ഉല്പ. 4

4
കായീനും ഹാബെലും
1ആദാം തന്‍റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു: “യഹോവയാൽ എനിക്ക് ഒരു പുരുഷസന്തതിയെ ലഭിച്ചു” എന്നു പറഞ്ഞു. 2പിന്നെ അവൾ അവന്‍റെ അനുജനായ ഹാബെലിനെ പ്രസവിച്ചു.
ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. 3കുറെക്കാലം കഴിഞ്ഞിട്ട് കയീൻ നിലത്തെ ഫലത്തിൽ നിന്ന് യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവന്നു. 4ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്ന് ഒന്നിനെ കൊന്ന്, അവയുടെ ഏറ്റവും കൊഴുപ്പുള്ള ഭാഗങ്ങളിൽ നിന്ന് ഒരു വഴിപാട് കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു. 5കയീനിലും അവന്‍റെ വഴിപാടിലും അവിടുന്ന് പ്രസാദിച്ചില്ല. കയീൻ വളരെ കോപിച്ചു, അവന്‍റെ മുഖം വാടി.
6അപ്പോൾ യഹോവ കയീനോട്: “നീ കോപിക്കുന്നത് എന്തിന്? നിന്‍റെ മുഖം വാടുന്നതും എന്ത്? 7നീ ശരിയായത് ചെയ്യുന്നു എങ്കിൽ നിന്നിലും പ്രസാദമുണ്ടാകയില്ലയോ? നീ തിന്മ ചെയ്തതുകൊണ്ട് പാപം വാതില്ക്കൽ കിടക്കുന്നു; അതിന്‍റെ ആഗ്രഹം നിന്നോടാകുന്നു; നീയോ അതിനെ കീഴടക്കണം” എന്നു കല്പിച്ചു.
8അപ്പോൾ കയീൻ തന്‍റെ അനുജനായ ഹാബെലിനോട് “നാം വയലിലേക്കു പോക” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ തന്‍റെ അനുജനായ ഹാബെലിനെതിരായി എഴുന്നേറ്റ് അവനെ കൊന്നു.
9പിന്നെ യഹോവ കയീനോട്: “നിന്‍റെ അനുജനായ ഹാബെൽ എവിടെ? എന്നു ചോദിച്ചതിന്:
“എനിക്ക് അറിഞ്ഞുകൂടാ; ഞാൻ എന്‍റെ അനുജൻ്റെ കാവൽക്കാരനോ? എന്നു അവൻ പറഞ്ഞു.
10അതിന് അവിടുന്ന് അരുളിച്ചെയ്തത്. “നീ എന്ത് ചെയ്തു? നിന്‍റെ അനുജൻ്റെ രക്തത്തിൻ്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോട് നിലവിളിക്കുന്നു. 11ഇപ്പോൾ നിന്‍റെ കൈയിൽനിന്ന് നിന്‍റെ അനുജൻ്റെ രക്തം സ്വീകരിക്കുവാൻ വായ് തുറന്ന ദേശം വിട്ട് നീ ശാപഗ്രസ്തനായി പോകേണം. 12നീ കൃഷി ചെയ്യുമ്പോൾ നിലം ഇനി ഒരിക്കലും അതിന്‍റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും.”
13കയീൻ യഹോവയോട്: “എന്‍റെ ശിക്ഷ എനിക്ക് വഹിക്കുവാൻ കഴിയുന്നതിനെക്കാൾ വലുതാണ്. 14ഇതാ, അങ്ങ് ഇന്ന് എന്നെ പുറത്താക്കുന്നു; ഞാൻ തിരുസന്നിധിവിട്ട് ഒളിച്ചു ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും” എന്നു പറഞ്ഞു.
15യഹോവ അവനോട്: “അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന്‍റെമേൽ ഏഴിരട്ടിയായി പ്രതികാരംചെയ്യും” എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും അവനെ കൊല്ലാതിരിക്കേണ്ടതിനു യഹോവ കയീൻ്റെമേൽ ഒരു അടയാളം പതിച്ചു.
16അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ഏദെന് കിഴക്ക് നോദ്#4:16 നോദ്‍-അലഞ്ഞു തിരിയുന്ന ദേശം ദേശത്ത് ചെന്നു പാർത്തു. 17കയീൻ തന്‍റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. കയീൻ ഒരു പട്ടണം പണിതു, ഹാനോക്ക് എന്നു തന്‍റെ മകന്‍റെ പേരിട്ടു. 18ഹാനോക്കിന് ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനു ജന്മം നൽകി; മെഹൂയയേൽ മെഥൂശയേലിനു ജന്മം നൽകി; മെഥൂശയേൽ ലാമെക്കിനു ജനകനായി.
19ലാമെക്ക് രണ്ടു ഭാര്യമാരെ സ്വീകരിച്ചു; ഒരുവൾക്ക് ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ. 20ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകർക്കും പിതാവായിരുന്നു. 21അവന്‍റെ സഹോദരന് യൂബാൽ എന്നു പേർ. ഇവൻ കിന്നരവും ഓടക്കുഴലും വായിക്കുന്ന എല്ലാവർക്കും പിതാവായിത്തീർന്നു. 22സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുപണിക്കാരുടെയും ഇരിമ്പുപണിക്കാരുടെയും ഗുരുവായിരുന്നു; നയമാ ആയിരുന്നു തൂബൽകയീൻ്റെ സഹോദരി.
23ലാമെക്ക് തന്‍റെ ഭാര്യമാരോടു പറഞ്ഞത്:
“ആദയും സില്ലയും ആയുള്ളോരേ, എന്‍റെ വാക്കു കേൾക്കുവിൻ;
ലാമെക്കിൻ ഭാര്യമാരേ, എന്‍റെ വചനത്തിനു ചെവിതരുവിൻ!
എന്നെ മുറിപ്പെടുത്തിയ ഒരു പുരുഷനെയും
എന്നെ പരിക്കേൽപ്പിച്ച ഒരു യുവാവിനെയും ഞാൻ കൊന്നു.
24കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ
ലാമെക്കിനുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.”
ശേത്തും ഏനോശും
25ആദാം തന്‍റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: “കയീൻ കൊന്ന ഹാബെലിനു പകരം ദൈവം എനിക്ക് മറ്റൊരു സന്തതിയെ തന്നു” എന്നു പറഞ്ഞ് അവനു ശേത്ത് എന്നു പേരിട്ടു. 26ശേത്തിനും ഒരു മകൻ ജനിച്ചു; അവനു ഏനോശ് എന്നു പേരിട്ടു. ആ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.

موجودہ انتخاب:

ഉല്പ. 4: IRVMAL

سرخی

شئیر

کاپی

None

کیا آپ جاہتے ہیں کہ آپ کی سرکیاں آپ کی devices پر محفوظ ہوں؟ Sign up or sign in