നഹൂം 1

1
1നീനെവേ പട്ടണത്തെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്‍റെ ദർശനഗ്രന്ഥം.
നിനവേക്കെതിരെ യെഹോവയുടെ കോപം
2ദൈവം തീക്ഷ്ണതയുള്ളവനും
യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു;
യഹോവ പ്രതികാരം ചെയ്യുന്നവനും
കോപം നിറഞ്ഞവനുമാകുന്നു;
അവിടുന്ന് തന്‍റെ വൈരികളോട് പ്രതികാരം ചെയ്യുകയും
തന്‍റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കുകയും ചെയ്യുന്നു.
3യഹോവ ദീർഘക്ഷമയും മഹാശക്തിയും ഉള്ളവൻ;
അവിടുന്ന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല;
യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്;
മേഘം അവിടുത്തെ കാൽക്കീഴിലെ പൊടിയാകുന്നു.
4അവിടുന്ന് സമുദ്രത്തെ ശാസിച്ച് വറ്റിക്കുകയും
സകലനദികളെയും ഉണക്കിക്കളയുകയും ചെയ്യുന്നു;
ബാശാനും കർമ്മേലും വരളുന്നു;
ലെബാനോന്‍റെ പുഷ്പം വാടിപ്പോകുന്നു.
5അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു;
കുന്നുകൾ ഉരുകിപ്പോകുന്നു;
തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു;
ഭൂലോകവും അതിലെ സകലനിവാസികളും തന്നെ.
6അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നില്ക്കാം?
അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം?
അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു;
അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു.
7യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു;
തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.
8എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട്
അവിടുന്ന് ആ പട്ടണത്തിന് നാശം വരുത്തും;
അവിടുന്ന് തന്‍റെ ശത്രുക്കളെ
അന്ധകാരത്തിൽ പിന്തുടരുന്നു.
9നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്?
അവിടുന്ന് നാശം വരുത്തും;
കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരുകയില്ല.
10അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും,
തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും,
അവർ മുഴുവനും ഉണങ്ങിയ വൈക്കോൽ പോലെ ദഹിപ്പിക്കപ്പെടും.
11യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുകയും
ദുഷ്ടനായ ആലോചനക്കാരൻ
നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു.
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“അവർ മഹാശക്തന്മാരും അനേകം പേരും ആയിരുന്നാലും
അവർ അങ്ങനെ തന്നെ ഛേദിക്കപ്പെടുകയും
അവൻ കഴിഞ്ഞുപോകുകയും ചെയ്യും.
ഞാൻ നിന്നെ താഴ്ത്തി
എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.
13ഇപ്പോൾ ഞാൻ അവന്‍റെ നുകം നിന്‍റെമേൽനിന്ന് ഒടിച്ചുകളയും;
നിന്‍റെ ബന്ധനങ്ങൾ അറുത്തുകളയുകയും ചെയ്യും.”
14എന്നാൽ യഹോവ നിന്നെക്കുറിച്ച്:
“നിന്‍റെ പേര് നിലനിർത്താൻ ഒരു സന്തതി നിനക്കുണ്ടാകുകയില്ല;
കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും
വാർത്തുണ്ടാക്കിയ ബിംബത്തെയും
നിന്‍റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്ന്
ഞാൻ ഛേദിച്ചുകളയും;
നീ നിസ്സാരനായിരിക്കുകയാൽ
ഞാൻ നിന്‍റെ ശവക്കുഴി കുഴിക്കും”
എന്ന് കല്പിച്ചിരിക്കുന്നു.
15ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്‍റെ കാൽ;
യെഹൂദയേ, നിന്‍റെ ഉത്സവങ്ങളെ ആചരിക്കുക;
നിന്‍റെ നേർച്ചകളെ കഴിക്കുക;
നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കുകയില്ല;
അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

നഹൂം 1: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക