യോശുവ 7
7
ആഖാന്റെ പാപം
1എന്നാൽ യിസ്രായേൽ മക്കൾ യഹോവയ്ക്കായി സമർപ്പിച്ച ചില വസ്തുക്കൾ കൈവശപ്പെടുത്തി അവിശ്വസ്തത കാണിച്ചു; യെഹൂദാഗോത്രത്തിൽ സേരെഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽ മക്കളുടെ നേരെ ജ്വലിച്ചു.
2യോശുവ യെരീഹോവിൽ നിന്ന് ദേശം ഒറ്റുനോക്കുവാൻ ബേഥേലിന് കിഴക്ക് ബേത്ത്-ആവെന്റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ചു. അവർ ചെന്നു ഹായിയെ ഒറ്റുനോക്കി. 3യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അവനോട്: “ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പേർ പോയാൽ മതി; സർവ്വജനത്തെയും അവിടേക്ക് അയച്ച് കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ” എന്നു പറഞ്ഞു.
4അങ്ങനെ ഏകദേശം മൂവായിരം പേർ അവിടേക്ക് പോയി; എന്നാൽ അവർ ഹായി പട്ടണക്കാരുടെ മുമ്പിൽ നിന്ന് തോറ്റോടി. 5ഹായി പട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു; അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീം#7:5 ശെബാരീം കല്ല് വെട്ടിയെടുക്കുന്ന ഖനി വരെ പിന്തുടർന്ന് മലഞ്ചരിവിൽ വച്ചു അവരെ തോല്പിച്ചു. അതുകൊണ്ട് ജനത്തിന്റെ മനസ്സ് ഉരുകി ധൈര്യം നഷ്ടപ്പെട്ടുപോയി.
6യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽ മൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ട് സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു: 7“അയ്യോ യഹോവയായ കർത്താവേ അമോര്യരുടെ കയ്യാൽ നശിക്കേണ്ടതിന് നീ ഈ ജനത്തെ യോർദ്ദാനിക്കരെ കൊണ്ടുവന്നത് എന്തിന്? ഞങ്ങൾ യോർദ്ദാനക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു. 8കർത്താവേ, യിസ്രായേൽ ശത്രുക്കളുടെ മുമ്പിൽ തോറ്റോടിയശേഷം ഞാൻ എന്ത് പറയേണ്ടു! 9കനാന്യരും ദേശനിവാസികൾ ഒക്കെയും അത് കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞ് ഭൂമിയിൽനിന്ന് ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും?” എന്നു യോശുവ പറഞ്ഞു.
10യഹോവ യോശുവയോടു പറഞ്ഞത്: “എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നത് എന്തിന്? 11യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോട് കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിത വസ്തുക്കൾ എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചത് മറയ്ക്കുവാൻ തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വച്ചിരിക്കുന്നു. 12യിസ്രായേൽ മക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ട് ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ തോറ്റോടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്ന് നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല.
13“നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിന്റെ ഇടയിൽനിന്ന് നീക്കിക്കളയും വരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്ക് കഴിയുകയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.
14“നിങ്ങൾ രാവിലെ ഗോത്രംഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. 15ശപഥാർപ്പിതവസ്തുവോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും തീയിട്ട് ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ച് യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു.”
16അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. 17അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സേരെഹ്യകുലം പിടിക്കപ്പെട്ടു; അവൻ സേരഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. 18അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരെഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.
19യോശുവ ആഖാനോട്: “മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മഹത്ത്വം കൊടുത്ത് അവനോട് ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോട് മറച്ചുവയ്ക്കരുത്” എന്നു പറഞ്ഞു.
20ആഖാൻ യോശുവയോട്: “ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോട് പാപം ചെയ്തിരിക്കുന്നു; സത്യം. 21ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോണ്യ മേലങ്കിയും, ഇരുനൂറ് ശേക്കൽ വെള്ളിയും, അമ്പത് ശേക്കൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്ത് കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.
22യോശുവ ദൂതന്മാരെ അയച്ചു; അവർ ഓടിച്ചെന്നു; കൂടാരത്തിൽ ആ വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്നത് കണ്ടു. 23അവർ അവയെ കൂടാരത്തിൽ നിന്ന് എടുത്ത് യോശുവയുടെയും എല്ലാ യിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വെച്ചു.
24അപ്പോൾ യോശുവയും എല്ലാ യിസ്രായേലും സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, കാള, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർ താഴ്വരയിൽ കൊണ്ടുപോയി: 25“നീ ഞങ്ങളെ കഷ്ടപ്പെടുത്തിയത് എന്തിന്? യഹോവ ഇന്ന് നിന്നെ വലയ്ക്കും” എന്നു യോശുവ പറഞ്ഞു.
പിന്നെ യിസ്രായേൽ മക്കൾ അവരെ കല്ലെറിയുകയും തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്തു. 26അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്ന് കൂട്ടി; അത് ഇന്നും ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നും ആഖോർ താഴ്വര എന്നു പേരു പറഞ്ഞുവരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോശുവ 7: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.