യെശയ്യാവ് 11:10-12

യെശയ്യാവ് 11:10-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും. അന്നാളിൽ കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജാതികൾക്ക് ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.

യെശയ്യാവ് 11:10-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്നു ദാവീദിന്റെ വംശത്തിലെ രാജാവ് ജനങ്ങൾക്ക് ഒരടയാളമായിരിക്കും. വിജാതീയർ അദ്ദേഹത്തെ അന്വേഷിച്ചുവരും. അദ്ദേഹത്തിന്റെ പാർപ്പിടം തേജസ്സുറ്റതായിരിക്കും. സർവേശ്വരൻ തന്റെ ജനത്തിൽ ശേഷിച്ചവരെ അന്ന് അസ്സീറിയ, ഈജിപ്ത്, പത്രോസ്, എത്യോപ്യ, ഏലാം, ശീനാർ, ഹാമാത്ത്, കടൽത്തീരദേശങ്ങൾ എന്നിവിടങ്ങളിൽനിന്നു തിരിച്ചു കൊണ്ടുവരാൻ തന്റെ ശക്തി വീണ്ടും പ്രയോഗിക്കും. അവിടുന്നു വിജാതീയരെ ഒരുമിച്ചു കൂട്ടാൻ ഒരു കൊടിയടയാളം ഉയർത്തും. ഇസ്രായേലിൽനിന്നു ഭ്രഷ്ടരായവരെയും യെഹൂദ്യയിൽനിന്നു ചിതറിപ്പോയവരെയും ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു കൂട്ടിവരുത്തും.

യെശയ്യാവ് 11:10-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജനതകൾ അന്വേഷിച്ചുവരും; അവന്‍റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും. ആ നാളിൽ കർത്താവ് തന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജനതകൾക്ക് ഒരു കൊടി ഉയർത്തി, യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ചേർക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.

യെശയ്യാവ് 11:10-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും. അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.

യെശയ്യാവ് 11:10-12 സമകാലിക മലയാളവിവർത്തനം (MCV)

ആ കാലത്തു യിശ്ശായിയുടെ വേര് ജനതകൾക്ക് ഒരു കൊടിയായി ഉയർന്നുനിൽക്കും; രാഷ്ട്രങ്ങൾ യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരും, അവിടത്തെ വിശ്രമസങ്കേതം മഹത്ത്വകരമായിരിക്കും. ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ബാബേലിൽനിന്നും ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും. അവിടന്ന് രാഷ്ട്രങ്ങൾക്കായി ഒരു കൊടി ഉയർത്തും, ഇസ്രായേലിലെ പ്രവാസികളെ ശേഖരിക്കും; യെഹൂദയുടെ ചിതറിപ്പോയിട്ടുള്ളവരെ ഭൂമിയുടെ നാലുകോണുകളിൽനിന്നും കൂട്ടിച്ചേർക്കും.