സങ്കീ. 22
22
ഭക്തന്റെ വേദനയും പ്രത്യാശയും
സംഗീതപ്രമാണിക്ക്; ഉഷസ്സിൻ മാൻപേട എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്നെ കൈവിട്ടതെന്ത്?
എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്?
2എന്റെ ദൈവമേ, ഞാൻ പകൽ സമയത്ത് നിലവിളിക്കുന്നു; എങ്കിലും അവിടുന്ന് ഉത്തരമരുളുന്നില്ല;
രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല.
3യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവനേ,
അവിടുന്ന് പരിശുദ്ധനാകുന്നുവല്ലോ.
4ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;
അവർ ആശ്രയിക്കുകയും അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു.
5അവർ അങ്ങേയോട് നിലവിളിച്ചു രക്ഷപ്രാപിച്ചു;
അങ്ങയെ അവർ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല.
6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;
മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ.
7എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;
അവർ അധരം മലർത്തി തലകുലുക്കി പറയുന്നു:
8“യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്കുക! അവിടുന്ന് നിന്നെ രക്ഷിക്കട്ടെ!
അവിടുന്ന് നിന്നെ വിടുവിക്കട്ടെ! അവിടുത്തേക്ക് നിന്നിൽ പ്രസാദമുണ്ടല്ലോ.”
9അവിടുന്നല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ;
എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ അവിടുന്ന് എന്നെ അങ്ങയിൽ ആശ്രയിക്കുമാറാക്കി.
10ജനിച്ച ഉടൻ തന്നെ ഞാൻ അങ്ങയിൽ ഏല്പിക്കപ്പെട്ടു;
എന്റെ അമ്മയുടെ ഉദരംമുതൽ അവിടുന്ന് എന്റെ ദൈവം.
11കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ;
സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.
12അനേകം കാളകൾ എന്നെ വളഞ്ഞു;
ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ
അവർ എന്റെ നേരെ വായ് പിളർക്കുന്നു.
14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;
എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു;
എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്റെ ഉള്ളിൽ ഉരുകിയിരിക്കുന്നു.
15എന്റെ ശക്തി#22:15 എന്റെ ശക്തി എന്റെ തൊണ്ട ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;
എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു.
അങ്ങ് എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;
അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു.
17എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം;
അവർ എന്നെ തുറിച്ച് നോക്കുന്നു.
18എന്റെ വസ്ത്രം അവർ പകുത്തെടുത്തു,
എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.
19അവിടുന്ന് അകന്നിരിക്കരുതേ;
എന്റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.
20വാളിൽനിന്ന് എന്റെ പ്രാണനെയും
നായയുടെ കയ്യിൽനിന്ന് എന്റെ ജീവനെയും വിടുവിക്കേണമേ.
21സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ;
കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ അവിടുന്ന് എന്നെ രക്ഷിക്കുന്നു#22:21 എന്നെ രക്ഷിക്കുന്നു എനിക്ക് ഉത്തരമരുളുന്നു.
22ഞാൻ തിരുനാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും;
സഭാമദ്ധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും.
23യഹോവാഭക്തന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ;
യാക്കോബിന്റെ സകലസന്തതികളുമേ, അവിടുത്തെ മഹത്വപ്പെടുത്തുവിൻ;
യിസ്രായേലിന്റെ സർവ്വസന്തതികളുമേ, കർത്താവിനെ ഭയപ്പെടുവിൻ.
24അരിഷ്ടന്റെ അരിഷ്ടത അവിടുന്ന് നിരസിച്ചില്ല, വെറുത്തതുമില്ല;
തന്റെ മുഖം അവന് മറച്ചതുമില്ല;
തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്.
25മഹാസഭയിൽ എന്റെ പ്രശംസ അങ്ങയെക്കുറിച്ചാകുന്നു.
കർത്താവിന്റെ ഭക്തന്മാരുടെ കൺമുമ്പിൽ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.
26എളിയവർ ഭക്ഷിച്ച് തൃപ്തരാകും;
യഹോവയെ അന്വേഷിക്കുന്നവർ അവിടുത്തെ സ്തുതിക്കും.
അവരുടെ#22:26 അവരുടെ നിങ്ങളുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ.
27ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും;
സകലവംശങ്ങളും അവന്റെ മുൻപാകെ#22:27 അവന്റെ മുൻപാകെ നിന്റെ മുൻപാകെ നമസ്കരിക്കും.
28രാജത്വം യഹോവയ്ക്കുള്ളതല്ലയോ;
അവിടുന്ന് ജനതയെ ഭരിക്കുന്നു.
29ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ആരാധിക്കും#22:29 ആരാധിക്കും ഭക്ഷിച്ച് ആരാധിക്കും;
തന്റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ
പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവിടുത്തെ മുൻപാകെ കുമ്പിടും.
30വരുവാനുള്ള ഒരു സന്തതി അങ്ങയെ സേവിക്കും;
വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും.
31അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട്,
“കർത്താവ് ഇത് നിവർത്തിച്ചിരിക്കുന്നു” എന്നു അവിടുത്തെ നീതിയെ വർണ്ണിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 22: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.