യിരെ. 20
20
യിരെമ്യാവും പശ്ഹൂർ പുരോഹിതനും
1എന്നാൽ യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന് പ്രധാനവിചാരകനുമായ 2പശ്ഹൂർ പുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ച്, യഹോവയുടെ ആലയത്തിനരികിലുള്ള മുകളിലത്തെ ബെന്യാമീൻ ഗോപുരത്തിലെ ആമത്തിൽ ഇട്ടു.
3പിറ്റെന്നാൾ പശ്ഹൂർ#20:3 പശ്ഹൂർ വിടുതല് യിരെമ്യാവിനെ വിലങ്ങഴിച്ചുവിട്ടപ്പോൾ യിരെമ്യാവ് അവനോട് പറഞ്ഞത്: “യഹോവ നിനക്കു പശ്ഹൂർ എന്നല്ല, മാഗോർ മിസ്സാബീബ്#20:3 മിസ്സാബീബ് സർവ്വത്രഭീതി എന്നത്രേ പേര് വിളിച്ചിരിക്കുന്നത്.” 4യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിനക്കും നിന്റെ സകല സ്നേഹിതന്മാർക്കും ഭീതിയാക്കിത്തീർക്കും; അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും; നിന്റെ കണ്ണ് അത് കാണും; എല്ലാ യെഹൂദായെയും ഞാൻ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അവരെ പിടിച്ച്, ബാബേലിലേക്കു കൊണ്ടുപോയി വാൾകൊണ്ട് കൊന്നുകളയും. 5ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ അവ കൊള്ള ചെയ്തു ബാബേലിലേക്കു കൊണ്ടുപോകും. 6എന്നാൽ പശ്ഹൂരേ, നീയും നിന്റെ വീട്ടിൽ വസിക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകലസ്നേഹിതന്മാരും ബാബേലിലേക്കു ചെന്നു, അവിടെവച്ച് മരിച്ച്, അടക്കപ്പെടും.”
യിരെമ്യാവിൻ്റെ പരാതി
7യഹോവേ, അങ്ങ് എന്നെ സമ്മതിപ്പിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു;
അങ്ങ് ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു;
ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു;
എല്ലാവരും എന്നെ പരിഹസിക്കുന്നു.
8സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ച്
സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു;
അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ
നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു.
9‘ഞാൻ ഇനി അങ്ങയെ ഓർക്കുകയില്ല,
അവിടുത്തെ നാമത്തിൽ സംസാരിക്കുകയുമില്ല’ എന്നു പറഞ്ഞാൽ
അത് എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട്
എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു;
ഞാൻ തളർന്ന്, എനിക്ക് സഹിക്കുവാൻ കഴിയാതെയായി.
10“സർവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു;
കുറ്റം ബോധിപ്പിക്കുവിൻ;
ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം;
നാം അവനെ തോല്പിച്ച് അവനോട് പകവീട്ടുവാൻ തക്കവണ്ണം
പക്ഷേ അവനെ വശത്താക്കാം” എന്നു
എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ
എന്റെ സ്നേഹിതന്മാർ എല്ലാവരും പറയുന്നു.
11എന്നാൽ യഹോവ ബലവാനായ വീരനെപ്പോലെ എന്നോടുകൂടി ഉണ്ട്;
അതിനാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും;
അവർ ജയിക്കുകയില്ല;
അവർ ബുദ്ധിയോടെ പ്രവർത്തിക്കാതിരുന്നതിനാൽ ഏറ്റവും ലജ്ജിച്ചുപോകും;
ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ.
12നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും
കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ,
അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ;
എന്റെ വ്യവഹാരം ഞാൻ അങ്ങയോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
13യഹോവയ്ക്കു പാട്ടുപാടുവിൻ!
യഹോവയെ സ്തുതിക്കുവിൻ!
അവിടുന്ന് ദരിദ്രന്റെ പ്രാണനെ
ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.
14ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ;
എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
15‘നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു’
എന്നു എന്റെ അപ്പനോട് അറിയിച്ച്
അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ.
16എന്റെ അമ്മ എന്റെ ശവക്കുഴിയും,
അവളുടെ ഗർഭപാത്രം എല്ലായ്പ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്,
17ആ മനുഷ്യൻ എന്നെ ഉദരത്തിൽവച്ച് കൊന്നുകളയാതിരുന്നതുകൊണ്ട്
അവൻ, അനുതപിക്കാതെ യഹോവ ഉന്മൂലനാശം വരുത്തിയ
പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ;
രാവിലെ അവൻ നിലവിളിയും
ഉച്ചസമയത്ത് പോർവിളിയും കേൾക്കുമാറാകട്ടെ.
18കഷ്ടവും സങ്കടവും അനുഭവിച്ച് ജീവകാലം
ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്
ഞാൻ ഉദരത്തിൽനിന്ന് പുറത്തുവന്നത് എന്തിന്?”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെ. 20: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.