റോമ. 2
2
ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധി
1അതുകൊണ്ട് വിധിക്കുന്ന ഏത് മനുഷ്യനുമായുള്ളോവേ, നിനക്കു ഒഴിവുകഴിവില്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; കാരണം വിധിക്കുന്ന നീ അതുതന്നെ പ്രവർത്തിക്കുന്നു. 2എന്നാൽ ആ വക പ്രവർത്തിക്കുന്നവരുടെ നേരെ ദൈവത്തിന്‍റെ വിധി സത്യാനുസരണമായിരിക്കുന്നു എന്നു നാം അറിയുന്നു. 3ആ വക പ്രവർത്തിക്കുന്നവരെ വിധിക്കുകയും എന്നാൽ, അതുതന്നെ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്‍റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നുചിന്തിക്കുന്നുവോ? 4അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവ നിസ്സാരമാക്കി ചിന്തിക്കുന്നുവോ?
5എന്നാൽ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം സംഭരിച്ചുവെക്കുന്നു. 6അവൻ ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്കു തക്ക അളവിൽ പകരം കൊടുക്കും. 7നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയോടെ തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും, 8സ്വാർത്ഥരായി സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്ക് കോപവും ക്രോധവും കൊടുക്കും. 9തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും ദുരിതവും തീവ്രദുഃഖവും ആദ്യം യെഹൂദനും പിന്നെ യവനനും വരും. 10എന്നാൽ നല്ലത് പ്രവർത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും. 11ദൈവത്തിന്‍റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.
12ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. 13ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്. 14ന്യായപ്രമാണമില്ലാത്ത ജനതകൾ ന്യായപ്രമാണത്തിലുള്ള കാര്യങ്ങൾ സ്വാഭാവികമായി ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നെ ഒരു ന്യായപ്രമാണം ആകുന്നു. 15ഇതിനാൽ, അവരുടെ മനസ്സാക്ഷി അവരോടുകൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിയ്ക്കുകയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; 16ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്‍റെ സുവിശേഷപ്രകാരം ന്യായംവിധിക്കുന്ന നാളിൽ തന്നെ.
17നീയോ, യെഹൂദൻ എന്നു വിളിക്കപ്പെട്ടും, ന്യായപ്രമാണത്തിൽ ആശ്രയിച്ചും 18ദൈവത്തിൽ പ്രശംസിച്ചും, ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ ദൈവത്തിന്‍റെ ഇഷ്ടം അറിഞ്ഞും ഉത്തമമായത് തിരഞ്ഞെടുത്തും 19ജ്ഞാനത്തിൻ്റെയും സത്യത്തിൻ്റെയും സാരാംശം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിക്കുകയും ചെയ്തതുകൊണ്ടു നീ കുരുടർക്ക് വഴി കാട്ടുന്നവൻ, 20ഇരുട്ടിലുള്ളവർക്ക് വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്ക് ഉപദേഷ്ടാവ് എന്നു ഉറച്ചുമിരിക്കുന്നെങ്കിൽ, 21അന്യനെ ഉപദേശിക്കുന്ന നീ, നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? 22വ്യഭിചാരം ചെയ്യരുത് എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ? 23ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ? 24“നിങ്ങൾ നിമിത്തം ദൈവത്തിന്‍റെ നാമം ജനതകളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
25നീ ന്യായപ്രമാണം അനുസരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; എന്നാൽ ന്യായപ്രമാണലംഘിയായാലോ നിന്‍റെ പരിച്ഛേദന അഗ്രചർമ്മമായിത്തീരുന്നു. 26അങ്ങനെയെങ്കിൽ, അഗ്രചർമ്മി ന്യായപ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്‍റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ? 27സ്വാഭാവികമായി അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ തിരുവെഴുത്തും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കുകയില്ലയോ?
28പുറമെ മാത്രം യെഹൂദനായവൻ യെഹൂദനല്ല; പുറമെ മാത്രം ജഡത്തിലുള്ളത് പരിച്ഛേദനയുമല്ല; 29അകമേ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അങ്ങനെയുള്ളവന് മനുഷ്യരാലല്ല ദൈവത്താൽ തന്നെ പുകഴ്ച ലഭിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
റോമ. 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.