യെഹെ. 44
44
പൗരോഹിത്യം പുനഃസ്ഥാപിക്കപ്പെടുന്നു
1അനന്തരം ആ മനുഷ്യന്‍ എന്നെ വിശുദ്ധമന്ദിരത്തിന്‍റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അത് അടച്ചിരുന്നു. 2അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: “ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുത്; യിസ്രായേലിന്‍റെ ദൈവമായ യഹോവ അതിൽകൂടി അകത്ത് കടന്നതുകൊണ്ട് അത് അടച്ചിരിക്കേണം. 3പ്രഭുവായിരിക്കുകയാൽ, അവൻ മാത്രം യഹോവയുടെ സന്നിധിയിൽ ഭക്ഷണം കഴിക്കുവാൻ അവിടെ ഇരിക്കേണം; അവൻ ആ ഗോപുരത്തിൻ്റെ പൂമുഖത്തുകൂടി അകത്ത് കടക്കുകയും അതിൽകൂടി പുറത്തു പോകുകയും വേണം.”
4പിന്നെ അവൻ എന്നെ വടക്കെഗോപുരംവഴിയായി ആലയത്തിന്‍റെ മുമ്പിൽ കൊണ്ടുചെന്നു; ഞാൻ നോക്കി, യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു കവിണ്ണുവീണു.
5അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: ”മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്‍റെ സകലവ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ച് ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം നീ നല്ലവണ്ണം ശ്രദ്ധവച്ച് കണ്ണുകൊണ്ട് നോക്കി, ചെവികൊണ്ട് കേൾക്കുക; ആലയത്തിലേക്ക് പ്രവേശിക്കുന്നത് ആരെന്നും വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തേക്ക് പോകുന്നത് ആരെന്നും നീ നല്ലവണ്ണം കുറിക്കൊള്ളുക.” 6മത്സരികളായ യിസ്രായേൽ ഗൃഹത്തോട് നീ പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ സകലമ്ലേച്ഛതകളും മതിയാക്കുവിൻ. 7നിങ്ങൾ എന്‍റെ ആഹാരമായ മേദസ്സും രക്തവും അർപ്പിക്കുമ്പോൾ, എന്‍റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന് നിങ്ങൾ, ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മികളായ അന്യജനതകളെ എന്‍റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്നതിനാൽ, നിങ്ങളുടെ സകലമ്ലേച്ഛതകൾക്കും പുറമെ നിങ്ങൾ എന്‍റെ നിയമവും ലംഘിച്ചിരിക്കുന്നു. 8നിങ്ങൾ എന്‍റെ വിശുദ്ധവസ്തുക്കളുടെ കടമകൾ നിറവേറ്റാതെ, എന്‍റെ വിശുദ്ധമന്ദിരത്തിലെ കാര്യങ്ങൾ നിറവേറ്റാൻ അവരെ ആക്കിയിരിക്കുന്നു.” 9യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ മക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, അനുസരണമില്ലാത്ത ഹൃദയത്തിലും പരിച്ഛേദന#44:9 അനുസരണമില്ലാത്ത ഹൃദയത്തിലും പരിച്ഛേദന ഏല്‍ക്കാത്ത മാംസത്തിലും പരിച്ഛേദന ഏല്ക്കാത്ത യാതൊരു അന്യജാതിക്കാരനും, എന്‍റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്.
10”യിസ്രായേൽ തെറ്റിപ്പോയ കാലത്ത്, എന്നെ വിട്ടകന്നു പോയവരും, എന്നെ ഉപേക്ഷിച്ച് വിഗ്രഹങ്ങളോടു ചേർന്നവരുമായ ലേവ്യർ തന്നെ അവരുടെ അകൃത്യം വഹിക്കേണം. 11അവർ എന്‍റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്‍റെ പടിവാതില്ക്കൽ ശുശ്രൂഷകന്മാരായി കാവൽനിന്ന്, ആലയത്തിൽ ശുശ്രൂഷ ചെയ്യേണം; അവർ ജനത്തിനുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്ത്, അവർക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ മുമ്പിൽ നില്ക്കേണം. 12അവർ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ശുശ്രൂഷചെയ്തതിനാൽ, യിസ്രായേൽഗൃഹം അകൃത്യം ചെയ്യുവാൻ കാരണമായി; അതുകൊണ്ട് ഞാൻ അവർക്ക് വിരോധമായി കൈ ഉയർത്തി സത്യം ചെയ്തിരിക്കുന്നു; അവർ അവരുടെ അകൃത്യം വഹിക്കേണം” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 13“എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാനും, അതിവിശുദ്ധങ്ങളായ എന്‍റെ സകലവിശുദ്ധവസ്തുക്കളെയും സ്പർശിക്കുവാനും, അവർ എന്നോട് അടുത്തുവരരുത്; അങ്ങനെ അവരുടെ അവർ ചെയ്ത മ്ലേച്ഛതകളും അവർ വഹിക്കേണം. 14എന്നാൽ ആലയത്തിന്‍റെ എല്ലാ വേലയ്ക്കും അതിൽ ചെയ്യുവാനുള്ള എല്ലാ പ്രവൃത്തികൾക്കും ഞാൻ അവരെ കാര്യവിചാരകന്മാരാക്കിവയ്ക്കും.
