ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)ഉദാഹരണം

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)

7 ദിവസത്തിൽ 4 ദിവസം

കല്ലെറിയുന്നവരും  പുതുവെളിച്ചം പകരുന്നവരും

രണ്ടാം ലോകമഹായുദ്ധാനന്തരം ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് -19 (COVID-19). ആരോഗ്യ സാമ്പത്തിക മേഖലകളിൽ അനിശ്ചിത്വത്വം സൃഷ്‌ടിച്ചു കൊണ്ട് രോഗവ്യാപനം പടരുകയാണ്. ലോകരാഷ്ട്രങ്ങളിൽ പലയിടത്തും നിയന്ത്രണാതീതമായ സ്ഥിതി വിശേഷങ്ങളുണ്ട്. ഈ അവസരത്തിൽ നമ്മുടെ രാജ്യം, വിശേഷിച്ച്‌ കേരള സംസ്ഥാനം പ്രശംസനീയമായ രീതിയിലാണ് ഈ രോഗത്തെ പ്രതിരോധിക്കുവാൻ ശക്തമായ ഇടപെടലുകൾ നടത്തുന്നത്. എന്നാൽ ഇതിനിടയിലും പരസ്പരം ചെളിവാരിയെറിയുവാനും കല്ലെറിയുവാനുമുള്ള അവസരങ്ങൾ ചിലരെങ്കിലും മുതലെടുക്കുന്നു എന്നുള്ളത് വേദനിപ്പിക്കുന്ന വസ്തുതയാണ്. 

ഇവിടെയാണ് "നിങ്ങളിൽ പാപമില്ലാത്തവൻ ഒന്നാമത് കല്ലെറിയട്ടെ (യോഹന്നാൻ 8:7) എന്ന യേശുവിന്റെ വിഖ്യാതമായ പ്രസ്താവനയുടെ പ്രസക്തി. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം കല്ലെറിയുക, ഉന്മൂലമായി നശിപ്പിക്കുക, ചെളിവാരിയെറിയുക എന്നത് നീതിബോധമുള്ള ഒരു സമൂഹത്തിനും ചേർന്നതല്ല, വിശേഷിച്ചും ക്രൈസ്തവ നീതിക്ക് നിരക്കാത്തതാണ്. ഇവിടെയാണ്‌ ശരിയായ ഒരു മാധ്യമ സംസ്കാരത്തിന്റെ പ്രാധാന്യം. കല്ലെറിഞ്ഞു കൊല്ലുക എന്ന 'പഴയ നീതി' വ്യവസ്ഥയെ തകിടം മറിച്ചുകൊണ്ട് യേശു ഒരു പുത്തൻ നീതി വ്യവസ്ഥ തന്നെ ആവിഷ്ക്കരിക്കുന്നു. "ഞാനും നിന്നെ കുറ്റം വിധിക്കുന്നില്ല... ഇനി പാപം ചെയ്യരുത്." എന്ന് യേശു പറയുമ്പോൾ പാപത്തെ ലഘൂകരിക്കുകയല്ല മറിച്ച്‌ ജീവൻ നിലനിർത്താനായി പുതുവെളിച്ചം പകരുകയാണ്. 

യേശു പറയുന്നു, "ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു." (യോഹന്നാൻ 8:12). ഇസ്രായേലിന്റെ മരുഭൂമി യാത്രയിൽ അഗ്നിസ്തംഭമായി കൂടെ സഞ്ചരിച്ച ദൈവസാന്നിധ്യം അവർക്ക് ഒരു സംരക്ഷണത്തിന്റെ തീ മതിലും, പാതക്ക് പുതു വെളിച്ചവും ആയിരുന്നു (പുറ. 13:21). ഈ ഓർമ്മ പുതുക്കുന്നതിന് കൂടാരപ്പെരുന്നാളിൽ അവർ നാല് വലിയ സ്വർണ്ണവിളക്കുകൾ കത്തിക്കുമായിരുന്നു (യോഹന്നാൻ 7). ഈ സന്ദർഭത്തിലാണ് യേശു 'ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു' എന്ന പ്രസ്താവന നടത്തുന്നത്. യേശു കല്ലെറിയുന്നവരുടെ കൂട്ടത്തിലല്ല, പുതുവെളിച്ചം പകർന്ന് സംരക്ഷിക്കുന്ന തീ മതിലാകുന്ന പുത്തൻ നീതി വ്യവസ്ഥയുടെ ഉറവിടമാണ്. ഇതു തന്നെയാണ് നമ്മുടെയും ഉത്തരവാദിത്തം.

ദിവസം 3ദിവസം 5

ഈ പദ്ധതിയെക്കുറിച്ച്

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)

ഈ ലോക് ഡൗൺ സമയത്ത്‌ വേദാധ്യാപകനും, ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് അസ്സോസിയേറ്റ് പ്രഫസറുമായ ഡോ. ബിജു ചാക്കോ (ഡെറാഡൂൺ) ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൽ എഴുതിയ തിരഞ്ഞെടുത്ത ഏഴ് പ്രതിദിന ചിന്തകൾ... ഈ ചിന്തകൾ അനേകർക്ക്‌ ആശ്വാസവും അനുഗ്രഹവുമായിരുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion/