യെഹെ. 45
45
യിസ്രായേൽ പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെടുന്നു
1“ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോൾ, നിങ്ങൾ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണം; അത് ഇരുപത്തയ്യായിരം (25,000) മുഴം നീളവും ഇരുപതിനായിരം മുഴം (20,000) വീതിയും ഉള്ളതായിരിക്കേണം; അതിന്റെ ചുറ്റുമുള്ള എല്ലാ അതിരുകളും വിശുദ്ധമായിരിക്കേണം. 2അതിൽ അഞ്ഞൂറ് മുഴം നീളവും അഞ്ഞൂറ് മുഴം വീതിയും ആയി സമചതുരമായ ഒരു ഭാഗം വിശുദ്ധസ്ഥലത്തിന് ആയിരിക്കേണം; അതിന് ചുറ്റും അമ്പത് മുഴം സ്ഥലം വെളിമ്പ്രദേശം ആയി കിടക്കേണം. 3ആ അളവിൽ നിന്ന് ഇരുപത്തയ്യായിരം (25,000) മുഴം നീളവും പതിനായിരം (10,000) മുഴം വീതിയും നീ അളക്കേണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം; 4അത് ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അത് യഹോവയ്ക്കു ശുശ്രൂഷ ചെയ്യുവാൻ അടുത്തു വരുന്നവരായി, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർക്കുള്ളതായിരിക്കേണം; അത് അവരുടെ വീടുകൾക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിനുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം. 5പിന്നെ ഇരുപത്തയ്യായിരം (25,000) മുഴം നീളവും പതിനായിരം (10,000) മുഴം വീതിയും ഉള്ള ഭാഗം, ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യർക്കു വസിക്കുവാനുള്ള ഗ്രാമത്തിനു വേണ്ട സ്വത്തായിരിക്കേണം.
6വിശുദ്ധാംശമായ വഴിപാടിനോടു ചേർന്ന് നഗരസ്വത്തായി അയ്യായിരം (5,000) മുഴം വീതിയിലും ഇരുപത്തയ്യായിരം (25,000) മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കേണം; അത് യിസ്രായേൽ ഗൃഹത്തിനു മുഴുവനും ഉള്ളതായിരിക്കേണം.
7പ്രഭുവിനുള്ളത്, വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും മുമ്പിൽ പടിഞ്ഞാറുവശത്ത് പടിഞ്ഞാറോട്ടും കിഴക്കുവശത്ത് കിഴക്കോട്ടും ആയിരിക്കേണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതൽ കിഴക്കെ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോട് ഒത്തിരിക്കേണം. 8അത് യിസ്രായേലിൽ അവനുള്ള സ്വത്തായിരിക്കേണം; എന്റെ പ്രഭുക്കന്മാർ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ, യിസ്രായേൽ ഗൃഹത്തിലെ അതത് ഗോത്രത്തിനു ദേശം കൊടുക്കേണം.”
9യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽപ്രഭുക്കന്മാരേ, മതിയാക്കുവിൻ! സാഹസവും കവർച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിൻ; എന്റെ ജനത്തോടു പിടിച്ചുപറിക്കുന്നത് നിർത്തുവിൻ” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 10ഒത്ത തുലാസ്സും ഒത്ത ഏഫായും ഒത്ത ബത്തും നിങ്ങൾക്കുണ്ടായിരിക്കണം. 11ഏഫായും ബത്തും ഒരേ അളവായിരിക്കേണം; ബത്ത് ഹോമെരിൻ്റെ പത്തിൽ ഒന്നും ഏഫാ ഹോമെരിൻ്റെ പത്തിൽ ഒന്നും ആയിരിക്കേണം; അതിന്റെ അളവ് ഹോമെരിനൊത്തതായിരിക്കേണം. 12ഒരു ശേക്കൽ ഇരുപതു ഗേരാ ആയിരിക്കേണം; ഇരുപതു ശേക്കൽ, ഇരുപത്തഞ്ചു ശേക്കൽ, പതിനഞ്ചു ശേക്കൽ ഇവ കൂടുമ്പോൾ ഒരു മാനേ ആയിരിക്കേണം.
