നഹൂം 2
2
നിനവേയുടെ പതനം
1സംഹാരകൻ നിനക്കെതിരെ കയറിവരുന്നു;
കോട്ട കാത്തുകൊള്ളുക;
വഴി സൂക്ഷിച്ചു നോക്കുക;
അര മുറുക്കുക;
നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക.
2യഹോവ യാക്കോബിന്‍റെ മഹിമയെ
യിസ്രായേലിന്‍റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും;
പിടിച്ചുപറിക്കാർ അവരോട് പിടിച്ചുപറിച്ച്,
അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞുവല്ലോ.
3അവന്‍റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു;
പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്‍ക്കുന്നു;
അവന്‍റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു;
കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു.
4രഥങ്ങൾ തെരുവുകളിൽ പായുന്നു;
വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു;
തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു;
അവ മിന്നൽപോലെ ഓടുന്നു.
5അവൻ തന്‍റെ കുലീനന്മാരെ ഓർക്കുന്നു;
അവർ നടക്കുകയിൽ ഇടറിപ്പോകുന്നു;
അവർ അതിന്‍റെ മതിലിങ്കലേക്കു ബദ്ധപ്പെട്ട് ചെല്ലുന്നു;
അവിടെ രക്ഷാകവചം കെട്ടിയിരിക്കുന്നു.
6നദികൾ തുറന്നുവിട്ടിരിക്കുന്നു;
രാജമന്ദിരം തകർന്നുപോകുന്നു.
7അത് തീരുമാനിച്ചിരിക്കുന്നു;
അവൾ അനാവൃതയായി, ബദ്ധയായി പോകേണ്ടിവരും;
അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ കുറുകി മാറത്തടിക്കുന്നു.
8നീനെവേ പുരാതനമേ ഒരു ജലാശയം പോലെയായിരുന്നു;
എന്നാൽ അവർ ഓടിപ്പോകുന്നു:
“നില്ക്കുവിന്‍, നില്ക്കുവിന്‍!” എന്ന് വിളിച്ചിട്ടും
ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.
9വെള്ളി കൊള്ളയിടുവിൻ;
പൊന്ന് കൊള്ളയിടുവിൻ;
സമ്പത്തിനു കണക്കില്ല;
സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്.
10അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു;
ഹൃദയം ഉരുകിപ്പോകുന്നു;
മുഴങ്കാൽ ആടുന്നു;
എല്ലായിടത്തും അതിവേദന ഉണ്ട്;
എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
11സിംഹങ്ങളുടെ ഗുഹ എവിടെ?
അവ തങ്ങളുടെ കുട്ടികൾക്ക് ആഹാരംകൊടുത്തിരുന്ന സ്ഥലവും എവിടെ?
സിംഹവും സിംഹിയും കുട്ടികളും നിർഭയരായി
സഞ്ചരിച്ചിരുന്ന സ്ഥലം എവിടെ?
12സിംഹം തന്‍റെ കുട്ടികൾക്ക് മതിയാകുവോളം
കടിച്ചുകീറിവയ്ക്കുകയും
സിംഹികൾക്കുവേണ്ടി ഞെക്കിക്കൊല്ലുകയും
ഇരകൊണ്ടു തന്‍റെ ഒളിയിടങ്ങളെയും
കടിച്ചുകീറിയതിനെക്കൊണ്ടു
തന്‍റെ ഗുഹകളെയും നിറയ്ക്കുകയും ചെയ്തു.
13“ഞാൻ നിന്‍റെ നേരെ വരും;
ഞാൻ അതിന്‍റെ രഥങ്ങളെ ചുട്ടു പുകയാക്കും;
നിന്‍റെ ബാലസിംഹങ്ങൾ വാളിന് ഇരയായിത്തീരും;
ഞാൻ നിന്‍റെ ഇരയെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയും;
നിന്‍റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കുകയുമില്ല”
എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
നഹൂം 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.