2 കൊരി. 12
12
പൗലോസിന്‍റെ ദർശനവും മുള്ളും
1പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്‍റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ച് പറയുവാൻ പോകുന്നു. 2ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിനാല് വർഷം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു. 3ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു എന്നും - ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല; ശരീരം കൂടാതെയോ എന്നും അറിയുന്നില്ല; ദൈവം അറിയുന്നു. 4മനുഷ്യന് ഉച്ചരിക്കുവാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നും ഞാൻ അറിയുന്നു.
5അങ്ങനെയുള്ള ഒരുവനെക്കുറിച്ച് ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്‍റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കുകയില്ല. 6ഞാൻ പ്രശംസിക്കുവാൻ ആശിച്ചാലും മൂഢനാകയില്ല; എന്തെന്നാൽ ഞാൻ സത്യം പറയും; എങ്കിലും എന്നെ കാണുന്നതിനും എന്നിൽനിന്ന് കേൾക്കുന്നതിനും ഉപരി ആരും എന്നെക്കുറിച്ച് ചിന്തിക്കരുത് എന്നുവച്ച് ഞാൻ അതിൽനിന്ന് അകന്നുനിൽക്കുന്നു. 7വെളിപ്പാടുകളുടെ ആധിക്യം നിമിത്തം ഞാൻ എന്നെത്തന്നെ അതിയായി ഉയർത്താതിരിക്കുവാൻ എനിക്ക് ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ എന്നെത്തന്നെ അതിയായി ഉയർത്താതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്‍റെ ദൂതനെ തന്നെ. 8അത് എന്നെവിട്ടു നീങ്ങേണ്ടതിന് ഞാൻ മൂന്നുപ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചു. 9അവൻ എന്നോട്: എന്‍റെ കൃപ നിനക്കു മതി; എന്‍റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നുവല്ലോ എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്‍റെ ശക്തി എന്‍റെ മേൽ ആവസിക്കേണ്ടതിന് ഞാൻ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളിൽ പ്രശംസിക്കും. 10അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, അപമാനം, ദുരിതം, ഉപദ്രവം, ബുദ്ധിമുട്ട് എന്നിവ സഹിക്കുന്നതിൽ ഞാൻ സംതൃപ്തിയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ബലഹീനനായിരിക്കുമ്പോൾ തന്നെ ഞാൻ ശക്തനാകുന്നു.
കൊരിന്ത്യയിലുള്ളവരെപ്പറ്റിയുള്ള പൗലോസിന്‍റെ കരുതൽ
11ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ പ്രശംസിക്കേണ്ടതായിരുന്നു; എന്തെന്നാൽ, ഞാൻ ഒന്നുമല്ല എങ്കിലും, അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല. 12യഥാർത്ഥ അപ്പൊസ്തലൻ്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടു. 13ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളേക്കാൾ നിങ്ങളെ ഏതുകാര്യത്തിൽ കുറവുള്ളവരാക്കി? ഈ അന്യായം ക്ഷമിച്ചുകൊള്ളുവിൻ.
14ഈ മൂന്നാം പ്രാവശ്യവും നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു; എന്നാൽ നിങ്ങൾക്ക് ഭാരമായിത്തീരുകയുമില്ല; എന്തുകൊണ്ടെന്നാൽ, നിങ്ങൾക്കുള്ളതിനെയല്ല നിങ്ങളെത്തന്നെ ഞാൻ അന്വേഷിക്കുന്നു; മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ സമ്പാദിച്ചുവയ്ക്കേണ്ടത്. 15ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ? 16എന്നാൽ, ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എങ്കിലും കൗശലക്കാരനാകയാൽ വഞ്ചനകൊണ്ട് നിങ്ങളെ കൈവശമാക്കി എന്നു നിങ്ങൾ പറയുമായിരിക്കും. 17ഞാൻ നിങ്ങളുടെ അടുക്കൽ അയച്ചവരിൽ ആരെയെങ്കിലുംകൊണ്ട് നിങ്ങളെ ചൂഷണം ചെയ്തെടുത്തുവോ? 18ഞാൻ തീത്തൊസിനെ ഉത്സാഹിപ്പിച്ച്, ആ സഹോദരനെയും അവന്‍റെ കൂടെ അയച്ചിരുന്നു; തീത്തൊസ് നിങ്ങളെ ചൂഷണം ചെയ്തുവോ? ഞങ്ങൾ നടന്നത് അതേ ആത്മാവിൽ അല്ലയോ? അതേ കാൽച്ചുവടുകളിൽ അല്ലയോ?
19ഇത്രനേരം ഞങ്ങൾ നിങ്ങളോട് പ്രതിവാദിക്കുന്നു എന്നു നിങ്ങൾക്ക് തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവിൽ ആകുന്നു ഞങ്ങൾ സംസാരിക്കുന്നത്; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മികവർദ്ധനയ്ക്കായിട്ടത്രേ. 20ഞാൻ വരുമ്പോൾ ഞാൻ ആഗ്രഹിക്കാത്ത വിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ആഗ്രഹിക്കാത്ത വിധത്തിൽ എന്നെ കാണുകയും ചെയ്യുമോ എന്നും, പിണക്കം, അസൂയ, കോപം, പക, ഏഷണി, പരദൂഷണം, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും ഞാൻ ഭയപ്പെടുന്നു. 21ഞാൻ വീണ്ടും വരുമ്പോൾ എന്‍റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുവാനും, മുമ്പ് പാപംചെയ്യുകയും തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പ്, ദുഷ്കാമം എന്നിവയെക്കുറിച്ച് മാനസാന്തരപ്പെടുകയും ചെയ്യാത്ത പലരെയും ചൊല്ലി വിലപിക്കുവാനും ഇടയാകുമോ എന്നും ഞാൻ ഭയപ്പെടുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 കൊരി. 12: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.