2 തിമൊഥെയൊസ് 3:10-17
2 തിമൊഥെയൊസ് 3:10-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീയോ എന്റെ ഉപദേശം, നടപ്പ്, ഉദ്ദേശ്യം,വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവയും അന്ത്യൊക്യയിലും ഇക്കൊന്യയിലും ലുസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽനിന്നും കർത്താവ് എന്നെ വിടുവിച്ചു. എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും. ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും. നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ട് നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു.
2 തിമൊഥെയൊസ് 3:10-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ഉപദേശവും ജീവിതരീതിയും ജീവിതലക്ഷ്യവും വിശ്വാസവും ക്ഷമയും സ്നേഹവും സ്ഥൈര്യവും നീ അറിഞ്ഞിട്ടുള്ളതാണ്. അന്ത്യോക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്കുണ്ടായ പീഡനങ്ങളും കഷ്ടാനുഭവങ്ങളും നിനക്ക് അറിയാമല്ലോ. ഞാൻ എന്തെല്ലാം സഹിച്ചു എന്നും നിനക്കറിയാം. അവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷിച്ചു. ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് വിശുദ്ധജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവർ നിശ്ചയമായും പീഡിപ്പിക്കപ്പെടും. അതേസമയം ദുഷ്ടജനങ്ങളും കപടനാട്യക്കാരും മറ്റുള്ളവരെ വഞ്ചിച്ചും സ്വയം വഞ്ചിക്കപ്പെട്ടും അടിക്കടി തിന്മയിൽ മുന്നേറും. നീയാകട്ടെ, നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിക്കുന്നതുമായ കാര്യങ്ങൾ ആരിൽനിന്നു പഠിച്ചു എന്നോർമിച്ച് അവയിൽ ഉറച്ചുനില്‌ക്കുക. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിനെക്കുറിച്ചു നിന്നെ ഉദ്ബോധിപ്പിക്കുന്ന വിശുദ്ധലിഖിതങ്ങൾ കുട്ടിക്കാലംതൊട്ടു നിനക്കു പരിചയമുള്ളതാണല്ലോ. എല്ലാ വിശുദ്ധരേഖകളും ഈശ്വരപ്രചോദിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റു തിരുത്തുന്നതിനും ധാർമിക പരിശീലനത്തിനും ഉപകരിക്കുന്നു. അതിലൂടെ ദൈവഭക്തിയുള്ള മനുഷ്യൻ പൂർണത പ്രാപിക്കുകയും എല്ലാ സൽക്കർമങ്ങളും ചെയ്യുന്നതിന് ഒരുക്കപ്പെടുകയും ചെയ്യുന്നു.
2 തിമൊഥെയൊസ് 3:10-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീയോ എന്റെ ഉപദേശം, സ്വഭാവം, ഉദ്ദേശ്യം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും അന്ത്യൊക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്ക് സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അവ എല്ലാറ്റിൽ നിന്നും കർത്താവ് എന്നെ വിടുവിച്ചു. ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും നിശ്ചയം. ദുഷ്ടമനുഷ്യരും കപടശാലികളുമോ വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും കൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും. എന്നാൽ നീയോ ആരിൽനിന്ന് പഠിച്ചു എന്നു അറിയുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്ക് ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറിയുകയും ചെയ്യുന്നതുകൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചുമിരിക്കുന്നതിൽ നിലനിൽക്കുക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും, ദൈവത്തിന്‍റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും ഒരുക്കപ്പെട്ട് തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും തിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും പ്രയോജനമുള്ളതും ആകുന്നു.
2 തിമൊഥെയൊസ് 3:10-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽ നിന്നും കർത്താവു എന്നെ വിടുവിച്ചു. എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും. ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും. നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക. എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.
2 തിമൊഥെയൊസ് 3:10-17 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ അഭ്യസിപ്പിച്ച ഉപദേശം, എന്റെ ജീവിതരീതി, ലക്ഷ്യബോധം, വിശ്വാസം, സമചിത്തത, സ്നേഹം, സഹിഷ്ണുത എന്നിവയും ഞാൻ സഹിച്ച പീഡകളും അന്ത്യോക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്കുണ്ടായ കഷ്ടതകളും സശ്രദ്ധം നീ മനസ്സിലാക്കിയല്ലോ. ഞാൻ എല്ലാവിധത്തിലുമുള്ള പീഡകൾ സഹിച്ചു; അവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷപ്പെടുത്തി. ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പീഡകൾ ഉണ്ടാകും, എന്നാൽ, ദുഷ്ടമനുഷ്യരും ആൾമാറാട്ടക്കാരും മറ്റുള്ളവരെ വഞ്ചിച്ചും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടും തിന്മയിലേക്ക് കൂപ്പുകുത്തും. എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്. ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ. എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്. അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.