വെളിപ്പാട് 6

6
മുദ്രകൾ
1കുഞ്ഞാട് ഏഴു മുദ്രയിൽ ഒന്നു തുറന്നു. അപ്പോൾ നാലു ജീവികളിൽ ഒന്ന് “വരിക!” എന്നു മേഘഗർജനംപോലെയുള്ള ശബ്ദത്തിൽ പറയുന്നതു ഞാൻ കേട്ടു. 2തുടർന്നു ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിരയെ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്. അവന് ഒരു കിരീടം നൽകപ്പെട്ടു. അയാൾ വിജയംകൊയ്യാൻ ഉത്സാഹിക്കുന്ന ജയവീരനെപ്പോലെ മുന്നോട്ട് കുതിച്ചു.
3കുഞ്ഞാട് രണ്ടാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. 4അപ്പോൾ ചെമപ്പുനിറമുള്ള തീജ്വാലയ്ക്കു സമമായ മറ്റൊരു കുതിര പുറപ്പെട്ടു. അതിന്മേലിരിക്കുന്നവന് ഒരു വലിയ വാളും നൽകപ്പെട്ടു. മനുഷ്യർ പരസ്പരം കൊല്ലുന്ന നിലയിൽ ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അവന് അധികാരവും ലഭിച്ചു.
5കുഞ്ഞാട് മൂന്നാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. ഉടനെതന്നെ ഒരു കറുത്ത കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു തുലാസുണ്ടായിരുന്നു. 6“ഒരു ദിവസത്തെ കൂലിക്ക്#6:6 മൂ.ഭാ. ഒരു ഡിനാറിയസ് ഒരു കിലോ#6:6 മൂ.ഭാ. ഏക. 1 ലി. ഗോതമ്പ്, ഒരു ദിവസത്തെ കൂലിക്ക് മൂന്നുകിലോ#6:6 മൂ.ഭാ. ഏക. 3 ലി. യവം;#6:6 ബാർലി അഥവാ, ബാർലരി എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത്,” എന്നു പറയുന്നോരു ശബ്ദം നാലു ജീവികളുടെയും മധ്യത്തിൽനിന്ന് ഞാൻ കേട്ടു.
7കുഞ്ഞാട് നാലാം മുദ്ര തുറന്നപ്പോൾ “വരിക” എന്നു നാലാമത്തെ ജീവി പറയുന്ന ശബ്ദം ഞാൻ കേട്ടു. 8അപ്പോൾത്തന്നെ ഇളംപച്ചനിറമുള്ള ഒരു കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവനു മരണം എന്ന് പേര്. പാതാളം അവനെ അനുഗമിച്ചു. വാൾ, ക്ഷാമം, വിവിധ ബാധകൾ, ഭൂമിയിലെ വന്യമൃഗങ്ങൾ എന്നിവയാൽ ഭൂമിയുടെ നാലിൽ ഒന്നിന്മേൽ സംഹാരം നടത്താൻ ഇവർക്ക് അധികാരം ലഭിച്ചു.
9കുഞ്ഞാട് അഞ്ചാംമുദ്ര തുറന്നപ്പോൾ, തങ്ങൾ ദൈവവചനത്തോടു നിലനിർത്തിയ വിശ്വസ്തസാക്ഷ്യം നിമിത്തം വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിനു കീഴിൽ കണ്ടു. 10അവർ ഉച്ചത്തിൽ, “പരിശുദ്ധനും സത്യവാനുമായ സർവോന്നതനാഥാ, എത്രവരെ അവിടന്നു ഭൂവാസികളെ ന്യായംവിധിക്കാതെയും ഞങ്ങളുടെ രക്തത്തിനു പ്രതികാരംചെയ്യാതെയും ഇരിക്കും?” എന്നു നിലവിളിച്ചു. 11ഉടനെ അവർക്ക് ഓരോരുത്തർക്കും പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം നൽകപ്പെടുകയും അവരെപ്പോലെതന്നെ വധിക്കപ്പെടാനുള്ള സഹഭൃത്യരായ സഹോദരങ്ങളുടെ സംഖ്യ പൂർത്തിയാകുന്നതുവരെ, അൽപ്പകാലംകൂടെ വിശ്രമിക്കണമെന്ന് അവർക്കു മറുപടി നൽകപ്പെടുകയും ചെയ്തു.
12കുഞ്ഞാട് ആറാംമുദ്ര തുറന്നപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ കറുകറാകറുത്ത ആട്ടിൻരോമംകൊണ്ടു നിർമിച്ച വസ്ത്രംപോലെ കറുത്തതായിത്തീർന്നു. ചന്ദ്രൻ പൂർണമായും രക്തവർണമായിത്തീർന്നു. 13കൊടുങ്കാറ്റിനാൽ ഉലയുന്ന അത്തിവൃക്ഷത്തിൽനിന്ന്, ഇളംകായ്കൾ ഉതിർന്നുവീഴുംപോലെ ആകാശത്തിൽനിന്ന് ഉൽക്കകൾ#6:13 മൂ.ഭാ. നക്ഷത്രങ്ങൾ ഭൂമിയിൽ നിപതിച്ചു. 14ആകാശം പുസ്തകച്ചുരുൾപോലെ ചുരുട്ടിമാറ്റപ്പെട്ടു; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി.
15അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രഭുക്കന്മാരും സൈന്യാധിപന്മാരും സമ്പന്നരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകൾക്കിടയിലും പോയി ഒളിച്ചു. 16അവർ മലകളോടും പാറകളോടും: “ഞങ്ങളുടെമേൽ വീണ് സിംഹാസനസ്ഥന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുക;#6:16 ഹോശ. 10:8 കാണുക. 17അവരുടെ ക്രോധത്തിന്റെ മഹാദിവസം വന്നിരിക്കുന്നു. അതിനെതിരേ നിൽക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

വെളിപ്പാട് 6: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക