സെഖര്യാവ് 9
9
ഇസ്രായേലിന്റെ ശത്രുക്കളുടെമേൽ ന്യായവിധി
1ഒരു പ്രവചനം:
യഹോവയുടെ വചനം ഹദ്രക്കുദേശത്തിനു വിരോധമായിരിക്കുന്നു,
അത് ദമസ്കോസിൽനിന്നു വന്നുപതിക്കും—
സകലമനുഷ്യരുടെയും ഇസ്രായേൽഗോത്രങ്ങളുടെയും ദൃഷ്ടി
യഹോവയുടെമേൽ ആകുന്നു—
2ദമസ്കോസിന്റെ അതിരിനടുത്തുള്ള ഹമാത്തിന്മേലും അത് ഉണ്ടായിരിക്കും,
വളരെ സമർഥരെങ്കിലും, സോരിനും സീദോനും അങ്ങനെതന്നെ.
3സോർ ഒരു സുരക്ഷിതകേന്ദ്രം പണിതിരിക്കുന്നു;
അവൾ ചെളിപോലെ വെള്ളിയും
തെരുവീഥികളിലെ പൊടിപോലെ സ്വർണവും വാരിക്കൂട്ടിയിരിക്കുന്നു.
4എന്നാൽ കർത്താവ് അവളുടെ സമ്പത്ത് എടുത്തുകളയും
അവളുടെ കെട്ടുറപ്പുള്ള കോട്ടകൾ കടലിലിട്ടു നശിപ്പിക്കും
അവൾ അഗ്നിയാൽ ദഹിപ്പിക്കപ്പെടും.
5അസ്കലോൻ അതുകണ്ടു ഭയപ്പെടും;
ഗസ്സാ വേദനകൊണ്ടു പുളയും
തന്റെ പ്രത്യാശ നഷ്ടപ്പെടുന്നതുകൊണ്ട് എക്രോനും.
ഗസ്സായ്ക്കു രാജാവ് നഷ്ടമാകും
അസ്കലോൻ ജനവാസം ഇല്ലാത്തതായിത്തീരും.
6സമ്മിശ്രജനത അശ്ദോദ് കൈവശമാക്കും
ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും.
7ഞാൻ, അവരുടെ വായിൽനിന്നു രക്തവും
അവരുടെ പല്ലുകൾക്കിടയിൽനിന്നു വിലക്കപ്പെട്ട ആഹാരവും എടുത്തുകളയും.
ഫെലിസ്ത്യരിൽ ശേഷിക്കുന്നവരും നമ്മുടെ ദൈവത്തിന് അവകാശപ്പെട്ടവരാകും.
അവർ യെഹൂദയിലെ ഒരു കുലംപോലെ ആയിത്തീരും,
എക്രോൻ യെബൂസ്യരെപ്പോലെയും ആകും.
8എന്നാൽ കൊള്ളക്കാരിൽനിന്ന്
ഞാൻ എന്റെ ആലയത്തെ കാക്കുന്നതിന് അതിനുചുറ്റും പാളയമിറങ്ങും.
ഞാൻ ഇപ്പോൾ കാവൽചെയ്യുന്നതുകൊണ്ട്,
ഒരു പീഡകനും എന്റെ ജനത്തെ കീഴ്‌മേൽ മറിക്കുകയില്ല.
സീയോൻ രാജാവ് വരുന്നു
9സീയോൻപുത്രീ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക!
ജെറുശലേംപുത്രീ, ആർപ്പിടുക!
ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു—
നീതിമാനും വിജയശ്രീലാളിതനും
സൗമ്യതയുള്ളവനുമായി, കഴുതപ്പുറത്തുകയറി,
പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തുകയറി വരുന്നു!
10ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും
ജെറുശലേമിൽനിന്നു യുദ്ധക്കുതിരകളെയും എടുത്തുകളയും,
യുദ്ധത്തിനുള്ള വില്ല് ഒടിച്ചുകളയും.
അവിടന്ന് രാജ്യങ്ങൾക്ക് സമാധാനം പ്രഖ്യാപിക്കും.
അവിടത്തെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും
നദിമുതൽ#9:10 അതായത്, യൂഫ്രട്ടീസ് നദി ഭൂമിയുടെ അറ്റത്തോളവും ആയിരിക്കും.
11നീയോ, നിന്നോടുള്ള എന്റെ ഉടമ്പടിയുടെ രക്തംമൂലം
ഞാൻ നിന്റെ ബന്ധിതരെ വെള്ളമില്ലാത്ത കുഴികളിൽനിന്നു മോചിപ്പിക്കും.
12പ്രത്യാശയുള്ള ബന്ധിതരേ, നിങ്ങളുടെ കോട്ടയിലേക്കു മടങ്ങിപ്പോകുവിൻ;
നിങ്ങൾക്ക് ഇരട്ടിയായി മടക്കിത്തരുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു.
13ഞാൻ എന്റെ വില്ല് കുലയ്ക്കുന്നതുപോലെ യെഹൂദയെ വളയ്ക്കും,
എഫ്രയീമിനെ ഞാൻ അസ്ത്രംകൊണ്ടു നിറച്ചുമിരിക്കുന്നു.
സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തി
ഒരു യുദ്ധവീരന്റെ വാൾപോലെയാക്കും;
ഗ്രീക്കുദേശമേ,#9:13 മൂ.ഭാ. യവനദേശമേ നിന്റെ പുത്രന്മാർക്കെതിരേതന്നെ.
യഹോവ പ്രത്യക്ഷനാകും
14അപ്പോൾ അവരുടെമേൽ യഹോവ പ്രത്യക്ഷനാകും;
അവിടത്തെ അമ്പ് മിന്നൽപ്പിണർപോലെ ചീറിപ്പായും.
യഹോവയായ കർത്താവ് കാഹളംധ്വനിപ്പിക്കും;
അവിടന്ന് തെക്കൻകാറ്റുകളിൽ മുന്നേറും.
15സൈന്യങ്ങളുടെ യഹോവ അവരെ സംരക്ഷിക്കും.
അവർ കവിണക്കല്ലുകളാൽ
വിനാശംവരുത്തി വിജയംനേടും;
അവർ കുടിക്കും, മദ്യപരെപ്പോലെ അട്ടഹസിക്കും.
അവർ യാഗപീഠത്തിന്റെ കോണുകളിൽ തളിക്കാനുള്ള
നിറഞ്ഞ പാത്രംപോലെ ആയിരിക്കും.
16ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതുപോലെ
ആ ദിവസം അവരുടെ ദൈവമായ യഹോവ തന്റെ ജനത്തെ സംരക്ഷിക്കും.
ഒരു കിരീടത്തിൽ രത്നങ്ങൾപോലെ
അവർ അവിടത്തെ ദേശത്തു മിന്നിത്തിളങ്ങും.
17അവർ എത്ര ആകർഷണീയരും സൗന്ദര്യപൂർണരും ആയിരിക്കും!
ധാന്യം യുവാക്കന്മാരെയും
പുതുവീഞ്ഞ് യുവതികളെയും പുഷ്ടിയുള്ളവരാക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സെഖര്യാവ് 9: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.