JOHANA 15
15
യഥാർഥ മുന്തിരിച്ചെടി
1“ഞാൻ യഥാർഥ മുന്തിരിച്ചെടിയും എന്റെ പിതാവു കൃഷിക്കാരനുമാകുന്നു. 2അവിടുന്നു ഫലം കായ്‍ക്കാത്ത എല്ലാ ശാഖകളും എന്നിൽനിന്ന് വെട്ടിക്കളയുന്നു. ഫലം കായ്‍ക്കുന്നവ കൂടുതൽ ഫലം നല്‌കേണ്ടതിനു തലപ്പുകൾ കോതി വൃത്തിയാക്കുന്നു. 3ഞാൻ നിങ്ങളോടു സംസാരിച്ചിട്ടുള്ള വചനംമൂലം നിങ്ങൾ ശുദ്ധിയുള്ളവരായിത്തീർന്നിരിക്കുന്നു. 4എന്നിൽ വസിക്കുക; ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ സ്ഥിതിചെയ്യാത്ത ശാഖയ്‍ക്കു സ്വയമേവ ഫലം കായ്‍ക്കുവാൻ കഴിയുകയില്ല. അതുപോലെ എന്നിൽ വസിക്കാതെയിരുന്നാൽ നിങ്ങൾക്കും ഫലം കായ്‍ക്കുവാൻ സാധ്യമല്ല.
5“ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാകുന്നു; ഒരുവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ, അവൻ ധാരാളം ഫലം പുറപ്പെടുവിക്കും. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല. 6എന്നിൽ വസിക്കാത്തവൻ ഒരു ശാഖയെന്നപോലെ പുറത്തെറിയപ്പെട്ട് ഉണങ്ങിപ്പോകും. ഉണങ്ങിയ ശാഖകൾ ശേഖരിച്ചു തീയിലിട്ടു ചുട്ടുകളയുന്നു; 7നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിൽ കുടികൊള്ളുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ അപേക്ഷിക്കുന്നതെന്തും നിങ്ങൾക്കു ലഭിക്കും. 8നിങ്ങൾ ധാരാളം ഫലം കായ്‍ക്കുന്നതിനാൽ എന്റെ പിതാവു മഹത്ത്വപ്പെടുന്നു. അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാരായിത്തീരുന്നു. 9എന്റെ പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തിൽ നിങ്ങൾ നിലനില്‌ക്കുക. 10ഞാൻ എന്റെ പിതാവിന്റെ കല്പനകൾ അനുസരിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനില്‌ക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ നിലനില്‌ക്കും.
11“എന്റെ ആനന്ദം നിങ്ങളിൽ ഉണ്ടായിരിക്കുവാനും നിങ്ങളുടെ ആനന്ദം സമ്പൂർണമാകുവാനും വേണ്ടിയാണ് ഇവയെല്ലാം ഞാൻ നിങ്ങളോടു സംസാരിച്ചത്. 12ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണമെന്നാണ് എന്റെ കല്പന. 13സ്നേഹിതന്മാർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലുതായ സ്നേഹം ആർക്കുമില്ലല്ലോ. 14ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതന്മാരാണ്. 15ഇനിയും നിങ്ങളെ ദാസന്മാരെന്ന് ഞാൻ വിളിക്കുന്നില്ല; യജമാനൻ ചെയ്യുന്നത് എന്താണെന്നു ദാസൻ അറിയുന്നില്ലല്ലോ. എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു; അതുകാണ്ടാണ് എന്റെ സ്നേഹിതന്മാരെന്നു ഞാൻ നിങ്ങളെ വിളിക്കുന്നത്. 16നിങ്ങൾ പോയി നിലനില്‌ക്കുന്ന ഫലം പുറപ്പെടുവിക്കുന്നതിന് ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. അതുകൊണ്ട് എന്റെ നാമത്തിൽ നിങ്ങൾ പിതാവിനോട് എന്തപേക്ഷിച്ചാലും അവിടുന്നു നിങ്ങൾക്കു നല്‌കും. 17നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതിനുവേണ്ടിയാണ് ഇവയെല്ലാം ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നത്.
