വെളിപ്പാട് 16
16
ദൈവക്രോധത്തിന്റെ ഏഴു കുംഭങ്ങൾ
1തുടർന്ന് ആ ഏഴു ദൂതന്മാരോട്, “നിങ്ങൾ പോയി ദൈവക്രോധത്തിന്റെ ഏഴു കുംഭങ്ങളും ഭൂമിയിലേക്ക് ഒഴിക്കുക” എന്നു ദൈവാലയത്തിൽനിന്ന് അത്യുച്ചത്തിൽ അരുളിച്ചെയ്യുന്ന ഒരു ശബ്ദം ഞാൻ കേട്ടു.
2അപ്പോൾ ഒന്നാമത്തെ ദൂതൻ പുറപ്പെട്ടു തന്റെ കുംഭം ഭൂമിയിൽ ഒഴിച്ചു. മൃഗത്തിന്റെ മുദ്രയുള്ളവരുടെയും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുടെയുംമേൽ ബീഭത്സവും ചീഞ്ഞുനാറുന്നതുമായ വ്രണങ്ങളുണ്ടായി.
3രണ്ടാമത്തെ ദൂതൻ തന്റെ കുംഭം സമുദ്രത്തിൽ ഒഴിച്ചു; സമുദ്രത്തിലെ ജലം ശവശരീരത്തിലെ#16:3 അതായത്, രക്തം കട്ടപിടിച്ച് ഇരുണ്ടനിറത്തിലായി. ഈജിപ്റ്റിലെ പത്തു ബാധകളിൽ ഒന്നുപോലെ. പുറ. 7:20,21 രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ സകലജീവജാലങ്ങളും ചത്തുപോയി.
4മൂന്നാമത്തെ ദൂതൻ തന്റെ കുംഭം നദികളിലും ജലസ്രോതസ്സുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു. ജലത്തിന്റെമേൽ അധികാരമുള്ള ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു:
5“ഭൂത, വർത്തമാന ഭേദമില്ലാത്ത പരിശുദ്ധനേ,
ഈ വിധം ന്യായംവിധിച്ചിരിക്കുകയാൽ അങ്ങ് നീതിമാൻതന്നെ!
6അങ്ങയുടെ വിശുദ്ധരുടെയും പ്രവാചകരുടെയും രക്തം ചൊരിഞ്ഞവർക്ക്,
രക്തം കുടിക്കാൻ കൊടുത്തത് അവർ അർഹിക്കുന്ന ശിക്ഷയല്ലോ!”
7ഇതിനു യാഗപീഠം പ്രതിവചിച്ചത് ഞാൻ കേട്ടു:
“സർവശക്തിയുള്ള ദൈവമായ കർത്താവേ,
അങ്ങയുടെ വിധികൾ സത്യവും നീതിയുള്ളവയുംതന്നെ, നിശ്ചയം!”
8നാലാമത്തെ ദൂതൻ തന്റെ കുംഭം സൂര്യനിൽ ഒഴിച്ചു. തീകൊണ്ടു മനുഷ്യരെ പൊള്ളലേൽപ്പിക്കാനുള്ള ശക്തി അതിനു ലഭിച്ചു. 9മനുഷ്യർ അത്യുഷ്ണത്താൽ പൊള്ളലേറ്റിട്ടും ഈ ബാധകളെ നിയന്ത്രിക്കാൻ അധികാരമുള്ള ദൈവത്തിന്റെ നാമം ദുഷിച്ചതല്ലാതെ, മാനസാന്തരപ്പെട്ടു മഹത്ത്വപ്പെടുത്താൻ മനസ്സുകാട്ടിയില്ല.
10അഞ്ചാമത്തെദൂതൻ തന്റെ കുംഭം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അവന്റെ രാജ്യം അന്ധകാരാവൃതമായി. മനുഷ്യർ അതിവേദനയാൽ തങ്ങളുടെ നാവു കടിച്ചു. 11വ്രണങ്ങൾനിമിത്തം കഠിനവേദന അനുഭവിച്ചിട്ടും സ്വർഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ, തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല.
