EXODUS 10
10
വെട്ടുക്കിളി
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഫറവോയുടെ അടുക്കലേക്കു ചെല്ലുക. അവരുടെ ഇടയിൽ എന്റെ അടയാളങ്ങൾ കാട്ടാൻ ഞാൻ ഫറവോയുടെയും അവന്റെ ജനങ്ങളുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു. 2ഈജിപ്തിൽ എന്തെല്ലാം അടയാളങ്ങൾ ഞാൻ കാട്ടിയെന്നും ഈജിപ്തുകാരെ ഞാൻ എങ്ങനെ പരിഹാസവിഷയമാക്കിയെന്നും നിങ്ങളുടെ പുത്രന്മാരോടും പൗത്രന്മാരോടും നിങ്ങൾ പറയണം. അങ്ങനെ ഞാൻ സർവേശ്വരനാകുന്നു എന്നു നിങ്ങൾ അറിയും.” 3മോശയും അഹരോനും ഫറവോയുടെ അടുക്കൽ ചെന്നു പറഞ്ഞു: “എബ്രായരുടെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: എത്രകാലം നീ എന്റെ മുമ്പിൽ ധിക്കാരം കാട്ടും? എന്നെ ആരാധിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്‍ക്കുക. 4എന്റെ ജനത്തെ വിട്ടയച്ചില്ലെങ്കിൽ നാളെ നിന്റെ രാജ്യത്തേക്ക് ഞാൻ വെട്ടുക്കിളികളെ അയയ്‍ക്കും. 5നിലം കാണാനാവാത്തവിധം അതു ദേശം മൂടും; കന്മഴയ്‍ക്കുശേഷം എന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം വെട്ടുക്കിളി തിന്നുതീർക്കും; നിങ്ങളുടെ വയലിൽ തളിർത്തുവരുന്ന എല്ലാ മരങ്ങളും അവ തിന്നൊടുക്കും. 6നിന്റെയും നിന്റെ ഭൃത്യന്മാരുടെയും നിന്റെ ജനങ്ങളുടെയും വീടുകളിൽ അവ നിറയും; നിന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ജനിച്ചതുമുതൽ ഇന്നോളം കണ്ടിട്ടില്ലാത്ത അനുഭവമായിരിക്കും അത്. ഇതു പറഞ്ഞിട്ട് മോശ ഫറവോയുടെ അടുത്തുനിന്നു തിരിഞ്ഞുനടന്നു. 7ഭൃത്യന്മാർ ഫറവോയോടു പറഞ്ഞു: “എത്രനാൾ ഇയാൾ നമ്മെ ശല്യപ്പെടുത്തും. തങ്ങളുടെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ അവരെ വിട്ടയച്ചാലും; ഈജിപ്തു നശിച്ചുകഴിഞ്ഞത് അങ്ങു കാണുന്നില്ലേ?” 8ഉടനെ ഫറവോ മോശയെയും അഹരോനെയും തിരിച്ചുവിളിച്ചു പറഞ്ഞു: “നിങ്ങൾ പോയി സർവേശ്വരനെ ആരാധിച്ചുകൊള്ളുക; എന്നാൽ നിങ്ങൾ ആരൊക്കെയാണു പോകുന്നത്?” 9മോശ പറഞ്ഞു: “കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഉൾപ്പെടെ ഞങ്ങളെല്ലാവരും പോകും. ഞങ്ങളുടെ പുത്രീപുത്രന്മാരും ഞങ്ങളുടെ ആട്ടിൻപറ്റങ്ങളും കന്നുകാലികളും ഞങ്ങളുടെ കൂടെ പോരും; കാരണം ഞങ്ങൾ സർവേശ്വരന് ഒരു ഉത്സവം ആചരിക്കുകയാണ്.” 10രാജാവു പറഞ്ഞു: “കൊള്ളാം സർവേശ്വരൻ നിങ്ങളെ കാക്കട്ടെ. നിങ്ങളോടൊപ്പം കുട്ടികളെയും ഞാൻ പോകാൻ അനുവദിക്കുമെന്നോ? നിങ്ങളുടെ ഉള്ളിൽ എന്തോ ദുരുദ്ദേശ്യമുണ്ട്. 11പുരുഷന്മാർ മാത്രം പോയി സർവേശ്വരനെ ആരാധിച്ചുകൊള്ളുക. അത്രയുമല്ലേ നിങ്ങൾക്കു വേണ്ടൂ.” ഇതു പറഞ്ഞിട്ട് ഫറവോ തന്റെ മുമ്പിൽനിന്ന് അവരെ ഓടിച്ചു.
