റോമ. 3
3
ദൈവത്തിന്‍റെ വിശ്വസ്തത
1എന്നാൽ യെഹൂദന് എന്ത് വിശേഷതയാണുള്ളത്? പരിച്ഛേദനകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? 2സകലവിധത്തിലും വളരെ ഉണ്ട്; ഒന്നാമത് ദൈവത്തിന്‍റെ അരുളപ്പാടുകൾ അവരുടെ പക്കൽ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നതു തന്നെ.
3ചില യഹൂദർ വിശ്വസിച്ചില്ല എങ്കിൽ എന്ത്, അവരുടെ അവിശ്വാസത്താൽ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് നീക്കം വരുമോ? 4ഒരുനാളും ഇല്ല.
“അങ്ങേയുടെ വാക്കുകളിൽ അങ്ങ് നീതീകരിക്കപ്പെടുവാനും
അങ്ങേയുടെ ന്യായവിസ്താരത്തിൽ ജയിപ്പാനും”
എന്നു എഴുതിയിരിക്കുന്നതുപോലെ സകലമനുഷ്യരും ഭോഷ്ക് പറയുന്നവരായാലും ദൈവം സത്യവാൻ എന്നു തെളിയും.
5എന്നാൽ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്ത് പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? (ഞാൻ മാനുഷരീതിയിൽ പറയുന്നു) ഒരുനാളുമല്ല; 6അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? 7ദൈവത്തിന്‍റെ സത്യം പ്രകാശിതമാകുകയും അവന്‍റെ മഹത്വം വർദ്ധിക്കുകയും ചെയ്യുന്നതിന് എന്‍റെ അസത്യം ഉപകരിക്കുന്നുവെങ്കിൽ, എന്നെ പാപി എന്നു വിധിക്കുന്നതു എന്തിന്? 8നല്ലത് വരേണ്ടതിന് തിന്മ ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്ക് വരുന്ന ശിക്ഷാവിധി നീതിയുള്ളത് തന്നെ.
നീതിമാൻ ആരുമില്ല
9ആകയാൽ എന്ത്? നമുക്കു ഒഴിവുകഴിവുണ്ടോ? ഒരിക്കലുമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ ആരോപിച്ചുവല്ലോ.
10“നീതിമാൻ ആരുമില്ല.
ഒരുവൻ പോലുമില്ല.
11ഗ്രഹിക്കുന്നവൻ ഇല്ല,
ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
12എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു;
നന്മ ചെയ്യുന്നവനില്ല,
ഒരുവൻപോലും ഇല്ല.
13അവരുടെ തൊണ്ട തുറന്ന ശവക്കുഴി:
നാവുകൊണ്ട് അവർ ചതിക്കുന്നു;
സർപ്പവിഷം അവരുടെ അധരങ്ങൾക്ക് കീഴെ ഉണ്ട്.
14അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു.
15അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.
16നാശവും കഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്.
17സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.
18അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല”
എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.
19ന്യായപ്രമാണം പറയുന്നതെല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോട് പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏത് വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ. 20അതുകൊണ്ട് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്‍റെ ദൃഷ്ടിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്‍റെ പരിജ്ഞാനമത്രെ വരുന്നത്. 21ഇപ്പോഴോ ദൈവത്തിന്‍റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും, യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. 22അതിന് ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. 23ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപംചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു, 24അവന്‍റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. 25വിശ്വസിക്കുന്നവർക്ക് അവൻ തന്‍റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു. ദൈവം തന്‍റെ ദീർഘക്ഷമയിൽ കഴിഞ്ഞ കാലങ്ങളിലെ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്‍റെ നീതിയെ പ്രദർശിപ്പിക്കുവാൻ, 26താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്‍റെ നീതിയെ പ്രദർശിപ്പിക്കുവാൻതന്നെ അങ്ങനെ ചെയ്തത്.
27ആകയാൽ പ്രശംസ എവിടെ? അത് പൊയ്പോയി. ഏത് അടിസ്ഥാനത്തിൽ? പ്രവൃത്തിയാലോ? അല്ല, വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലത്രെ. 28അതുകൊണ്ട് മനുഷ്യൻ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നെ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. 29അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ, ജാതികളുടെയും ദൈവം ആകുന്നു. 30ദൈവം ഏകനല്ലോ; വിശ്വാസം മൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും അവൻ നീതീകരിക്കുന്നു. 31ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരുനാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
റോമ. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.