യെഹെ. 23
23
വ്യഭിചാരിണികളായ രണ്ടു സഹോദരിമാർ
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 2“മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു. 3അവർ മിസ്രയീമിൽ വച്ചു പരസംഗം ചെയ്തു; യൗവനത്തിൽ തന്നെ അവർ പരസംഗം ചെയ്തു; അവിടെവച്ച് അവരുടെ സ്തനങ്ങൾ തഴുകപ്പെട്ടു; അവരുടെ മാറിടം തലോടപ്പെട്ടു. 4അവരിൽ മൂത്തവൾക്ക് ഒഹൊലാ എന്നും ഇളയവൾക്ക് ഒഹൊലീബാ എന്നും പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു; പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേര് ഒഹൊലാ എന്നത് ശമര്യയും ഒഹൊലീബാ എന്നത് യെരൂശലേമും ആകുന്നു.
5“എന്നാൽ ഒഹൊലാ എന്നെ വിട്ട് പരസംഗം ചെയ്തു; 6അവൾ തന്‍റെ സമീപസ്ഥരായ അശ്ശൂര്യജാരന്മാരെ മോഹിച്ചു; അവർ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും കോമളയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായിരുന്നു. 7അശ്ശൂര്യശ്രേഷ്ഠന്മാരായവരുമായി അവൾ വേശ്യാവൃത്തിയിൽ കഴിഞ്ഞുകൂടി; താൻ മോഹിച്ച എല്ലാവരുടെയും സകലവിഗ്രഹങ്ങളാലും അവൾ തന്നെത്തന്നെ മലിനയാക്കി. 8മിസ്രയീമിൽ നിന്നു കൊണ്ടുവന്ന തന്‍റെ വേശ്യാവൃത്തിയും അവൾ ഉപേക്ഷിച്ചില്ല; അവർ അവളുടെ യൗവനത്തിൽ അവളോടുകൂടി ശയിച്ച്, അവളുടെ മാറിടം തലോടി, തങ്ങളുടെ പരസംഗത്തിന് അവളെ ഉപകരണമാക്കി.
9അതുകൊണ്ട് ഞാൻ അവളെ അവളുടെ ജാരന്മാരുടെ കയ്യിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂര്യരുടെ കയ്യിൽ തന്നെ, ഏല്പിച്ചു. 10അവർ അവളുടെ നഗ്നത അനാവരണം ചെയ്തു; അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കുകയും അവളെ വാൾകൊണ്ട് കൊല്ലുകയും ചെയ്തു; അവർ അവളുടെമേൽ വിധി നടത്തിയതുകൊണ്ട് അവൾ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീർന്നു.
11എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടു എങ്കിലും, തന്‍റെ കാമവികാരത്തിൽ അവളെക്കാളും, തന്‍റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്തം പ്രവർത്തിച്ചു. 12മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും കോമളയുവാക്കന്മാരുമായ, സമീപസ്ഥരായ എല്ലാ അശ്ശൂര്യരെയും അവൾ മോഹിച്ചു, 13അവളും തന്നെത്തന്നെ മലിനയാക്കി എന്നു ഞാൻ കണ്ടു; ഇരുവരും ഒരേ വഴിയിൽ തന്നെ നടന്നു.
14“അവൾ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചുവപ്പുചായംകൊണ്ട് എഴുതിയ കല്ദയരുടെ ചിത്രങ്ങൾ, 15കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്‍ക്കാരുടെ രൂപത്തിൽ അരയ്ക്ക് കച്ചകെട്ടി, തലയിൽ തലപ്പാവു ചുറ്റി, പ്രഭുക്കന്മാരെപ്പോലെ കാണപ്പെട്ട പുരുഷന്മാരുടെ ചിത്രങ്ങളെ തന്നെ ചുവരിന്മേൽ വരച്ചിരിക്കുന്നത് അവൾ കണ്ടു. 16കണ്ട ഉടനെ അവൾ അവരെ മോഹിച്ച്, കല്ദയദേശത്തേക്ക് അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു. 17അങ്ങനെ ബാബേല്‍ക്കാർ പ്രേമശയനത്തിനായി അവളുടെ അടുക്കൽവന്ന് പരസംഗംകൊണ്ട് അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായിത്തീർന്നു; പിന്നെ അവൾക്ക് അവരോട് വെറുപ്പുതോന്നി. 18ഇങ്ങനെ അവൾ തന്‍റെ പരസംഗം വെളിപ്പെടുത്തി തന്‍റെ നഗ്നത അനാവരണം ചെയ്തപ്പോൾ, എനിക്ക് അവളുടെ സഹോദരിയോട് വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പുതോന്നി. 19എന്നിട്ടും അവൾ മിസ്രയീമിൽ വച്ചു പരസംഗം ചെയ്ത തന്‍റെ യൗവനകാലം ഓർത്തു പരസംഗം വർദ്ധിപ്പിച്ചു. 20കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു. 21ഇങ്ങനെ നിന്‍റെ യൗവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്‍റെ സ്തനാഗ്രങ്ങൾ തലോടിയ നിന്‍റെ യൗവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.
22“അതുകൊണ്ട് ഒഹൊലീബയേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേല്‍ക്കാർ, കല്ദയർ, പെക്കോദ്യർ, ശോവ്യർ, 23കോവ്യർ, അശ്ശൂര്യർ എന്നിങ്ങനെയുള്ള കോമളയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും പ്രഭുക്കന്മാരും കീർത്തികേട്ടവരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്‍റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണർത്തി എല്ലാവശത്തുനിന്നും നിന്‍റെനേരെ വരുത്തും. 24അവർ അനവധി രഥങ്ങളും വാഹനങ്ങളും ഒരു ജനസമൂഹവുമായി നിന്‍റെനേരെ വരും; അവർ പരിചയും പലകയും പിടിച്ച് ശിരസ്ത്രം ധരിച്ച് നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവരെ ഭരമേല്പിക്കും; അവർ അവരുടെ ന്യായങ്ങൾക്ക് അനുസരിച്ച് നിന്നെ ന്യായംവിധിക്കും. 25ഞാൻ എന്‍റെ തീക്ഷ്ണത നിന്‍റെനേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോട് പെരുമാറും; അവർ നിന്‍റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിക്കുന്നവർ വാൾകൊണ്ടു വീഴും; അവർ നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിക്കുന്നവർ തീയാൽ ദഹിപ്പിക്കപ്പെടും. 26അവർ നിന്‍റെ വസ്ത്രം ഉരിഞ്ഞ് ആഭരണങ്ങൾ എടുത്തുകളയും. 27ഇങ്ങനെ ഞാൻ നിന്‍റെ ദുർന്നടപ്പും, മിസ്രയീമിൽ നിന്നു കൊണ്ടുവന്ന നിന്‍റെ വേശ്യാവൃത്തിയും നിർത്തലാക്കും; നീ ഇനി തലപൊക്കി അവരെ നോക്കുകയില്ല; മിസ്രയീമിനെ ഓർക്കുകയുമില്ല.”
28യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നീ പകയ്ക്കുന്നവരുടെ കയ്യിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യിൽ തന്നെ, ഏല്പിക്കും. 29അവർ പകയോടെ നിന്നോട് പെരുമാറി, നിന്‍റെ സമ്പാദ്യം മുഴുവനും എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്‍റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്‍റെ ദുർന്നടപ്പും പരസംഗങ്ങളും വെളിപ്പെട്ടുവരും. 30നീ ജനതകളോടു ചേർന്ന് പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നെ മലിനയാക്കിയതുകൊണ്ടും ഇത് നിനക്കു ഭവിക്കും. 31നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ട് ഞാൻ അവളുടെ പാനപാത്രം നിന്‍റെ കയ്യിൽ തരും.”
32യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ സഹോദരിയുടെ ആഴവും വിസ്താരവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ച് നിന്ദയ്ക്കും പരിഹാസത്തിനും വിഷയമായിത്തീരും; അതിൽ വളരെ കൊള്ളുമല്ലോ. 33ഭീതിയും ശൂന്യതയുമുള്ള പാനപാത്രമായി, നിന്‍റെ സഹോദരി ശമര്യയുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ട് നീ നിറഞ്ഞിരിക്കുന്നു. 34നീ അത് കുടിച്ചു വറ്റിച്ച് ഉടച്ച് കഷണങ്ങളെ നക്കി നിന്‍റെ സ്തനങ്ങളെ കീറിക്കളയും; ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
35ആകയാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ എന്നെ മറന്ന് എന്നെ നിന്‍റെ പിമ്പിൽ എറിഞ്ഞുകളയുകകൊണ്ട് നീ നിന്‍റെ ദുർന്നടപ്പും പരസംഗവും വഹിക്കുക.”
36പിന്നെയും യഹോവ എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ലേച്ഛതകൾ അവരോട് അറിയിക്കുക. 37അവർ വ്യഭിചാരം ചെയ്തു; അവരുടെ കയ്യിൽ രക്തം ഉണ്ട്; അവരുടെ വിഗ്രഹങ്ങളോട് അവർ വ്യഭിചാരം ചെയ്തു; അവർ എനിക്ക് പ്രസവിച്ച മക്കളെ അവയ്ക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു. 38ഒന്നുകൂടെ അവർ എന്നോട് ചെയ്തിരിക്കുന്നു: അന്നു തന്നെ അവർ എന്‍റെ വിശുദ്ധമന്ദിരത്തെ മലിനമാക്കി, എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കി. 39അവർ അവരുടെ മക്കളെ വിഗ്രഹങ്ങൾക്ക് വേണ്ടി കൊന്ന ശേഷം അന്നുതന്നെ അവർ എന്‍റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്ക് വന്നു; ഇങ്ങനെയാകുന്നു അവർ എന്‍റെ ആലയത്തിന്‍റെ മദ്ധ്യത്തിൽ ചെയ്തത്.
40ഇതുകൂടാതെ, ദൂരത്തുനിന്ന് വന്ന പുരുഷന്മാർക്ക് അവർ ആളയച്ച്; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്നയുടൻ അവർ വന്നു; അവർക്ക് വേണ്ടി നീ കുളിച്ച്, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞ്, 41ഭംഗിയുള്ള ഒരു കട്ടിലിന്മേൽ ഇരുന്നു, അതിന്‍റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്‍റെ കുന്തുരുക്കവും എണ്ണയും വച്ചു. 42നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്‍റെ ഘോഷം അവളോടുകൂടി ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ച്, മരുഭൂമിയിൽനിന്നു മദ്യപന്മാരെ വരുത്തി; അവർ അവരുടെ കൈകളിൽ വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വയ്ക്കുകയും ചെയ്തു.”
43അപ്പോൾ വ്യഭിചാരവൃത്തികൊണ്ട് വൃദ്ധയായവളെക്കുറിച്ച് ഞാൻ: “ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യുമോ?” എന്നു പറഞ്ഞു. 44അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു. 45എന്നാൽ നീതിമാന്മാരായ പുരുഷന്മാർ, വ്യഭിചാരിണികൾക്കും രക്തപാതകികൾക്കും തക്ക ന്യായപ്രകാരം അവരെ ന്യായംവിധിക്കും; അവർ വ്യഭിചാരിണികളല്ലയോ; അവരുടെ കയ്യിൽ രക്തവും ഉണ്ട്.
46യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിനും കവർച്ചയ്ക്കും ഏല്പിക്കും. 47ആ സഭ അവരെ കല്ലെറിഞ്ഞ് വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്ന് അവരുടെ വീടുകൾ തീവച്ച് ചുട്ടുകളയും. 48ഇങ്ങനെ നിങ്ങളുടെ ദുർന്നടപ്പുപോലെ ചെയ്യാതിരിക്കുവാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന് ഞാൻ ദുർന്നടപ്പ് ദേശത്തുനിന്ന് നീക്കിക്കളയും. 49അങ്ങനെ അവർ നിങ്ങളുടെ ദുർന്നടപ്പിനു തക്കവണ്ണം നിങ്ങൾക്ക് പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 23: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.