സെഖര്യാവ് 1
1
യഹോവയിലേക്കു മടങ്ങിവരുന്നതിനുള്ള ആഹ്വാനം
1ദാര്യാവേശിന്റെ രണ്ടാംവർഷം എട്ടാംമാസത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി:
2“യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യധികം കോപിച്ചിരുന്നു. 3അതിനാൽ ജനത്തോടു പറയുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ അടുക്കൽ മടങ്ങിവരിക, എങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും,’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 4സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്‌പ്രവൃത്തികളെയും വിട്ടുതിരിയുക, എന്നാൽ അവർ ശ്രദ്ധിക്കുകയോ എനിക്കു ചെവിതരുകയോ ചെയ്തിട്ടില്ല,’ എന്നു പൂർവകാല പ്രവാചകന്മാർ നിങ്ങളുടെ പിതാക്കന്മാരോട് സംസാരിച്ചല്ലോ, നിങ്ങൾ അവരെപ്പോലെ ആകരുത്, എന്ന് യഹോവ അരുളിച്ചെയ്യുന്നു. 5നിങ്ങളുടെ പിതാക്കന്മാർ ഇപ്പോൾ എവിടെ? പ്രവാചകന്മാർ, അവർ എന്നേക്കും ജീവിച്ചിരിക്കുമോ? 6എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോട് കൽപ്പിച്ച എന്റെ വചനങ്ങളും ഉത്തരവുകളും നിങ്ങളുടെ പിതാക്കന്മാരുടെ കാലശേഷവും നിലനിന്നില്ലയോ?
“അപ്പോൾ അവർ അനുതപിച്ചു: ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അർഹിക്കുന്നതുതന്നെ സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്തിരിക്കുന്നു; അവിടന്ന് ചെയ്യാൻ തീരുമാനിച്ചതുപോലെതന്നെ’ എന്നു പറഞ്ഞു.”
കൊഴുന്തുമരങ്ങളുടെ ഇടയിലെ പുരുഷൻ
7സെബാത്തുമാസമായ പതിനൊന്നാംമാസത്തിന്റെ ഇരുപത്തിനാലാം തീയതി, ദാര്യാവേശിന്റെ രണ്ടാംവർഷത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി.
8രാത്രിയിൽ എനിക്കൊരു ദർശനമുണ്ടായി—എന്റെ മുന്നിൽ ചെമന്ന കുതിരപ്പുറത്ത് ഒരു പുരുഷൻ കയറിയിരിക്കുന്നത് കണ്ടു. അദ്ദേഹം ഒരു താഴ്വരയിൽ കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്നിൽ ചെമപ്പ്, തവിട്ട്, വെള്ള എന്നീ നിറങ്ങളിലുള്ള കുതിരകൾ ഉണ്ടായിരുന്നു.
9ഞാൻ ചോദിച്ചു: “യജമാനനേ, ഇവയെന്ത്?”
എന്നോടു സംസാരിക്കുന്ന ദൂതൻ പറഞ്ഞു: “അവ എന്താണെന്നു ഞാൻ നിന്നെ കാണിക്കാം.”
10കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിന്ന പുരുഷൻ വിശദീകരിച്ചു: “യഹോവ ഭൂമിയിലെങ്ങും പോകുന്നതിന് അയച്ചിട്ടുള്ളവരാണ് അവർ.”
11കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിൽക്കുന്ന യഹോവയുടെ ദൂതനോട് അവർ വസ്തുത അറിയിച്ചു: “ഞങ്ങൾ ലോകമെങ്ങും സഞ്ചരിച്ചു. ലോകംമുഴുവനും സ്വസ്ഥമായും സമാധാനമായും ഇരിക്കുന്നതു കണ്ടു.”
12അപ്പോൾ യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യങ്ങളുടെ യഹോവേ, കഴിഞ്ഞ എഴുപതു വർഷങ്ങൾ അങ്ങ് കോപിച്ചിരിക്കുന്ന ജെറുശലേമിനോടും യെഹൂദാനഗരങ്ങളോടും കരുണകാണിക്കാൻ ഇനിയും താമസിക്കുമോ?” 13എന്നോടു സംസാരിച്ച ദൂതനോട് യഹോവ ദയയോടും ആശ്വാസവാക്കുകളോടും സംസാരിച്ചു.
14അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ പറഞ്ഞു, “ഈ വചനം വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജെറുശലേമിനെക്കുറിച്ചും സീയോനെക്കുറിച്ചും വളരെ തീക്ഷ്ണതയുള്ളവൻ ആയിരിക്കും. 15എന്നാൽ സ്വയം സുരക്ഷിതരാണെന്നു കരുതിയിരുന്ന രാജ്യങ്ങളോടു ഞാൻ കോപിച്ചിരിക്കുന്നു. ഞാൻ അൽപ്പമേ കോപിച്ചുള്ളൂ, എന്നാൽ, അവരുടെ ശിക്ഷ വളരെ വലുതായിരുന്നു.’
16“അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ ജെറുശലേമിലേക്കു മടങ്ങിവരും; അവിടെ എന്റെ ആലയം വീണ്ടും പണിയപ്പെടും. അളവുനൂൽ ജെറുശലേമിൽ വീഴും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
17“വീണ്ടും വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ നഗരങ്ങൾ സമൃദ്ധിയാൽ നിറഞ്ഞുകവിയും; യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കുകയും ജെറുശലേമിനെ തെരഞ്ഞെടുക്കുകയും ചെയ്യും.’ ”
നാലു കൊമ്പുകളും നാലു കൊല്ലന്മാരും
18അപ്പോൾ ഞാൻ മുകളിലേക്കുനോക്കി, എന്റെമുമ്പിൽ നാലുകൊമ്പുകൾ! 19എന്നോടു സംസാരിച്ച ദൂതനോട്, “ഇവ എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു.
ദൂതൻ എന്നോടു പറഞ്ഞു: “യെഹൂദ്യയെയും ഇസ്രായേലിനെയും ജെറുശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവതന്നെ.”
20പിന്നീട് യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു. 21ഞാൻ ചോദിച്ചു: “ഇവർ എന്തുചെയ്യാൻ പോകുന്നു?”
അവിടന്ന് ഉത്തരം പറഞ്ഞു: “ആരും തല ഉയർത്താതെ യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവയാണ്; എന്നാൽ ഈ കൊല്ലന്മാർ യെഹൂദാദേശത്തിനുനേരേ തങ്ങളുടെ കൊമ്പുകൾ ഉയർത്തി ജനത്തെ ചിതറിച്ചുകളഞ്ഞവരായ ഈ രാജ്യങ്ങളെ പേടിപ്പിച്ച് അവരെ തകർത്തുകളയാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സെഖര്യാവ് 1: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.