മീഖാ 7
7
യിസ്രായേലിന്‍റെ കഷ്ടത
1എനിക്ക് അയ്യോ കഷ്ടം;
വേനൽപ്പഴം പറിച്ച ശേഷമെന്നപോലെയും
മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാൻ ആയല്ലോ!
തിന്നുവാൻ ഒരു മുന്തിരിക്കുലയും ഇല്ല;
ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലവുമില്ല.
2ഭക്തിമാൻ ഭൂമിയിൽനിന്ന് നശിച്ചുപോയി,
മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല;
അവരെല്ലാം രക്തത്തിനായി പതിയിരിക്കുന്നു;
ഓരോരുത്തൻ അവനവന്‍റെ സഹോദരനെ വലവച്ചു പിടിക്കുവാൻ നോക്കുന്നു.
3ജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന്
അവരുടെ കൈ അതിലേക്ക് നീണ്ടിരിക്കുന്നു;
പ്രഭു പ്രതിഫലം ചോദിക്കുന്നു;
ന്യായാധിപതി കോഴ വാങ്ങി ന്യായം വിധിക്കുന്നു;
മഹാൻ തന്‍റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു;
ഇങ്ങനെ അവർ ആലോചന കഴിക്കുന്നു.
4അവരിൽ ഉത്തമൻ മുൾപടർപ്പുപോലെ;
നേരുള്ളവൻ മുള്ളുവേലിയെക്കാൾ ഭയങ്കരൻ;
നിന്‍റെ ദർശകന്മാർ പറഞ്ഞ ദിവസം,
നിന്‍റെ സന്ദർശനദിവസം തന്നെ, വരുന്നു;
ഇപ്പോൾ അവരുടെ പരിഭ്രമം വന്നുഭവിക്കും.
5കൂട്ടുകാരനെ വിശ്വസിക്കരുത്;
സ്നേഹിതനിൽ ആശ്രയിക്കരുത്;
നിന്‍റെ മാർവ്വിടത്ത് ശയിക്കുന്നവളോട് പറയാത്തവിധം
നിന്‍റെ വായുടെ കതക് കാത്തുകൊള്ളുക.
6മകൻ അപ്പനെ നിന്ദിക്കുന്നു;
മകൾ അമ്മയോടും
മരുമകൾ അമ്മാവിയമ്മയോടും
എതിർത്തുനില്ക്കുന്നു;
മനുഷ്യന്‍റെ ശത്രുക്കൾ
അവന്‍റെ വീട്ടുകാർ തന്നെ.
7ഞാനോ യഹോവയിങ്കലേക്കു നോക്കും;
എന്‍റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും;
എന്‍റെ ദൈവം എന്‍റെ പ്രാർത്ഥന കേൾക്കും.
8എന്‍റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്;
വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്‍ക്കും;
ഞാൻ ഇരുട്ടിൽ ഇരുന്നാലും
യഹോവ എനിക്ക് വെളിച്ചമായിരിക്കുന്നു.
9യഹോവ എന്‍റെ വ്യവഹാരം നടത്തി
എനിക്ക് ന്യായം പാലിച്ചുതരുവോളം
ഞാൻ അവിടുത്തെ ക്രോധം വഹിക്കും#7:9 ക്രോധം വഹിക്കും ക്രോധം ചുമക്കും ;
ഞാൻ അവിടുത്തോട് പാപം ചെയ്തുവല്ലോ;
അവിടുന്ന് എന്നെ വെളിച്ചത്തിലേക്ക് പുറപ്പെടുവിക്കുകയും
ഞാൻ അവിടുത്തെ നീതി കണ്ടു സന്തോഷിക്കുകയും ചെയ്യും.
10എന്‍റെ ശത്രു അത് കാണും;
“നിന്‍റെ ദൈവമായ യഹോവ എവിടെ” എന്ന്
എന്നോട് പറഞ്ഞവളെ ലജ്ജകൊണ്ടു മൂടും;
എന്‍റെ കണ്ണ് അവളെ കണ്ടു രസിക്കും;
അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
പുനഃസ്ഥാപനത്തിന്‍റെ ഒരു പ്രവചനം
11നിന്‍റെ മതിലുകൾ പണിയുവാനുള്ള നാൾ വരുന്നു:
ആ നാളിൽ നിന്‍റെ അതിരുകൾ വിശാലമാകും.
12ആ നാളിൽ അശ്ശൂരിൽനിന്നും
മിസ്രയീമിൻ്റെ പട്ടണങ്ങളിൽനിന്നും
മിസ്രയീം മുതൽ നദിവരെയും
സമുദ്രംമുതൽ സമുദ്രംവരെയും
പർവ്വതംമുതൽ പർവ്വതംവരെയും
അവർ നിന്‍റെ അടുക്കൽ വരും.
13എന്നാൽ ഭൂമി നിവാസികൾനിമിത്തവും
അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും.
14കർമ്മേലിന്‍റെ മദ്ധ്യത്തിൽ കാട്ടിൽ തനിച്ചിരിക്കുന്നതും
അങ്ങേയുടെ അവകാശവുമായി,
അങ്ങേയുടെ ജനമായ ആട്ടിൻകൂട്ടത്തെ
അങ്ങേയുടെ കോൽകൊണ്ട് മേയിക്കണമേ;
പുരാതനകാലത്ത് എന്നപോലെ അവർ
ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.
15“നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ട കാലത്തെന്നപോലെ
ഞാൻ അവരെ അത്ഭുതങ്ങൾ കാണിക്കും.”
16രാജ്യങ്ങൾ കണ്ടിട്ട് തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും;
അവർ വായ്മേൽ കൈ വയ്ക്കുകയും
ചെകിടരായിത്തീരുകയും ചെയ്യും.
17അവർ പാമ്പിനെപ്പോലെ പൊടിനക്കും;
നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളിൽനിന്ന് വിറച്ചുകൊണ്ടു വരും;
അവർ പേടിച്ചുംകൊണ്ട് നമ്മുടെ ദൈവമായ യഹോവയുടെ അടുക്കൽ വരികയും,
നിങ്ങൾ നിമിത്തം ഭയപ്പെടുകയും ചെയ്യും.
യഹോവയുടെ കരുണയും അചഞ്ചലമായ സ്നേഹവും
18അകൃത്യം ക്ഷമിക്കുകയും
തന്‍റെ അവകാശത്തിൽ ശേഷിപ്പുള്ളവരോട്
അതിക്രമം മോചിക്കുകയും ചെയ്യുന്ന
അങ്ങേയോട് സമനായ ദൈവം ആരുള്ളു?
അവിടുന്ന് എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല;
ദയയിൽ അല്ലയോ അവിടുത്തേക്ക് പ്രസാദമുള്ളത്.
19അവിടുന്ന് നമ്മോട് വീണ്ടും കരുണ കാണിക്കും;
നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും;
അവരുടെ പാപങ്ങൾ എല്ലാം അവിടുന്ന്
സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകളയും.
20പുരാതനകാലംമുതൽ അവിടുന്ന് ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരോട്
സത്യം ചെയ്തിരിക്കുന്ന അവിടുത്തെ വിശ്വസ്തത
അവിടുന്ന് യാക്കോബിനോടും
അവിടുത്തെ ദയ അബ്രാഹാമിനോടും കാണിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
മീഖാ 7: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.