ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)സാംപിൾ

മറുരൂപപെടുന്ന ക്രിസ്തു സമൂഹവും നിസ്വാർത്ഥമായ സേവനവും
സമാന്തരസുവിശേഷങ്ങളിൽ (Synoptic Gospel) നിന്നും തികച്ചും വ്യത്യസ്തമായാണ് യോഹന്നാന്റെ സുവിശേഷത്തിൽ യേശു ക്രിസ്തുവിന്റെ മറുരൂപപ്പെടുന്ന അനുഭവം (transfiguration) രേഖപ്പെടുത്തുന്നത് (യോഹ: 13). തന്റെ ശിഷ്യൻമാരുമായുള്ള അത്താഴത്തിനു ഇരിക്കുമ്പോൾ യേശു എഴുന്നേറ്റു തന്റെ വസ്ത്രം ഊരി വെച്ച്, അരയിൽ തുവർത്തു എടുത്ത് ചുറ്റി, പാത്രത്തിൽ വെള്ളമെടുത്തു ശിഷ്യന്മാരുടെ കാൽ കഴുകിയ വിവരണം യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന സംഭവമാണ്. ഉടമസ്ഥൻ (അധികാരമുള്ളവൻ) എന്ന പദവിയിൽ നിന്നും സേവനത്തിന്റെ മനോഭാവത്തിലേക്കുള്ള പരിണാമമാണിത്. ഇതു യേശുവിന്റെ മറുരൂപപ്പെടുന്ന (ദാസരൂപം എടുക്കുന്ന) മനോഭാവമാണ് (ഫിലിപ്പിയർ 2:5-11). ഈ മനോഭാവത്തോടെ മറുരൂപപ്പെടുന്നവർക്കാണ് യേശു സൃഷ്ടിക്കുന്ന പുതുസമൂഹത്തിൽ പങ്കാളികളാകുവാൻ സാധ്യമാകുന്നത്.
നിസ്വാർത്ഥമായ സേവനം ആണ് ഈ സമൂഹത്തിന്റെ മുഖമുദ്ര. സ്നേഹത്തിന്റെ മൂർത്തീരൂപമായെങ്കിലേ (ആൾരൂപം) ഇതു സാധ്യമാകു. യേശുവിന്റെ ഈ ശുശ്രുഷയും ക്രിസ്തു സമൂഹം അനുവർത്തിക്കേണ്ട ശുശ്രുഷാരീതിയും ഈ അർത്ഥത്തിൽ ഒന്ന് തന്നെയാണ്. തന്റെ വസ്ത്രം ഊരി വെയ്ക്കുക എന്നതിനും ജീവൻ അർപ്പിക്കുക എന്നതിനും ഒരേ പദം ഉപയോഗിച്ചിരിക്കുന്നതുകൊണ്ടു (tithemi എന്ന യവനായ പദം) ഇതു മറ്റുള്ളവർക്കായുള്ള ജീവന്റെ അർപ്പണമാണ്. സ്വാർത്ഥ ലാഭത്തിനുവേണ്ടി യേശുവിനെ വിറ്റു കാശാക്കി കീശ വീർപ്പിക്കുന്ന യൂദാസുമാരുടെ കാലത്തിൽ, യേശുവിനെപ്പോലെ മറ്റുള്ളവർക്കായി ജീവൻ പോലും അർപ്പിച്ചുകൊടുക്കുന്ന, അർത്ഥാൽ മറുരൂപപ്പെടുന്ന ക്രിസ്തു സമൂഹമാകുവാൻ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. ഈ മഹാമാരിയുടെ കാലത്ത് ആരോഗ്യമേഖലയിലും മറ്റ് സേവനങ്ങളിലും വ്യാപൃതരായി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിൽ സ്വയജീവൻപോലും ബലിയർപ്പിക്കുന്നവർ നിസ്വാർത്ഥ സേവനത്തിന്റെ മകുടോദാഹരണങ്ങളാണ്. ക്രിസ്തു സമൂഹത്തിനുള്ള നിയോഗം ഈ മറുരൂപപ്പെടലും നിസ്വാർത്ഥ സേവനവുമാണ്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

ഈ ലോക് ഡൗൺ സമയത്ത് വേദാധ്യാപകനും, ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് അസ്സോസിയേറ്റ് പ്രഫസറുമായ ഡോ. ബിജു ചാക്കോ (ഡെറാഡൂൺ) ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൽ എഴുതിയ തിരഞ്ഞെടുത്ത ഏഴ് പ്രതിദിന ചിന്തകൾ... ഈ ചിന്തകൾ അനേകർക്ക് ആശ്വാസവും അനുഗ്രഹവുമായിരുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion/