ആവർത്തനപുസ്തകം 13:1-3

ആവർത്തനപുസ്തകം 13:1-3 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ് ഒരു ചിഹ്നമോ അത്ഭുതമോ മുൻകൂട്ടി അറിയിക്കുകയും അങ്ങനെ ആ ചിഹ്നമോ അത്ഭുതമോ അറിയിച്ചതുപോലെതന്നെ സംഭവിക്കുകയും, തുടർന്ന് ആ പ്രവാചകൻ, “നമുക്കു മറ്റു ദേവന്മാരെ അനുഗമിക്കാം, നമുക്കവരെ ആരാധിക്കാം”—നീ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെത്തന്നെ—എന്നു പറഞ്ഞാൽ, ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ ശ്രദ്ധിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും നിങ്ങൾ സ്നേഹിക്കുന്നുണ്ടോ എന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്.

ആവർത്തനപുസ്തകം 13:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“നിങ്ങളുടെ ഇടയിൽനിന്ന് ഒരു പ്രവാചകനോ സ്വപ്നവ്യാഖ്യാതാവോ എഴുന്നേറ്റ് ഒരു അടയാളമോ അദ്ഭുതമോ വാഗ്ദാനം ചെയ്യുകയും അയാൾ പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്താലും നിങ്ങൾക്ക് ഇന്നോളം അജ്ഞാതനായിരുന്ന ദേവനെ നമുക്ക് അനുഗമിക്കാം, ആരാധിക്കാം എന്ന് അയാൾ പ്രലോഭിപ്പിച്ചാലും നിങ്ങൾ ആ പ്രവാചകന്റെയോ സ്വപ്നവ്യാഖ്യാതാവിന്റെയോ വാക്കിനു വഴങ്ങരുത്. പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടിയാണോ നിങ്ങൾ നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുന്നത് എന്ന് അവിടുന്ന് അയാളിലൂടെ നിങ്ങളെ പരീക്ഷിക്കുകയാണ്.

ആവർത്തനപുസ്തകം 13:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

”നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ് ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അങ്ങനെ ആ അടയാളമോ അത്ഭുതമോ അറിയിച്ചതുപോലെതന്നെ സംഭവിക്കുകയും, തുടർന്ന് ആ പ്രവാചകൻ, “നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കുക” എന്നു പറഞ്ഞാൽ ആ പ്രവാചകൻ്റെയോ സ്വപ്നക്കാരൻ്റെയോ വാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന് യഹോവ നിങ്ങളെ പരീക്ഷിക്കുകയാകുന്നു.