പാറയിൽ അവ മാളമൊരുക്കുന്നു;
27വെട്ടുക്കിളികൾക്കു രാജാവില്ല,
എന്നിട്ടും അവ അണിയണിയായി മുന്നേറുന്നു;
28ഒരു പല്ലിയെ കൈകൊണ്ടു പിടിക്കാം,
എങ്കിലും അവ രാജകൊട്ടാരങ്ങളിൽ കാണപ്പെടുന്നു.
29“നടപ്പിൽ പ്രൗഢിയുള്ള മൂന്നു കൂട്ടരുണ്ട്,
നാലു കൂട്ടർ ഗാംഭീര്യത്തോടെ മുന്നേറുന്നു:
30യാതൊന്നിൽനിന്നും പിന്നാക്കംപോകാത്തവനായ വന്യമൃഗങ്ങളിൽ ശക്തനായ സിംഹം,
31അഹന്തയോടെ നടക്കുന്ന പൂങ്കോഴി,
കോലാട്ടുകൊറ്റൻ,
സൈന്യശക്തിയിൽ സുരക്ഷിതനായ രാജാവ്#30:31 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. എന്നിവർതന്നെ.
32“നിങ്ങൾ സ്വയം പുകഴ്ത്തി മടയത്തരം കാട്ടുകയോ
ദുരാലോചന പദ്ധതിയിടുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
നിങ്ങളുടെ വായ് പൊത്തിക്കൊൾക!
33പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകുന്നു,
മൂക്ക് പിടിച്ചുതിരിച്ചാൽ ചോരയൊഴുകുന്നു,
അതുപോലെ കോപം ഇളക്കിയാൽ സംഘട്ടനം ഉണ്ടാകുന്നു.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സദൃശവാക്യങ്ങൾ 30: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.