12ആറാമത്തെ ദൂതൻ തന്റെ കുംഭം “യൂഫ്രട്ടീസ്” എന്ന മഹാനദിയിൽ ഒഴിച്ചു. പൂർവദേശത്തുനിന്നു വരുന്ന രാജാക്കന്മാർക്കു വഴിയൊരുക്കേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി. 13മഹാവ്യാളിയുടെയും മൃഗത്തിന്റെയും വ്യാജപ്രവാചകന്റെയും വായിൽനിന്ന് തവളയുടെ രൂപമുള്ള മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെട്ടുവരുന്നതു ഞാൻ കണ്ടു. 14അവ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനായി, ഭൂതലമെങ്ങുമുള്ള രാജാക്കന്മാരെ കൂട്ടിച്ചേർക്കാൻ, അവരുടെ അടുത്തേക്ക് അത്ഭുതചിഹ്നങ്ങൾ കാണിച്ചുകൊണ്ട് പുറപ്പെടുന്ന ദുഷ്ടാത്മാക്കളാണ്.
15“ഇതാ, ആരും പ്രതീക്ഷിക്കാത്ത സമയത്ത് കള്ളൻ വരുന്നതുപോലെ ഞാൻ വരുന്നു. തങ്ങളുടെ വസ്ത്രങ്ങൾ സംരക്ഷിച്ചുകൊണ്ട് എന്റെ വരവിനായി ജാഗ്രതയോടെ കാത്തിരിക്കുന്നവർ അനുഗൃഹീതർ. അങ്ങനെയെങ്കിൽ അവർ വിവസ്ത്രരായി ലജ്ജിക്കേണ്ടിവരികയില്ല.”
16ദുഷ്ടാത്മാക്കൾ ഭരണാധികാരികളെയും അവരുടെ സൈന്യത്തെയും എബ്രായഭാഷയിൽ ഹർമഗെദ്ദോൻ#16:16 മെഗിദ്ദോമല എന്നർഥം. പുരാതനകാലത്ത് അനേകയുദ്ധങ്ങൾ നടന്ന സ്ഥലം. ന്യായാ. 5:19; 2 രാജാ. 23:29,30 എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചുകൂട്ടിവരുത്തി.
17ഏഴാമത്തെ ദൂതൻ തന്റെ കുംഭം വായുമണ്ഡലത്തിൽ ഒഴിച്ചു. “പൂർത്തിയായി” എന്നു പറയുന്ന ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തിൽനിന്ന് പുറപ്പെട്ടു. 18അപ്പോൾ മിന്നലും ഇരമ്പലും ഇടിമുഴക്കവും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ഉണ്ടായതുമുതൽ അതുവരെ സംഭവിച്ചിട്ടില്ലാത്തവിധം ഭീമവും ശക്തവുമായ ഒരു ഭൂകമ്പം ഉണ്ടായി. 19മഹാനഗരം മൂന്നു ഭാഗങ്ങളായി പിളർന്നു. ജനതകളുടെ നഗരങ്ങൾ നിലംപൊത്തി. ദൈവം അവിടത്തെ “മഹാക്രോധം,” മദ്യം നിറഞ്ഞ ചഷകംപോലെ മഹതിയാംബാബേലിനെ കുടിപ്പിക്കാൻ ബാബേലിനെ ഓർത്തു. 20എല്ലാ ദ്വീപുകളും പലായനംചെയ്തു; പർവതങ്ങൾ അപ്രത്യക്ഷമായി. 21ഏകദേശം നാൽപ്പത്തിയഞ്ച് കിലോഗ്രാം#16:21 മൂ.ഭാ. ഏക. ഒരു താലന്ത് ഭാരമുള്ള വലിയ കല്ലുകൾ ആകാശത്തുനിന്നു മനുഷ്യരുടെമേൽ മഴയായി പതിച്ചു. കന്മഴയുടെ ബാധ അത്യന്തം ദുസ്സഹമായിരുന്നതിനാൽ മനുഷ്യർ ദൈവത്തെ നിന്ദിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
വെളിപ്പാട് 16: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.