ROM 6

6
ക്രിസ്തുവിനോടു ചേർന്നുള്ള ജീവിതം
1അതുകൊണ്ട് നാം എന്താണു പറയുക? ദൈവത്തിന്റെ കൃപ വർധിക്കേണ്ടതിനു പാപത്തിൽ തുടർന്നു ജീവിക്കാമെന്നോ? ഒരിക്കലും പാടില്ല. 2പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം പിന്നെയും അതിൽത്തന്നെ ജീവിക്കുന്നത് എങ്ങനെ? 3ക്രിസ്തുയേശുവിനോടു ബന്ധപ്പെടുന്നതിനുവേണ്ടി സ്നാപനം ചെയ്യപ്പെട്ടവരായ നാം ആ സ്നാപനംമൂലം അവിടുത്തെ മരണത്തിൽ പങ്കാളികളാകുന്നു എന്നു നിങ്ങൾക്ക് അറിഞ്ഞുകൂടെയോ? 4സ്നാപനത്തിൽ നാം ക്രിസ്തുവിനോടുകൂടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്യുന്നു. അതു പിതാവിന്റെ മഹത്ത്വമേറിയ ശക്തിയാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതുപോലെ നാമും ജീവന്റെ പാതയിൽ നടക്കേണ്ടതിനാണ്.
5ക്രിസ്തുവിന്റെ മരണത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എങ്കിൽ അവിടുത്തെ പുനരുത്ഥാനത്തോടും നാം ഏകീഭവിക്കും. 6നാം ഇനി പാപത്തിന് അടിമകളായി തീരാതവണ്ണം നമ്മുടെ പാപസ്വഭാവം നശിക്കേണ്ടതിന് നമ്മിലുള്ള പഴയ മനുഷ്യൻ അവിടുത്തോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു നാം അറിയുന്നു. 7മരിച്ചവൻ പാപത്തിൽനിന്ന് അങ്ങനെ വിമുക്തനായിരിക്കുന്നു. 8നാം ക്രിസ്തുവിനോടുകൂടി മരിച്ചിരിക്കുന്നു എങ്കിൽ അവിടുത്തോടുകൂടി ജീവിക്കുമെന്ന് നാം വിശ്വസിക്കുന്നു. 9ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുകയാൽ ഇനി ഒരിക്കലും മരിക്കുകയില്ല; മരണത്തിന് ഇനി അവിടുത്തെമേൽ അധികാരമില്ലെന്നു നാം അറിയുന്നു. 10പാപത്തെപ്രതി അവിടുന്നു ഒരിക്കൽമാത്രം മരിച്ചു; അവിടുന്ന് ഇപ്പോൾ ജീവിക്കുന്നതാകട്ടെ ദൈവത്തോടുകൂടിയാകുന്നു. 11അതുപോലെ പാപത്തെ സംബന്ധിച്ചിടത്തോളം നിങ്ങൾ മരിച്ചു എന്നും ഇനി ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ട് ദൈവത്തോടു ചേർന്നാണു ജീവിക്കുന്നതെന്നും കരുതിക്കൊള്ളുക.
12മോഹങ്ങൾക്കു കീഴ്പെടത്തക്കവിധം പാപം ഇനിമേൽ നിങ്ങളുടെ മർത്യശരീരത്തിൽ വാഴരുത്; 13നിങ്ങളുടെ അവയവങ്ങളെ അധർമത്തിന്റെ ഉപകരണങ്ങളായി പാപത്തിനു വിട്ടുകൊടുക്കുകയുമരുത്; പിന്നെയോ മരണത്തിൽനിന്നും ജീവൻ പ്രാപിച്ചവരെന്ന നിലയിൽ, നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും നിങ്ങളുടെ അവയവങ്ങളെ ദൈവോദ്ദേശ്യത്തിനുവേണ്ടി പോരാടുന്നതിനുള്ള ആയുധങ്ങളായി ദൈവത്തിനു കാഴ്ചവയ്‍ക്കുകയും ചെയ്യുക. 14നിയമത്തിനല്ല, ദൈവകൃപയ്‍ക്കത്രേ നിങ്ങൾ വിധേയരായിരിക്കുന്നത്; അതുകൊണ്ട് പാപം ഇനിമേൽ നിങ്ങളെ ഭരിക്കുകയില്ല.
