NEHEMIA 11

11
യെരൂശലേമിൽ വന്നു പാർത്ത ജനങ്ങൾ
1ജനനേതാക്കൾ യെരൂശലേമിൽ പാർത്തു; ശേഷിച്ച ജനത്തിൽ പത്തുപേർക്ക് ഒരാൾ വീതം വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കാനും ഒമ്പതുപേർ മറ്റു പട്ടണങ്ങളിൽ പാർക്കാനും ഇടയാകത്തക്കവിധം നറുക്കിട്ടു. 2യെരൂശലേമിൽ പാർക്കാൻ സ്വമേധയാ തയ്യാറായവരെ ജനങ്ങൾ അനുഗ്രഹിച്ചു.
3ഇസ്രായേല്യരും പുരോഹിതരും ലേവ്യരും ദേവാലയശുശ്രൂഷകരും ശലോമോന്റെ ദാസന്മാരുടെ പിൻതലമുറക്കാരും യെഹൂദ്യയിൽ അവരവരുടെ പട്ടണങ്ങളിൽ സ്വന്തം സ്ഥലത്തു പാർത്തു. 4യെരൂശലേമിൽ വസിച്ചവരിൽ പ്രമുഖർ യെഹൂദാഗോത്രത്തിലും ബെന്യാമീൻഗോത്രത്തിലും പെട്ടവരായിരുന്നു. യെഹൂദാഗോത്രത്തിൽപ്പെട്ടവർ: ഉസ്സീയായുടെ പുത്രൻ അഥായാ; ഉസ്സീയാ സെഖര്യായുടെയും സെഖര്യാ അമര്യായുടെയും അമര്യാ ശെഫത്യായുടെയും ശെഫത്യാ മഹലലേലിന്റെയും മഹലലേൽ പേരെസിന്റെയും പുത്രൻ ആയിരുന്നു. 5ബാരൂക്കിന്റെ പുത്രൻ മയസേയാ. ബാരൂക് കൊൽഹോസെയുടെയും കൊൽഹോസെ ഹസായായുടെയും ഹസായാ അദായായുടെയും അദായാ യോയാരീബിന്റെയും യോയാരീബ് സെഖര്യായുടെയും സെഖര്യാ ശീലോന്യന്റെയും പുത്രൻ ആയിരുന്നു. 6യെരൂശലേമിൽ പാർത്തിരുന്ന പേരെസിന്റെ പുത്രന്മാർ ആകെ നാനൂറ്ററുപത്തെട്ടു പേർ. അവർ വീരപരാക്രമികളായിരുന്നു. 7ബെന്യാമീൻഗോത്രക്കാർ: മെശുല്ലാമിന്റെ പുത്രൻ സല്ലൂ; മെശുല്ലാം യോവേദിന്റെയും യോവേദ് പെദായായുടെയും പെദായാ കോലായായുടെയും കോലായാ മയസേയായുടെയും മയസേയാ ഇഥീയേലിന്റെയും ഇഥീയേൽ യെശയ്യായുടെയും പുത്രൻ ആയിരുന്നു. 8അയാളുടെ അനുയായികൾ ഗബ്ബായിയും സല്ലായിയും. ആകെ തൊള്ളായിരത്തിരുപത്തെട്ടുപേർ. 9സിക്രിയുടെ പുത്രൻ യോവേൽ അവരുടെ മേൽനോട്ടക്കാരനും ഹസനൂവയുടെ പുത്രൻ യെഹൂദാ പട്ടണത്തിലെ രണ്ടാമത്തെ അധികാരിയും ആയിരുന്നു. 10പുരോഹിതന്മാരിൽ: യോയാരീബിന്റെ പുത്രൻ യെദായാ, യാഖീൻ, 11ഹില്‌ക്കീയായുടെ പുത്രൻ സേരായാ; ഹില്‌ക്കീയാ മെശുല്ലാമിന്റെയും മെശുല്ലാം സാദോക്കിന്റെയും സാദോക് മെരായോത്തിന്റെയും മെരായോത്ത് അഹീതൂബിന്റെയും പുത്രൻ ആയിരുന്നു. അഹീതൂബ് ദേവാലയത്തിലെ പ്രധാന പുരോഹിതനായിരുന്നു. 12ദേവാലയത്തിൽ ജോലി ചെയ്തിരുന്ന അവരുടെ ചാർച്ചക്കാർ ആകെ എണ്ണൂറ്റിയിരുപത്തിരണ്ടു പേർ. യൊരോഹാമിന്റെ പുത്രൻ അദായാ; യൊരോഹാം പെലല്യായുടെയും പെലല്യാ അംസിയുടെയും അംസി സെഖര്യായുടെയും സെഖര്യാ പശ്ഹൂരിന്റെയും പശ്ഹൂർ മല്‌ക്കീയായുടെയും പുത്രൻ ആയിരുന്നു. 13അയാളുടെ ഗോത്രത്തിലെ പിതൃഭവനത്തലവന്മാർ ഇരുനൂറ്റിനാല്പത്തിരണ്ടുപേർ. അസരേലിന്റെ പുത്രൻ അമശെസായ്. അസരേൽ അഹ്സായിയുടെയും അഹ്സായ് മെശില്ലേമോത്തിന്റെയും മെശില്ലേമോത്ത് ഇമ്മേരിന്റെയും പുത്രനായിരുന്നു; 14അവരുടെ ചാർച്ചക്കാരായ നൂറ്റിയിരുപത്തെട്ടു പേർ വീരപരാക്രമികളായിരുന്നു. ഹഗെദോലീമിന്റെ പുത്രൻ സബ്ദീയേൽ ആയിരുന്നു അവരുടെ നേതാവ്.
