സങ്കീ. 78
78
ദൈവവും അങ്ങേയുടെ ജനവും
ആസാഫിന്റെ ഒരു ധ്യാനം.
1എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിക്കുവിൻ;
എന്റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ.
2ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും;
പുരാതനകടങ്കഥകളെ ഞാൻ പറയും.
3നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു;
നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു.
4നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ
വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും
കർത്താവ് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
5ദൈവം യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു;
യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു;
അവയെ അവരുടെ മക്കളെ അറിയിക്കുവാൻ
നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു.
6വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾതന്നെ,
അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും.
7അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും
അവിടുത്തെ പ്രവൃത്തികളെ മറന്നുകളയാതെ
അവിടുത്തെ കല്പനകൾ പ്രമാണിച്ചു നടക്കുകയും
8അവരുടെ പിതാക്കന്മാരെപോലെ
ശാഠ്യവും മത്സരവും ഉള്ള തലമുറയായി
ഹൃദയത്തെ സ്ഥിരമാക്കാതെ,
ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിന് തന്നെ.
9ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ
യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.
10അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല;
കർത്താവിന്റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു.
11അവർ ദൈവത്തിന്റെ പ്രവൃത്തികളും
അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു.
12കർത്താവ് മിസ്രയീം ദേശത്ത്, സോവാൻ വയലിൽവച്ച്
അവരുടെ പൂര്വ്വ പിതാക്കന്മാരുടെ കൺമുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു.
13ദൈവം സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി;
കർത്താവ് വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.
14പകൽ സമയത്ത് അവിടുന്ന് മേഘംകൊണ്ടും
രാത്രിമുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
15ദൈവം മരുഭൂമിയിൽ പാറകളെ പിളർന്നു
ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു.
16പാറയിൽനിന്ന് അവിടുന്ന് അരുവികളെ പുറപ്പെടുവിച്ചു;
വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
17എങ്കിലും അവർ കർത്താവിനോട് പാപംചെയ്തു;
അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു.
18അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ടു
അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.
19അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു:
“മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?”
20ദൈവം പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു,
തോടുകളും കവിഞ്ഞൊഴുകി, സത്യം;
“എന്നാൽ അപ്പംകൂടി തരുവാൻ ദൈവത്തിന് കഴിയുമോ?
തന്റെ ജനത്തിന് ദൈവം മാംസം വരുത്തി കൊടുക്കുമോ?” എന്നു പറഞ്ഞു.
21ആകയാൽ യഹോവ അത് കേട്ടു കോപിച്ചു;
യാക്കോബിന്റെ നേരെ തീ ജ്വലിച്ചു;
യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
22അവർ ദൈവത്തിൽ വിശ്വസിക്കുകയും
കർത്താവിന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ.
23അവിടുന്ന് മീതെ മേഘങ്ങളോടു കല്പിച്ചു;
ആകാശത്തിന്റെ വാതിലുകളെ തുറന്നു.
24അവർക്ക് തിന്നുവാൻ മന്ന വർഷിപ്പിച്ചു;
സ്വർഗ്ഗീയധാന്യം അവർക്ക് കൊടുത്തു.
25മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു;
കർത്താവ് അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
26ദൈവം ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു;
തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.
27ദൈവം അവർക്ക് പൊടിപോലെ മാംസത്തെയും
കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
28അവരുടെ പാളയത്തിന്റെ നടുവിലും
പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29അങ്ങനെ അവർ തിന്ന് തൃപ്തരായി.
അവർ ആഗ്രഹിച്ചത് അവിടുന്ന് അവർക്ക് കൊടുത്തു.
30അവരുടെ കൊതിക്കു മതിവന്നില്ല;
ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ,
31ദൈവത്തിന്റെ കോപം അവരുടെ മേൽ വന്നു;
അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു
യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.
32ഇതെല്ലാമായിട്ടും അവർ പിന്നെയും പാപംചെയ്തു;
ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
33അതുകൊണ്ട് ദൈവം അവരുടെ നാളുകളെ ശ്വാസം പോലെയും
അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
34ദൈവം അവരെ കൊല്ലുമ്പോൾ അവർ ദൈവത്തെ അന്വേഷിക്കും;
അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.
35ദൈവം അവരുടെ പാറ എന്നും
അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
36എങ്കിലും അവർ വായ്കൊണ്ട് ദൈവത്തോട് കപടം സംസാരിക്കും
നാവുകൊണ്ട് ദൈവത്തോട് ഭോഷ്ക് പറയും.
37അവരുടെ ഹൃദയം ദൈവത്തിൽ സ്ഥിരമായിരുന്നില്ല;
കർത്താവിന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.
38എങ്കിലും ദൈവം കരുണയുള്ളവനാകുകകൊണ്ട്
അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു;
തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ
തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു.
39അവർ കേവലം ജഡം അത്രേ എന്നും
മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും കർത്താവ് ഓർത്തു.