15”യിസ്രായേൽ മക്കൾ എന്നെവിട്ടു തെറ്റിപ്പോയ കാലത്ത്, എന്‍റെ വിശുദ്ധമന്ദിരത്തിന്‍റെ കർത്തവ്യങ്ങൾ നിർവഹിച്ചിരുന്നവരും സാദോക്കിന്‍റെ പുത്രന്മാരുമായ ലേവ്യപുരോഹിതന്മാർ എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവന്ന്, എനിക്ക് മേദസ്സും രക്തവും അർപ്പിക്കേണ്ടതിന് എന്‍റെ മുമ്പാകെ നില്ക്കേണം” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 16അവർ എന്‍റെ വിശുദ്ധമന്ദിരത്തിൽ കടന്ന് എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് എന്‍റെ മേശയുടെ അടുക്കൽ വരുകയും എന്‍റെ കാര്യവിചാരണ നടത്തുകയും വേണം.
17”എന്നാൽ അകത്തെ പ്രാകാരത്തിന്‍റെ വാതിലുകൾക്കകത്തു കടക്കുമ്പോൾ അവർ ശണവസ്ത്രം ധരിക്കേണം; അകത്തെ പ്രാകാരത്തിന്‍റെ വാതില്‍ക്കലും ആലയത്തിനകത്തും ശുശ്രൂഷ ചെയ്യുമ്പോൾ ആട്ടിൻ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുത്. 18അവരുടെ തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയിൽ ശണംകൊണ്ടുള്ള കാല്ക്കുപ്പായവും ഉണ്ടായിരിക്കേണം; വിയർപ്പുണ്ടാകുന്ന യാതൊന്നും അവർ ധരിക്കരുത്. 19അവർ പുറത്തെ പ്രാകാരത്തിൽ ജനത്തിന്‍റെ അടുക്കലേക്ക് ചെല്ലുമ്പോൾ അവരുടെ വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്, അവർ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളിൽ വച്ചിട്ടു വേറെ വസ്ത്രം ധരിക്കേണം.
20”അവർ തല ക്ഷൗരം ചെയ്യുകയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്കുക മാത്രമേ ചെയ്യാവു. 21യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ച് അകത്തെ പ്രാകാരത്തിൽ കടക്കരുത്. 22വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവർ യിസ്രായേൽ ഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്‍റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം. 23അവർ വിശുദ്ധമായതിനും സാമാന്യമായതിനും തമ്മിലുള്ള വ്യത്യാസം എന്‍റെ ജനത്തിന് ഉപദേശിച്ച്, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കണം.
24”വ്യവഹാരത്തിൽ അവർ ന്യായം വിധിക്കുവാൻ നില്ക്കേണം; എന്‍റെ വിധികളെ അനുസരിച്ച് അവർ ന്യായം വിധിക്കേണം; അവർ ഉത്സവങ്ങളിൽ എല്ലാം എന്‍റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കുകയും എന്‍റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കുകയും വേണം. 25അവർ മരിച്ച ആളുടെ അടുക്കൽ ചെന്നു അശുദ്ധരാകരുത്; എങ്കിലും അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, ഭർത്താവില്ലാത്ത സഹോദരി എന്നിവർക്കുവേണ്ടി അശുദ്ധരാകാം. 26അവന്‍റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണേണം. 27വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യേണ്ടതിന് അവൻ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവൻ പാപയാഗം അർപ്പിക്കേണം” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
28അവരുടെ അവകാശമോ, ഞാൻ തന്നെ അവരുടെ അവകാശം; നിങ്ങൾ അവർക്ക് യിസ്രായേലിൽ സ്വത്ത് ഒന്നും കൊടുക്കരുത്; ഞാൻ തന്നെ അവരുടെ സ്വത്താകുന്നു. 29അവർ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ട് ഉപജീവനം കഴിക്കേണം; യിസ്രായേലിൽ നിവേദിതമായ സകലവും അവർക്കുള്ളതായിരിക്കണം. 30സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടുകളും പുരോഹിതന്മാർക്കുള്ളതായിരിക്കേണം; നിന്‍റെ ഭവനത്തിന്മേൽ അനുഗ്രഹം വസിക്കേണ്ടതിന് നിങ്ങളുടെ തരിമാവിൻ്റെ ആദ്യഭാഗവും പുരോഹിതനു കൊടുക്കേണം. 31സ്വയം ചത്തതും പറിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ തിന്നരുത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 44: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.