യെഹെ. 38
38
ഗോഗിനെതിരെ പ്രവചനം
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 2“മനുഷ്യപുത്രാ, മേശക്കിന്‍റെയും തൂബലിൻ്റെയും മുഖ്യപ്രഭുവായ, മാഗോഗ് ദേശത്തിലുള്ള ഗോഗിൻ്റെ നേരെ നീ മുഖംതിരിച്ച് അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടത്: 3‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:മേശക്കിന്‍റെയും തൂബലിൻ്റെയും മുഖ്യപ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. 4ഞാൻ നിന്നെ വഴിതെറ്റിച്ച്, നിന്‍റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി, നിന്നെയും നിന്‍റെ സകലസൈന്യത്തെയും എല്ലാ കുതിരകളെയും സർവ്വായുധം ധരിച്ച എല്ലാ കുതിരച്ചേവകരെയും വാളും പരിചയും പലകയും എടുത്ത ഒരു മഹാസമൂഹത്തെയും, 5അവരോടുകൂടിയുള്ള പരിചയും ശിരസ്ത്രവും ധരിച്ച പാർസികൾ, കൂശ്യർ, പൂത്യർ എന്നിവരും, ഗോമെരും 6അവന്‍റെ എല്ലാ പടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്‍റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജനതകളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.
7“ഒരുങ്ങിക്കൊള്ളുക! നീയും നിന്‍റെ അടുക്കൽ കൂടിയിരിക്കുന്ന നിന്‍റെ സമൂഹവും എല്ലാം ഒരുങ്ങിക്കൊള്ളുവിൻ! നീ അവർക്ക് മേധാവി ആയിരിക്കുക. 8ഏറിയനാൾ കഴിഞ്ഞിട്ട് നീ സന്ദർശിക്കപ്പെടും; വാളിൽനിന്ന് രക്ഷപെട്ടതും, പല ജനതകളിൽനിന്ന് ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്ക് നീ അവസാനം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽ പർവ്വതങ്ങളിൽ തന്നെ; എന്നാൽ അവർ ജനതകളുടെ ഇടയിൽനിന്ന് വന്ന് എല്ലാവരും നിർഭയമായി വസിക്കും. 9നീ മഴക്കോൾപോലെ കയറിവരും; നീയും നിന്‍റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജനതകളും മേഘംപോലെ ദേശത്തെ മൂടും.”
10യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ നാളിൽ നിന്‍റെ ഹൃദയത്തിൽ ചില ചിന്തകൾ ഉത്ഭവിക്കും; 11നീ ഒരു ദുരുപായം നിരൂപിക്കും; ‘മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിനും കവർച്ച ചെയ്യേണ്ടതിനും, ശൂന്യമായിക്കിടന്നശേഷം വീണ്ടും നിവാസികൾ ഉള്ളതായ സ്ഥലങ്ങൾക്കു നേരെയും, ജനതകളുടെ ഇടയിൽനിന്ന് ശേഖരിക്കപ്പെട്ട്, കന്നുകാലികളും ധനവും സമ്പാദിച്ച്, ഭൂമിയുടെ മദ്ധ്യത്തിൽ വസിച്ചിരിക്കുന്ന ഒരു ജനത്തിന്‍റെ നേരെയും കൈ നീട്ടേണ്ടതിനും 12മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ച് സ്വൈരമായിരിക്കുന്ന എല്ലാവരുടെയും നേരെ ഞാൻ ചെല്ലും” എന്നും നീ പറയും. 13ശെബയും ദെദാനും തർശ്ശീശിലെ വ്യാപാരികളും അതിലെ സകലബാലസിംഹങ്ങളും നിന്നോട്: ‘നീ കൊള്ളയിടുവാനോ വന്നത്? കവർച്ച ചെയ്യുവാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിക്കുവാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്‍റെ സമൂഹത്തെ കൂട്ടിയിരിക്കുന്നത്’ എന്നു പറയും.
14ആകയാൽ മനുഷ്യപുത്രാ, നീ പ്രവചിച്ച് ഗോഗിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്‍റെ ജനമായ യിസ്രായേൽ നിർഭയമായി വസിക്കുന്ന ആ നാളിൽ, നീ അത് അറിയുകയില്ലയോ? 15നീയും നിന്നോടുകൂടെ പല ജനതകളും, മഹാസൈന്യവും, മഹാസമൂഹമായി എല്ലാവരും കുതിരപ്പുറത്തു കയറി, നിന്‍റെ ദിക്കിൽനിന്ന്, വടക്കെ അറ്റത്തുനിന്നു തന്നെ, വരും. 16ദേശത്തെ മറയ്ക്കേണ്ടതിനുള്ള ഒരു മേഘംപോലെ നീ എന്‍റെ ജനമായ യിസ്രായേലിന്‍റെ നേരെ വരും; ഗോഗേ, അന്ത്യകാലത്ത് ജനതകളുടെ കൺമുമ്പിൽ ഞാൻ എന്നെത്തന്നെ നിന്നിൽ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിന് ഞാൻ നിന്നെ എന്‍റെ ദേശത്തിന്‍റെ നേരെ വരുത്തും.”
17യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ യിസ്രായേലിനു വിരോധമായി വരുത്തും’ എന്നു കഴിഞ്ഞകാലത്ത്, അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്‍റെ ദാസന്മാർ മുഖാന്തരം ഞാൻ അന്നു അരുളിച്ചെയ്തത് നിന്നെക്കുറിച്ചല്ലയോ? 18യിസ്രായേൽദേശത്തിനു വിരോധമായി ഗോഗ് വരുന്ന ആ നാളിൽ, എന്‍റെ മുഖം ഉഗ്രകോപത്താൽ ജ്വലിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 19“അന്നാളിൽ നിശ്ചയമായി യിസ്രായേൽ ദേശത്ത് ഒരു വലിയ ഭൂകമ്പം ഉണ്ടാകും’ എന്നു ഞാൻ എന്‍റെ തീക്ഷ്ണതയിലും എന്‍റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു. 20അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന എല്ലാ ഇഴജാതിയും ഭൂതലത്തിലെ സകലമനുഷ്യരും എന്‍റെ സന്നിധിയിൽ വിറയ്ക്കും; മലകൾ ഇടിഞ്ഞുപോകും; കടുന്തൂക്കായ സ്ഥലങ്ങൾ വീണുപോകും; എല്ലാ മതിലും നിലംപരിചാകും. 21ഞാൻ എന്‍റെ സകലപർവ്വതങ്ങളോടും അവന്‍റെനേരെ വാളെടുക്കുവാൻ കല്പിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു; ഓരോരുത്തന്‍റെ വാൾ അവനവന്‍റെ സഹോദരനു വിരോധമായിരിക്കും. 22ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്‍റെമേലും അവന്‍റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടിയുള്ള പല ജനതകളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും. 23ഇങ്ങനെ ഞാൻ സ്വയം മഹത്ത്വീകരിക്കുകയും സ്വയം വിശുദ്ധീകരിക്കുകയും പല ജനതകളുടെയും കൺമുമ്പിൽ എന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 38: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.