2 കൊരി. 13
13
കൊരിന്ത്യരോടുള്ള അന്ത്യശാസനം
1ഇത് മൂന്നാം പ്രാവശ്യം ആണ് ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നത് “രണ്ടോ മൂന്നോ സാക്ഷികളുടെ സാക്ഷ്യത്താൽ ഏത് കാര്യവും ഉറപ്പാക്കപ്പെടും”
2ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കുകയില്ല എന്നു പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ട്, മുമ്പു പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു. 3ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന് നിങ്ങൾ തെളിവ് അന്വേഷിക്കുന്നുവല്ലോ. നിങ്ങളോടുള്ള ബന്ധത്തിൽ അവൻ ബലഹീനനല്ല, നിങ്ങളിൽ ശക്തൻ തന്നെ. 4ബലഹീനതയിൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കായി ജീവിക്കുന്നു.
5നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നെ പരീക്ഷിക്കുവിൻ; നിങ്ങളെത്തന്നെ പരിശോധിക്കുവിൻ. നിങ്ങൾ അയോഗ്യരായി തെളിയുന്നില്ല എന്നു വരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്നു നിങ്ങൾ നിങ്ങളെക്കുറിച്ച് തിരിച്ചറിയുന്നില്ലയോ? 6എന്നാൽ ഞങ്ങൾ അയോഗ്യരായി തെളിഞ്ഞില്ല എന്നു നിങ്ങൾ അറിയും എന്നു ഞാൻ വിശ്വസിക്കുന്നു. 7നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു; ഞങ്ങൾ യോഗ്യരായി തോന്നേണ്ടതിനല്ല, ഞങ്ങൾ അയോഗ്യർ എന്നപോലെ ഇരുന്നാലും, നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രേ. 8സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിന് പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിവില്ലല്ലോ. 9ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങൾ തികഞ്ഞവരാകേണ്ടതിന് തന്നെ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
10അതുനിമിത്തം ഞാൻ വരുമ്പോൾ ഇടിച്ചുകളയുവാനല്ല, പണിയുവാനായിത്തന്നെ കർത്താവ് തന്ന അധികാരത്തിന് ഒത്തവണ്ണം, പരുഷമായി പെരുമാറാതിരിക്കേണ്ടതിന് ദൂരത്തുനിന്ന് ഇത് എഴുതുന്നു.
അന്ത്യാഭിവാദനം
11ഒടുവിൽ സഹോദരന്മാരേ, സന്തോഷിക്കുവിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊള്ളുവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിക്കുവിൻ; സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും. 12വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്യുവിൻ.
13വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു.
14കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 കൊരി. 13: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.