ഇനി പാപത്തിന് അടിമകളല്ല
15പിന്നെയെന്ത്? നാം നിയമത്തിനല്ല, പ്രത്യുത ദൈവകൃപയ്‍ക്കു കീഴിലുള്ളവരായതുകൊണ്ട് പാപം ചെയ്യാമെന്നോ? ഒരിക്കലുമരുത്! 16നിങ്ങൾ ഏതൊന്നിനെ അനുസരിക്കുന്നുവോ അതിനു നിങ്ങൾ അടിമകളാകുന്നു. ഏതൊന്നിന്റെ അടിമകളായി നിങ്ങൾ സ്വയം സമർപ്പിച്ച് അതിനെ അനുസരിക്കുന്നുവോ അതിനു നിങ്ങൾ വിധേയരുമാകുന്നു. മരണത്തിലേക്കു നയിക്കുന്ന പാപത്തെ സംബന്ധിച്ചും ദൈവനീതിയിലേക്കു നയിക്കുന്ന അനുസരണത്തെ സംബന്ധിച്ചും ഇതു ശരിയാണെന്നു നിങ്ങൾ അറിയുന്നില്ലേ? 17മുമ്പു പാപത്തിന്റെ അടിമകളായിരുന്നെങ്കിലും നിങ്ങൾക്കു ലഭിച്ച പ്രബോധനത്തിൽ കണ്ടെത്തിയ സത്യങ്ങളെ നിങ്ങൾ സർവാത്മനാ അനുസരിക്കുന്നു. 18നിങ്ങൾ പാപത്തിൽനിന്നു സ്വതന്ത്രരാക്കപ്പെടുകയും ദൈവനീതിക്ക് അടിമകളായിത്തീരുകയും ചെയ്തു. ദൈവത്തിനു സ്തോത്രം! 19നിങ്ങളുടെ മാനുഷികമായ ദൗർബല്യം നിമിത്തം നിങ്ങൾക്കു മനസ്സിലാകുന്ന രീതിയിൽ ഇതു ഞാൻ പറയുന്നു. ധാർമികമായ അരാജകത്വത്തിലേക്കു നയിക്കുന്ന അശുദ്ധിക്കും ദുഷ്ടതയ്‍ക്കും അടിമകളായി നിങ്ങൾ നിങ്ങളെത്തന്നെ ഒരിക്കൽ സമർപ്പിച്ചിരുന്നു. അതുപോലെ നിങ്ങളെ നീതിക്കും വിശുദ്ധമായ ലക്ഷ്യങ്ങൾക്കുംവേണ്ടി ഇപ്പോൾ പൂർണമായും സമർപ്പിക്കുക.
20നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ ദൈവനീതിയുടെ നിർവഹണത്തിനു വിധേയരല്ലായിരുന്നു. 21അന്നു ചെയ്ത പ്രവൃത്തികൾ ഇപ്പോൾ ലജ്ജാവഹമായി നിങ്ങൾക്കു തോന്നുന്നു. അവ ചെയ്തതുകൊണ്ട് നിങ്ങൾക്ക് എന്തു നേട്ടമുണ്ടായി? അവയുടെ അന്ത്യം മരണമാണല്ലോ! 22ഇപ്പോൾ പാപത്തിൽനിന്നു നിങ്ങൾ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ ദൈവത്തിന്റെ ദാസന്മാരാണ്; നിങ്ങൾക്കുള്ള നേട്ടം ദൈവത്തിനു സമ്പൂർണമായി സമർപ്പിക്കപ്പെട്ട വിശുദ്ധജീവിതവും അതിന്റെ അന്ത്യം അനശ്വരജീവനുമാകുന്നു. 23പാപം അതിന്റെ വേതനം നല്‌കുന്നു- മരണംതന്നെ; എന്നാൽ ദൈവത്തിന്റെ കൃപാവരം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ROM 6: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക