യെഹെ. 39
39
ഗോഗിൻ്റെ പതനം
1നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ച് പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: മേശക്കിന്റെയും തൂബലിൻ്റെയും മുഖ്യപ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. 2ഞാൻ നിന്നെ വഴിതെറ്റിച്ച് നിന്നിൽ ആറിലൊന്നു മാത്രം ശേഷിപ്പിച്ച്, നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ച്, യിസ്രായേൽ പർവ്വതങ്ങളിൽ വരുത്തും. 3ഞാൻ നിന്റെ ഇടങ്കയ്യിൽനിന്നു വില്ലു തെറിപ്പിച്ച്, നിന്റെ വലങ്കയ്യിൽനിന്ന് അമ്പ് വീഴിക്കും. 4നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജനതകളും യിസ്രായേൽ പർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകൻ മുതലായ പറവകൾക്കും, എല്ലാ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുക്കും. 5നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലയോ അത് കല്പിച്ചിരിക്കുന്നത്” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 6“മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയയ്ക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
7ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കുകയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജനതകൾ അറിയും. 8ഇതാ, അത് വരുന്നു; അത് സംഭവിക്കും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; “ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം.
9“യിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവർ പുറപ്പെട്ടു പരിച, പലക, വില്ല്, അമ്പ്, കുറുവടി, കുന്തം മുതലായ ആയുധങ്ങൾ എടുത്തു തീ കത്തിക്കും; അവർ അവ കൊണ്ടു ഏഴു വര്ഷം തീ കത്തിക്കും. 10വയലിൽനിന്നു വിറകു ശേഖരിക്കുകയോ, കാട്ടിൽനിന്നു വിറകു വെട്ടുകയോ ചെയ്യാതെ ആയുധങ്ങൾ തന്നെ അവർ കത്തിക്കും; അവരെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും അവരെ കവർച്ച ചെയ്തവരെ കവർച്ച ചെയ്യുകയും ചെയ്യും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
11അന്നു ഞാൻ ഗോഗിന് യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന് കിഴക്കുവശത്ത് വഴിപോക്കരുടെ താഴ്വര തന്നെ; അവിടെ അവർ ഗോഗിനെയും അവന്റെ സകലപുരുഷാരത്തെയും അടക്കം ചെയ്യുന്നതുനിമിത്തം വഴിപോക്കർക്ക് അത് മാർഗതടസ്സമായിത്തീരും; അതിന് ഹാമോൻ-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു അവർ വിളിക്കും. 12യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീർത്ത്, ദേശം വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും. 13ദേശത്തിലെ ജനം എല്ലാവരും ചേർന്ന് അവരെ അടക്കം ചെയ്യും; ഞാൻ എന്നെത്തന്നെ മഹത്വീകരിക്കുന്ന നാളിൽ അത് അവർക്ക് കീർത്തിയായിരിക്കും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
14“ദേശമെല്ലാം വെടിപ്പാക്കേണ്ടതിന് അതിൽ ശേഷിച്ച ശവങ്ങൾ അടക്കുവാൻ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന പതിവുജോലിക്കാരെ നിയമിക്കും; ഏഴു മാസം കഴിഞ്ഞശേഷം അവർ പരിശോധന കഴിക്കും. 15അവർ ദേശത്തു ചുറ്റി സഞ്ചരിക്കുമ്പോൾ, അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിനരികിൽ ഒരു അടയാളം വയ്ക്കും; അടക്കം ചെയ്യുന്നവർ അത് ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കം ചെയ്യും. 16ഹമോനാ (പുരുഷാരം) എന്ന പേരിൽ ഒരു നഗരമുണ്ടാകും; ഇങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.
17“മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടത്: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യേണ്ടതിന് ഞാൻ യിസ്രായേൽ പർവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്ക് വേണ്ടി അറുക്കുവാൻ പോകുന്ന എന്റെ യാഗത്തിന് നാലുഭാഗത്തുനിന്നും വന്നുകൂടുവിൻ. 18നിങ്ങൾ വീരന്മാരുടെ മാംസം തിന്ന് ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കണം; അവരെല്ലാം ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നെ. 19ഞാൻ നിങ്ങൾക്ക് വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്ന് നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും. 20ഇങ്ങനെ നിങ്ങൾ എൻ്റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയുംകൊണ്ടും നിറയും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
21ഞാൻ എന്റെ മഹത്വം ജനതകളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെ മേൽ വച്ച എന്റെ കയ്യും സകലജനതകളും കാണും. 22അങ്ങനെ അന്നുമുതൽ, ഞാൻ തങ്ങളുടെ ദൈവമായ യഹോവയെന്ന് യിസ്രായേൽഗൃഹം അറിയും. 23യിസ്രായേൽഗൃഹം അവരുടെ അകൃത്യം നിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും, അവർ എന്നോട് ദ്രോഹം ചെയ്തതുകൊണ്ട് ഞാൻ എന്റെ മുഖം അവർക്ക് മറച്ച്, അവരെല്ലാം വാൾകൊണ്ടു വീഴേണ്ടതിന് അവരെ അവരുടെ വൈരികളുടെ കയ്യിൽ ഏല്പിച്ചു എന്നും ജനതകൾ അറിയും. 24അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവിധം ഞാൻ അവരോടു പ്രവർത്തിച്ച്, എന്റെ മുഖം അവർക്ക് മറച്ചു.”
25അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇപ്പോൾ ഞാൻ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി, എല്ലാ യിസ്രായേൽ ഗൃഹത്തോടും കരുണ ചെയ്തു, എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷ്ണത കാണിക്കും. 26ഞാൻ അവരെ ജനതകളുടെ ഇടയിൽനിന്ന് മടക്കിവരുത്തി, അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽനിന്ന് അവരെ ശേഖരിച്ച് പല ജനതകളുടെയും കൺമുമ്പിൽ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിച്ചശേഷം 27ആരും അവരെ ഭയപ്പെടുത്താതെ അവർ അവരുടെ ദേശത്ത് നിർഭയമായി വസിക്കുമ്പോൾ, അവരുടെ ലജ്ജയും, എന്നോട് ചെയ്തിരിക്കുന്ന സർവ്വദ്രോഹങ്ങളും മറക്കും. 28ഞാൻ അവരെ ജനതകളുടെ ഇടയിൽ പ്രവാസികളായി കൊണ്ടുപോയെങ്കിലും, അവരിൽ ആരെയും അവിടെ വിട്ടുകളയാതെ അവരുടെ ദേശത്തേക്ക് കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും. 29ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കുകയാൽ ഇനി എന്റെ മുഖം അവർക്ക് മറയ്ക്കുകയുമില്ല” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 39: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.