13”നിങ്ങൾ വഴിപാട് കഴിക്കേണ്ടത് എങ്ങനെ എന്നാൽ: ഒരു ഹോമെർ ഗോതമ്പിൽനിന്ന് ഏഫായുടെ ആറിലൊന്നും ഒരു ഹോമെർ യവത്തിൽനിന്ന് ഏഫായുടെ ആറിലൊന്നും കൊടുക്കേണം. 14എണ്ണയ്ക്കുള്ള പ്രമാണം: പത്തു ബത്ത് കൊള്ളുന്ന ഹോമെർ ഒരു കോർ; അതിൽനിന്ന് ബത്തിന്റെ പത്തിലൊന്ന് കൊടുക്കേണം; പത്തു ബത്ത് ഒരു ഹോമെർ. 15പ്രായശ്ചിത്തം വരുത്തേണ്ടതിന് ഭോജനയാഗമായും ഹോമയാഗമായും സമാധാനയാഗങ്ങളായും യിസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചിൽപുറങ്ങളിലെ ഇരുനൂറ് ആടുള്ള ഒരു കൂട്ടത്തിൽനിന്ന് ഒരു കുഞ്ഞാടിനെ കൊടുക്കേണം” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 16ദേശത്തെ സകലജനവും യിസ്രായേലിന്റെ പ്രഭുവിനു വേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കേണം. 17ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽ ഗൃഹത്തിന്റെ ഉത്സവസമയങ്ങളിൽ എല്ലാം ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിക്കുവാൻ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേൽ ഗൃഹത്തിനു പ്രായശ്ചിത്തം വരുത്തേണ്ടതിന് അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കേണം.
18യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒന്നാം മാസം ഒന്നാം തീയതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്ത് വിശുദ്ധമന്ദിരത്തിനു പാപപരിഹാരം വരുത്തേണം. 19പുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്ത് ആലയത്തിന്റെ വാതിൽപ്പടികളിലും യാഗപീഠത്തിന്റെ തട്ടിൻ്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിൻ്റെ വാതിൽപ്പടികളിലും പുരട്ടേണം. 20അങ്ങനെ തന്നെ നീ ഏഴാം മാസം ഒന്നാം തീയതിയും, അബദ്ധത്താലോ ബുദ്ധിഹീനതയാലോ പിഴച്ചു പോയവനു വേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങൾ ആലയത്തിന് പ്രായശ്ചിത്തം വരുത്തേണം.
21ഒന്നാം മാസം പതിനാലാം തീയതിമുതൽ നിങ്ങൾ ഏഴു ദിവസത്തേക്ക് പെസഹാപെരുനാൾ ആചരിച്ച് പുളിപ്പില്ലാത്ത അപ്പം തിന്നേണം. 22അന്നു പ്രഭു തനിക്കുവേണ്ടിയും ദേശത്തിലെ സകലജനത്തിനു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം. 23ഉത്സവത്തിന്റെ ഏഴു ദിവസവും അവൻ യഹോവയ്ക്ക് ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അർപ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻകുട്ടിയെയും അർപ്പിക്കേണം. 24കാള ഒന്നിന് ഒരു ഏഫായും ആട്ടുകൊറ്റൻ ഒന്നിന് ഒരു ഏഫായും ഏഫാ ഒന്നിന് ഒരു ഹീൻ എണ്ണയും വീതം അവൻ ഭോജനയാഗം അർപ്പിക്കേണം.
25ഏഴാം മാസം പതിനഞ്ചാം തീയതിയിലുള്ള ഉത്സവത്തിൽ അവൻ ഈ ഏഴു ദിവസം എന്നപോലെ, പാപയാഗത്തിനും ഹോമയാഗത്തിനും ഭോജനയാഗത്തിനും എണ്ണയ്ക്കും തക്കവണ്ണം അർപ്പിക്കേണം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 45: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.