യെഹെ. 24
24
തിളയ്ക്കുന്ന കുട്ടകം
1ബാബിലോന്യ പ്രവാസത്തിന്‍റെ ഒമ്പതാം ആണ്ട് പത്താം മാസം, പത്താം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 2“മനുഷ്യപുത്രാ, ഈ തീയതി ഇന്നത്തെ തീയതി തന്നെ, എഴുതിവയ്ക്കുക; ഇന്നുതന്നെ ബാബേൽരാജാവ് യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു. 3നീ മത്സരഗൃഹത്തോട് ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വച്ചു അതിൽ വെള്ളം ഒഴിക്കുക. 4മാംസക്കഷണങ്ങൾ, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളെല്ലാം തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിക്കഷണങ്ങൾകൊണ്ട് അത് നിറയ്ക്കുക. 5ആട്ടിൻകൂട്ടത്തിൽനിന്ന് വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്‍റെ കീഴിൽ വിറക് അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്‍റെ അസ്ഥികൾ അതിനകത്ത് കിടന്ന് വേകട്ടെ.”
6അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അകത്ത് ക്ലാവുള്ളതും ക്ലാവു വിട്ടുപോകാത്തതുമായ കുട്ടകത്തിന്, രക്തപാതകമുള്ള നഗരത്തിനു തന്നെ, അയ്യോ കഷ്ടം! അതിനെ കഷണംകഷണമായി പുറത്തെടുക്കുക; ചീട്ട് അതിന്മേൽ വീണിട്ടില്ല. 7അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യത്തിൽ ഉണ്ട്; അവൾ അത് വെറും പാറമേലാകുന്നു ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടത്തക്കവിധം അവൾ അത് നിലത്ത് ഒഴിച്ചില്ല. 8ക്രോധം വരുത്തേണ്ടതിനും പ്രതികാരം ചെയ്യേണ്ടതിനും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽ തന്നെ നിർത്തിയിരിക്കുന്നു.”
9അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “രക്തപാതകങ്ങളുടെ നഗരത്തിന് അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും. 10വിറകു കൂട്ടുക; തീ കത്തിക്കുക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ. 11അതിന്‍റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിനും, അതിന്‍റെ കറ അതിൽ ഉരുകി അതിന്‍റെ ക്ലാവു ഇല്ലാതെയാകേണ്ടതിനും അതിലെ വസ്തുക്കൾ നീക്കം ചെയ്തു, അത് കനലിന്മേൽ വെക്കുക. 12അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ലാവ് തീയിലും വിട്ടുപോകുന്നില്ല. 13നിന്‍റെ മലിനമായ ദുർന്നടപ്പുനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകാത്തതിനാൽ, ഞാൻ എന്‍റെ ക്രോധം നിന്‍റെമേൽ തീർക്കുവോളം ഇനി നിന്‍റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.
14“യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; അത് സംഭവിക്കും; ഞാൻ അത് അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കുകയില്ല, സഹതപിക്കുകയുമില്ല, നിന്‍റെ നടപ്പിനും ക്രിയകൾക്കും തക്കവിധം അവർ നിന്നെ ന്യായംവിധിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
യെഹെസ്കേലിൻ്റെ ഭാര്യയുടെ മരണം
15യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 16“മനുഷ്യപുത്രാ, ഞാൻ നിന്‍റെ കണ്ണിന്‍റെ ആനന്ദമായവളെ ഒറ്റ അടിയാൽ തന്നെ നിന്നിൽനിന്ന് എടുത്തുകളയും; നീ വിലപിക്കുകയോ കരയുകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുത്. 17നീ മൗനമായി നെടുവീർപ്പിട്ടുകൊള്ളുക; മരിച്ചവൾക്കുവേണ്ടി വിലാപം കഴിക്കരുത്; തലയ്ക്കു തലപ്പാവു കെട്ടി കാലിന് ചെരിപ്പിടുക; അധരം മൂടരുത്; മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നുകയും അരുത്.” 18അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്‍റെ ഭാര്യ മരിച്ചു; എന്നോട് കല്പിച്ചതുപോലെ ഞാൻ പിറ്റെ ദിവസം രാവിലെ ചെയ്തു. 19അപ്പോൾ ജനം എന്നോട്: “നീ ഈ ചെയ്യുന്നതിൻ്റെ അർത്ഥം എന്ത്? ഞങ്ങൾക്കു പറഞ്ഞുതരുകയില്ലയോ” എന്നു ചോദിച്ചു.
20അതിന് ഞാൻ അവരോട് ഉത്തരം പറഞ്ഞത്: “യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 21നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവ്വത്തോടെ അഭിമാനിക്കുന്നതും നിങ്ങളുടെ കണ്ണിന്‍റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്‍റെ വാഞ്ഛയും ആയിരിക്കുന്ന എന്‍റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടിട്ടുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും. 22ഞാൻ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നാതെയും ഇരിക്കും. 23നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പ് കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച്, തമ്മിൽതമ്മിൽ നോക്കി ഞരങ്ങും. 24ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്ക് ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ എല്ലാം നിങ്ങളും ചെയ്യും; അത് സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.”
25“മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്‍റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ, 26ആ നാളിൽ തന്നെ, രക്ഷപെട്ടുപോകുന്ന ഒരുത്തൻ നിന്‍റെ അടുക്കൽവന്ന് വസ്തുത നിന്നെ പറഞ്ഞു കേൾപ്പിക്കും; 27രക്ഷപെട്ടുപോകുന്നവനോടു സംസാരിക്കുവാൻ അന്നു നിന്‍റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്ക് ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 24: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.