ലോകത്തിന്റെ വിദ്വേഷം
18“ലോകം നിങ്ങളെ വെറുക്കുന്നു എങ്കിൽ അത് എന്നെയാണ് ആദ്യം വെറുത്തത് എന്ന് അറിഞ്ഞുകൊള്ളുക. 19നിങ്ങൾ ലോകത്തിൽ നിന്നുള്ളവരായിരുന്നെങ്കിൽ അത് സ്വന്തമെന്നവണ്ണം നിങ്ങളെ സ്നേഹിക്കുമായിരുന്നു. എന്നാൽ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതിനാൽ നിങ്ങൾ ലോകത്തിന്റെ വകയല്ല. അതുകൊണ്ട് ലോകം നിങ്ങളെ വെറുക്കുന്നു. 20ദാസൻ യജമാനനെക്കാൾ വലിയവനല്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളത് ഓർമിച്ചുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും. അവർ എന്റെ വചനം അനുസരിച്ചെങ്കിൽ നിങ്ങളുടേതും അനുസരിക്കും. 21എന്നാൽ എന്നെ അയച്ചവനെ അവർ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് എന്റെ നാമം നിമിത്തം ഇവയെല്ലാം അവർ നിങ്ങളോടു ചെയ്യും. 22ഞാൻ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർ കുറ്റമറ്റവരായിരുന്നേനെ. എന്നാൽ ഇപ്പോൾ അവരുടെ പാപത്തിന് ഒഴികഴിവൊന്നുമില്ല. 23എന്നെ വെറുക്കുന്നവൻ എന്റെ പിതാവിനെയും വെറുക്കുന്നു. 24മറ്റാരും ഒരിക്കലും ചെയ്തിട്ടില്ലാത്ത പ്രവൃത്തികൾ ഞാൻ അവരുടെ മധ്യത്തിൽ ചെയ്യാതിരുന്നെങ്കിൽ അവർക്കു കുറ്റമില്ലായിരുന്നേനെ. എന്റെ പ്രവൃത്തികൾ അവർ കണ്ടിരിക്കുന്നു. എന്നിട്ടും എന്നെയും എന്റെ പിതാവിനെയും അവർ വെറുക്കുന്നു. 25‘അവർ അകാരണമായി എന്നെ ദ്വേഷിച്ചു’ എന്ന് അവരുടെ ധർമശാസ്ത്രത്തിൽ എഴുതിയിരിക്കുന്നതു സത്യമാകുന്നതിന് ഇവയെല്ലാം സംഭവിക്കേണ്ടതാണ്.”
26“എന്നാൽ പിതാവിന്റെ സന്നിധിയിൽനിന്നു ഞാൻ നിങ്ങൾക്കുവേണ്ടി അയയ്‍ക്കുവാനിരിക്കുന്ന സഹായകനായ സത്യത്തിന്റെ ആത്മാവ് പിതാവിൽനിന്നു പുറപ്പെട്ട് നിങ്ങളുടെ അടുക്കൽവരും. ആ ആത്മാവ് എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കും. 27നിങ്ങൾ ആദിമുതൽ എന്നോടുകൂടി ഉണ്ടായിരുന്നതുകൊണ്ടു നിങ്ങൾ സാക്ഷികളായിരിക്കുകയും ചെയ്യും.
Nke Ahọpụtara Ugbu A:
JOHANA 15: malclBSI
Mee ka ọ bụrụ isi
Kesaa
Mapịa
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fig.png&w=128&q=75)
Ịchọrọ ka echekwaara gị ihe ndị gasị ị mere ka ha pụta ìhè ná ngwaọrụ gị niile? Debanye aha gị ma ọ bụ mee mbanye
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.