12പിന്നീട് സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിന്റെമേൽ കൈ നീട്ടുക. വെട്ടുക്കിളികൾ വരട്ടെ. കന്മഴയിൽനിന്ന് രക്ഷപ്പെട്ട സസ്യങ്ങളെയെല്ലാം അവ വന്ന് തിന്നൊടുക്കട്ടെ.” 13സർവേശ്വരൻ കല്പിച്ചതുപോലെ മോശ ഈജിപ്തിന്റെമേൽ തന്റെ വടി നീട്ടി; സർവേശ്വരൻ അന്നു രാപ്പകൽ ആ ദേശത്ത് കിഴക്കൻകാറ്റ് വീശിപ്പിച്ചു. പ്രഭാതമായപ്പോൾ കിഴക്കൻകാറ്റിനോടൊപ്പം വെട്ടുക്കിളികൾ വന്നു. 14ഈജിപ്തിൽ എല്ലായിടത്തും അവ നിറഞ്ഞു; അത്രയും വലിയ വെട്ടുക്കിളിക്കൂട്ടം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. 15ഭൂമി മുഴുവൻ ഇരുൾ പരക്കുംവിധം ദേശം മുഴുവനും വെട്ടുക്കിളികളെക്കൊണ്ടു മൂടി. കന്മഴയെ അതിജീവിച്ച സസ്യങ്ങളും വൃക്ഷഫലങ്ങളും അവ തിന്നുതീർത്തു; ഈജിപ്തിലൊരിടത്തും വൃക്ഷങ്ങളിലോ, ചെടികളിലോ പച്ച നിറമുള്ള യാതൊന്നും ശേഷിച്ചില്ല. 16ഫറവോ മോശയെയും അഹരോനെയും ഉടൻതന്നെ വിളിച്ചുവരുത്തി പറഞ്ഞു: “നിങ്ങൾക്കും നിങ്ങളുടെ സർവേശ്വരനായ ദൈവത്തിനെതിരായി ഞാൻ പാപം ചെയ്തു. 17ഈ പ്രാവശ്യം കൂടി എന്റെ പാപം ക്ഷമിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. ഈ മാരകമായ ബാധയിൽനിന്ന് എന്നെ വിടുവിക്കാൻ ഒരിക്കൽകൂടി നിങ്ങളുടെ ദൈവമായ സർവേശ്വരനോട് അപേക്ഷിക്കുക.” 18മോശ രാജസന്നിധിയിൽനിന്നു പുറത്തുചെന്ന് ഫറവോയ്‍ക്ക് വേണ്ടി പ്രാർഥിച്ചു. 19സർവേശ്വരൻ അതിശക്തമായ ഒരു പടിഞ്ഞാറൻ കാറ്റടിപ്പിച്ചു; അതു വെട്ടുക്കിളികളെ മുഴുവൻ ചെങ്കടലിലേക്ക് തള്ളി വിട്ടു; ഈജിപ്തിൽ ഒരിടത്തും ഒരു വെട്ടുക്കിളിയും ശേഷിച്ചില്ല. 20എന്നാൽ സർവേശ്വരൻ ഫറവോയെ കഠിനചിത്തനാക്കി. അയാൾ ഇസ്രായേൽജനങ്ങളെ വിട്ടയച്ചുമില്ല.
കൂരിരുട്ട്
21സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ ആകാശത്തേക്ക് കൈ ഉയർത്തുക; ഈജിപ്തിൽ ഇരുട്ടു പരക്കട്ടെ.” 22മോശ ആകാശത്തേക്കു കൈ ഉയർത്തി; അപ്പോൾ ഈജിപ്തിലെല്ലാം കൂരിരുട്ടു പരന്നു. അതു മൂന്നു ദിവസം നീണ്ടുനിന്നു. 23പരസ്പരം കാണാൻപോലും വയ്യാത്തതിനാൽ മൂന്നു ദിവസത്തേക്ക് ആരും സ്വസ്ഥാനത്തുനിന്ന് എഴുന്നേറ്റതുപോലുമില്ല. എന്നാൽ ഇസ്രായേൽജനം വസിച്ചിരുന്ന സ്ഥലത്ത് പ്രകാശം ഉണ്ടായിരുന്നു. 24ഫറവോ മോശയെ വരുത്തി പറഞ്ഞു: “സർവേശ്വരനെ ആരാധിക്കാൻ പൊയ്‍ക്കൊള്ളുക; കുട്ടികളും കൂടെ വന്നുകൊള്ളട്ടെ. എന്നാൽ നിങ്ങളുടെ കന്നുകാലികളും ആട്ടിൻപറ്റങ്ങളും ഇവിടെത്തന്നെ നില്‌ക്കട്ടെ.” 25മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സർവേശ്വരന് യാഗങ്ങളും ഹോമങ്ങളും അർപ്പിക്കണം. 26അതിനാൽ ഞങ്ങളുടെ കന്നുകാലികൾ മുഴുവനെയും കൂടെ കൊണ്ടുപോകാൻ അനുവദിക്കണം. അവയിൽ ഒന്നിനെപ്പോലും ഇവിടെ വിട്ടിട്ടു പോകാൻ സാധ്യമല്ല; ഞങ്ങളുടെ ദൈവമായ സർവേശ്വരന് യാഗം അർപ്പിക്കേണ്ടത് അവയിൽനിന്നാണ്. അവിടെ ചെല്ലുന്നതുവരെ, ഏതിനെയാണ് അർപ്പിക്കേണ്ടതെന്നു ഞങ്ങൾക്കു നിശ്ചയമില്ല.” 27സർവേശ്വരൻ ഫറവോയെ കഠിനഹൃദയനാക്കിയതിനാൽ അയാൾ അവരെ വിട്ടയച്ചില്ല. 28ഫറവോ മോശയോടു പറഞ്ഞു: “കടന്നുപോകൂ. ഇനിമേൽ എന്റെ മുമ്പിൽ വരരുത്; വന്നാൽ അന്നു നീ മരിക്കും.” 29മോശ മറുപടി പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെയാകട്ടെ. ഇനിമേൽ ഞാൻ അങ്ങയുടെ മുഖം കാണുകയില്ല.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EXODUS 10: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.