40മരുഭൂമിയിൽ അവർ എത്ര തവണ ദൈവത്തോട് മത്സരിച്ചു!
ശൂന്യദേശത്ത് എത്ര പ്രാവശ്യം ദൈവത്തെ ദുഃഖിപ്പിച്ചു!
41അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു;
യിസ്രായേലിന്റെ പരിശുദ്ധനെ ദൈവത്തെ മുഷിപ്പിച്ചു.
42മിസ്രയീമിൽ അടയാളങ്ങളും
സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവിടുത്തെ കയ്യും
43കർത്താവ് ശത്രുവിന്റെ കയ്യിൽനിന്ന്
അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല.
44ദൈവം അവരുടെ നദികളെയും തോടുകളെയും
അവർക്ക് കുടിക്കുവാൻ കഴിയാത്തവിധം രക്തമാക്കിത്തീർത്തു.
45ദൈവം അവരുടെ ഇടയിൽ ഈച്ചയെ അയച്ചു;
അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്ക് നാശം ചെയ്തു.
46അവരുടെ വിള അവിടുന്ന് തുള്ളനും
അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
47ദൈവം അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും
അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
48ദൈവം അവരുടെ കന്നുകാലികളെ കന്മഴക്കും
അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു.
49ദൈവം അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും
ക്രോധവും രോഷവും കഷ്ടവും അയച്ചു;
അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ.
50ദൈവം തന്റെ കോപത്തിന് ഒരു പാത ഒരുക്കി,
അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ
അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു.
51ദൈവം മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും
ഹാമിന്റെ#78:51 ഹാമിന്റെ ഹാം-ഈജിപ്തിനെ പൊതുവേ വിളിക്കുന്ന പേരാണ് ഹാം. സങ്കീ 105:23, 27; 106:22 നോക്കുക. നോഹയുടെ പുത്രന്മാരിലൊരുവനായ ഹാമിനെ ഈജിപ്ത്കാരുടെ പൂര്വ്വപിതാവായി വിളിക്കപ്പെടുന്നു. ഉല്പ്പത്തി 10:6 നോക്കുക കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.
52എന്നാൽ തന്റെ ജനത്തെ ദൈവം ആടുകളെപ്പോലെ പുറപ്പെടുവിച്ചു;
മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി.
53ദൈവം അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല;
അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
54ദൈവം അവരെ തന്റെ വിശുദ്ധദേശത്തിലേക്കും
തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു.
55അവരുടെ മുമ്പിൽനിന്നു ദൈവം ജനതകളെ നീക്കിക്കളഞ്ഞു;
ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു;
യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു.
56എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു;
അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല.
57അവർ അവരുടെ പൂര്വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു;
വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.
58അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു;
വിഗ്രഹങ്ങളെക്കൊണ്ട് കർത്താവിന് തീക്ഷ്ണത ജനിപ്പിച്ചു.
59ദൈവം അത് കേട്ടു ക്രുദ്ധിച്ചു;
യിസ്രായേലിനെ ഏറ്റവും വെറുത്തു.
60അതുകൊണ്ട് ദൈവം ശീലോവിലെ#78:60 ശീലോവിലെ എഫ്രയീം ഗോത്രത്തിന്റെ അധീനതയിലുള്ള പ്രദേശത്തെ ഒരു പട്ടണമായിരുന്നു ശീലോവ്. യെരുശലേമിന് 32 കിലോമീറ്റര് വടക്കായി ഇത് സ്ഥിതിചെയ്യുന്നു. ഇവിടെയാണ് യിസ്രായേലിന്റെ പുരാതന ചരിത്രത്തിലെ നിയമപെട്ടകം സൂക്ഷിച്ചിരുന്നത്. യോശുവ 18:1, 1ശമുവേല് 1:3 നോക്കുക. തിരുനിവാസവും
താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന നിവാസവും#78:60 നിവാസവും കൂടാരവും ഉപേക്ഷിച്ചു.
61തന്റെ ബലത്തെ പ്രവാസത്തിലും
തന്റെ നിയമ പെട്ടകത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുക്കുകയും മാനഹീനനാക്കുകയും ചെയ്തു.
62ദൈവം തന്റെ അവകാശത്തോട് കോപിച്ചു;
തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു.
63അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു;
അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല.
64അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു;
അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.
65അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും
വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.
66ദൈവം തന്റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു;
അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു.
67എന്നാൽ കർത്താവ് യോസേഫിന്റെ കൂടാരത്തെ ത്യജിച്ച്;
എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
68ദൈവം യെഹൂദാഗോത്രത്തെയും
താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു.
69താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും
സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
70കർത്താവ് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു;
ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി.
71തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും
മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.
72അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു;
കൈകളുടെ സാമർത്ഥ്യത്തോടെ അവരെ നടത്തി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 78: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.