ഉല്പ. 35
35
യാക്കോബ് ബേഥേലിലേക്കു മടങ്ങുന്നു
1അനന്തരം ദൈവം യാക്കോബിനോട്: “എഴുന്നേറ്റ് ബേഥേലിൽ ചെന്നു അവിടെ പാർക്കുക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക” എന്നു കല്പിച്ചു.
2അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ. 3നാം പുറപ്പെട്ടു ബേഥേലിലേക്കു പോകുക; എന്റെ കഷ്ടകാലത്ത് എന്റെ പ്രാർത്ഥന കേൾക്കുകയും ഞാൻ പോയ വഴിയിൽ എന്നോട് കൂടെയിരിക്കുകയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും” എന്നു പറഞ്ഞു.
4അങ്ങനെ അവർ അവരുടെ കൈവശമുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ ആഭരണങ്ങളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു. 5പിന്നെ അവർ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഉണ്ടായിരുന്ന പട്ടണങ്ങളിലെ ജനങ്ങളുടെമേൽ ദൈവത്തിന്റെ വലിയ ഭീതി വീണതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.
6യാക്കോബും കൂടെയുള്ള ജനങ്ങളും കനാൻദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി. 7അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്ന് ഓടിപ്പോകുമ്പോൾ അവനു അവിടെവച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ട് അവൻ ആ സ്ഥലത്തിന് ഏൽ-ബേഥേൽ#35:7 ഏൽ-ബേഥേൽ ബേഥേലിൻ്റെ ദൈവം എന്നു പേർവിളിച്ചു.
8റിബെക്കയുടെ പോറ്റമ്മയായ ദെബോരാ മരിച്ചു, അവളെ ബേഥേലിനു താഴെ ഒരു കരുവേലകത്തിൻ കീഴിൽ സംസ്കരിച്ചു; അതിന് അല്ലോൻ-ബാഖൂത്ത്#35:8 അല്ലോൻ-ബാഖൂത്ത് വിലപിക്കുന്ന ഓക്ക് വൃക്ഷംഎന്നു പേരിട്ടു.
9യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം ദൈവം അവനു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു. 10ദൈവം അവനോട്: “നിന്റെ പേര് യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നുതന്നെ പേരാകേണം” എന്നു കല്പിച്ച് അവനു യിസ്രായേൽ എന്നു പേരിട്ടു.
11ദൈവം പിന്നെയും അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജനതയും ജനതകളുടെ കൂട്ടവും നിന്നിൽനിന്ന് ഉത്ഭവിക്കും; രാജാക്കന്മാരും നിന്നിൽനിന്നു പുറപ്പെടും. 12ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും” എന്നു അരുളിച്ചെയ്തു. 13അവനോട് സംസാരിച്ച സ്ഥലത്തുനിന്ന് ദൈവം അവനെ വിട്ടു കയറിപ്പോയി.
14അവിടുന്ന് തന്നോട് സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ച് എണ്ണയും പകർന്നു. 15ദൈവം തന്നോട് സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു.
റാഹേലിന്റെ മരണം
16അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി. 17അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി#35:17 സൂതികർമ്മിണി, പ്രസവശുശ്രൂഷിക. അവളോട്: “ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും” എന്നു പറഞ്ഞു. 18എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവനു ബെനോനീ#35:18 അവനു ബെനോനീ എന്റെ ദുഖത്തിന്റെ പുത്രന് എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവനു ബെന്യാമീൻ#35:18 ബെന്യാമീൻ എന്റെ വലതുകരത്തിന്റെ പുത്രന് എന്നു പേരിട്ടു. 19റാഹേൽ മരിച്ചിട്ട് അവളെ ബേത്ലേഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു. 20അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അത് റാഹേലിന്റെ കല്ലറത്തൂൺ എന്ന പേരിൽ ഇന്നുവരെയും നില്ക്കുന്നു. 21പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു. 22യിസ്രായേൽ ആ ദേശത്തു താമസിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ#35:22 വെപ്പാട്ടിയായ കല്യാണം കഴിക്കാതെ പുരുഷനോടുകൂടെ താമസിക്കുന്ന സ്ത്രീ. ബിൽഹായോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു.
യാക്കോബിന്റെ പുത്രന്മാർ
23യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ട് പേരായിരുന്നു. ലേയായുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ. 24റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും. 25റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും. 26ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിനു പദ്ദൻ-അരാമിൽവച്ചു ജനിച്ച പുത്രന്മാർ. 27പിന്നെ യാക്കോബ് കിര്യത്ത്-അർബ്ബ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും വസിച്ചിരുന്ന ഹെബ്രോൻ ഇതുതന്നെ. 28യിസ്ഹാക്കിന്റെ ആയുസ്സ് നൂറ്റെൺപതു വർഷമായിരുന്നു. 29യിസ്ഹാക്ക് വളരെ പ്രായംചെന്നവനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ സംസ്കരിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉല്പ. 35: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.