15ലേവ്യരിൽ അശ്ശൂബിന്റെ പുത്രൻ ശെമയ്യാ; അശ്ശൂബ് അസ്രീക്കാമിന്റെയും അസ്രീക്കാം ഹശബ്യായുടെയും ഹശബ്യാ ബൂന്നിയുടെയും പുത്രൻ ആയിരുന്നു. 16ലേവ്യരിൽ പ്രമുഖരായ ശബ്ബെത്തായിയും യോസാബാദും ദേവാലയത്തിന്റെ പുറംപണികളുടെ മേൽനോട്ടം വഹിച്ചു. 17മീഖയുടെ പുത്രൻ മത്ഥന്യാ; മീഖ സബ്‍ദിയുടെയും സബ്‍ദി ആസാഫിന്റെയും പുത്രൻ. അയാൾ സ്തോത്രപ്രാർഥനയ്‍ക്ക് നേതൃത്വം വഹിച്ചു. അയാളുടെ ഒരു ചാർച്ചക്കാരനായ ബക്ബുക്യാ ആയിരുന്നു രണ്ടാമൻ. ശമ്മൂവയുടെ പുത്രൻ അബ്‍ദ; ശമ്മൂവ ഗാലാലിന്റെയും ഗാലാൽ യെദൂഥൂന്റെയും പുത്രൻ ആയിരുന്നു. 18വിശുദ്ധ നഗരത്തിൽ ആകെ ഇരുനൂറ്റെൺപത്തിനാലു ലേവ്യർ പാർത്തിരുന്നു. 19വാതിൽകാവല്‌ക്കാർ: അക്കൂബും തല്മോനും അവരുടെ ചാർച്ചക്കാരും ഉൾപ്പെടെ നൂറ്റെഴുപത്തിരണ്ടു പേർ. 20ശേഷമുള്ള ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാ നഗരങ്ങളിലെ സ്വന്തം അവകാശഭൂമികളിൽ പാർത്തു. 21ദേവാലയത്തിലെ ജോലിക്കാർ ഓഫേലിൽ പാർത്തു. അവരുടെ മേൽനോട്ടക്കാർ സീഹയും ഗിശ്പയും ആയിരുന്നു. 22യെരൂശലേമിലെ ലേവ്യരുടെ മേൽനോട്ടക്കാരൻ ബാനിയുടെ പുത്രൻ ഉസ്സി ആയിരുന്നു. ബാനി ഹശബ്യായുടെയും ഹശബ്യാ മത്ഥന്യായുടെയും മത്ഥന്യാ മീഖയുടെയും പുത്രൻ; ദേവാലയത്തിലെ ഗാനശുശ്രൂഷ നടത്തിയിരുന്ന ആസാഫിന്റെ മക്കളിൽ ഒരാളായിരുന്നു ഉസ്സി. 23ഗായകരെ സംബന്ധിച്ചും ഓരോ ദിവസത്തേക്കുള്ള അവരുടെ തവണകളെക്കുറിച്ചും ഒരു രാജകല്പന ഉണ്ടായിരുന്നു. 24യെഹൂദായുടെ പുത്രനായ സേരഹിന്റെ വംശത്തിൽ മെശേസബേലിന്റെ പുത്രൻ പെഥഹ്യാ ഇസ്രായേൽജനത്തെ സംബന്ധിച്ച കാര്യങ്ങളിൽ രാജാവിന്റെ കാര്യസ്ഥൻ ആയിരുന്നു. 25അനേകമാളുകൾ പട്ടണങ്ങളിലും അവയോടു ചേർന്ന ഗ്രാമങ്ങളിലും പാർത്തു. യെഹൂദാഗോത്രത്തിൽപ്പെട്ട ചിലർ കിര്യത്ത്-അർബയിലും ദീബോനിലും യെക്കബ്സയേലിലും അവയോടു ചേർന്ന ഗ്രാമങ്ങളിലും യേശുവയിലും 26മോലാദയിലും ബേത്ത്-പേലെതിലും ഹസർ-ശൂവാലിലും 27ബേർ-ശേബയിലും അതിനോടു ചേർന്ന ഗ്രാമങ്ങളിലും 28സിക്ലാഗിലും മെഖോനയിലും അവയോടു ചേർന്ന ഗ്രാമങ്ങളിലും 29എൻ-രിമ്മോനിലും സോരയിലും 30യാർമൂത്തിലും സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കായിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തു. അങ്ങനെ അവർ ബേർ-ശേബമുതൽ ഹിന്നോംതാഴ്‌വരവരെ വാസമുറപ്പിച്ചു. 31ബെന്യാമീൻഗോത്രക്കാർ ഗേബമുതൽ മിക്മാശ്‍വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും 32അനാഥോത്തിലും നോബിലും അനന്യായിലും 33ഹാസോരിലും രാമായിലും ഗിത്ഥായീമിലും ഹാദീദിലും 34സെബോയീമിലും നെബല്ലാത്തിലും 35ലോദിലും ശില്പികളുടെ താഴ്‌വരയായ ഓനോയിലും പാർത്തു. 36യെഹൂദ്യയിൽ പാർത്തിരുന്ന ചില ഗണങ്ങൾ ബെന്യാമീൻ ഗോത്രക്കാരോടു ചേർന്നു പാർത്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NEHEMIA 11: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക