SAM 86

86
എളിയവന്റെ പ്രാർഥന
ദാവീദിന്റെ സങ്കീർത്തനം
1സർവേശ്വരാ, എങ്കലേക്കു തിരിഞ്ഞ് എനിക്ക് ഉത്തരമരുളണമേ;
ഞാൻ ദരിദ്രനും എളിയവനുമാണല്ലോ.
2എന്റെ പ്രാണനെ കാത്തുകൊള്ളണമേ;
ഞാൻ അവിടുത്തെ ഭക്തനല്ലോ.
അങ്ങയിൽ ശരണപ്പെടുന്ന ഈ ദാസനെ രക്ഷിക്കണമേ.
അങ്ങാണെന്റെ ദൈവം.
3സർവേശ്വരാ, എന്നോടു കരുണ കാട്ടണമേ;
ഞാൻ അങ്ങയെ ഇടവിടാതെ വിളിച്ചപേക്ഷിക്കുന്നു.
4അങ്ങയുടെ ദാസനെ സന്തോഷിപ്പിക്കണമേ.
സർവേശ്വരാ, ഞാൻ അങ്ങയോടാണല്ലോ പ്രാർഥിക്കുന്നത്.
5നാഥാ, അവിടുന്നു നല്ലവനും ക്ഷമിക്കുന്നവനുമാണ്.
അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ അവിടുന്ന് അളവറ്റ സ്നേഹം ചൊരിയുന്നു.
6സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ!
എന്റെ യാചനയ്‍ക്കു ചെവി തരണമേ.
7കഷ്ടകാലത്ത് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും.
അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.
8സർവേശ്വരാ, ദേവന്മാരിൽ അങ്ങേക്കു തുല്യനായി ആരുമില്ല.
അങ്ങയുടെ പ്രവൃത്തികൾ നിസ്തുലമാണ്.
9സർവേശ്വരാ, അവിടുന്നു സൃഷ്‍ടിച്ച
സർവജനതകളും വന്ന് അങ്ങയെ നമിക്കുകയും പ്രകീർത്തിക്കുകയും ചെയ്യും.
10അവിടുന്ന് വലിയവനും അദ്ഭുതം പ്രവർത്തിക്കുന്നവനുമല്ലോ.
അവിടുന്നു മാത്രമാണ് ദൈവം.
11സർവേശ്വരാ, അവിടുത്തെ വഴി എനിക്ക് ഉപദേശിച്ചുതരണമേ.
അവിടുത്തോടുള്ള വിശ്വസ്തതയിൽ ഞാൻ നടക്കട്ടെ.
ഭയഭക്തിയോടെ അങ്ങയെ ആരാധിക്കാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ.
12എന്റെ ദൈവമായ സർവേശ്വരാ,
പൂർണഹൃദയത്തോടെ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും.
തിരുനാമത്തെ ഞാൻ എന്നും പ്രകീർത്തിക്കും.
13എന്നോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം എത്ര വലുതാണ്.
അവിടുന്ന് എന്നെ മരണത്തിന്റെ പിടിയിൽ നിന്നു മോചിപ്പിച്ചിരിക്കുന്നു.
14ദൈവമേ, അഹങ്കാരികൾ എന്നെ എതിർക്കുന്നു.
നിഷ്ഠുരന്മാർ എന്നെ അപായപ്പെടുത്താൻ നോക്കുന്നു.
അവർക്കു ദൈവവിചാരമില്ല.
15എന്നാൽ സർവേശ്വരാ, അവിടുന്നു കരുണാമയനും കൃപാലുവുമല്ലോ.
അവിടുന്നു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്.
16നാഥാ, തൃക്കൺപാർത്താലും! എന്നോടു കരുണയുണ്ടാകണമേ.
ഈ ദാസന് അവിടുത്തെ ശക്തി നല്‌കണമേ!
അങ്ങയുടെ ദാസിയുടെ മകനെ രക്ഷിക്കണമേ.
17അവിടുത്തെ കൃപാകടാക്ഷത്തിന് ഒരു അടയാളം കാണിക്കണമേ.
എന്നെ വെറുക്കുന്നവർ അതു കണ്ട് ലജ്ജിതരാകട്ടെ.
സർവേശ്വരാ, അവിടുന്ന് എന്നെ സഹായിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തുവല്ലോ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 86: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക