മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം
അവിശ്വാസത്തെ തോല്പിക്കുക
നിര്‍മ്മദരായിരിപ്പിന്‍; ഉണര്‍ന്നിരിപ്പിന്‍; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്ന് തിരഞ്ഞ് ചുറ്റിനടക്കുന്നു. ലോകത്തില്‍ നിങ്ങള്‍ക്കുള്ള സഹോദരവര്‍ഗ്ഗത്തിന് ആവക കഷ്ടപ്പാടുകള്‍ തന്നെ പൂര്‍ത്തിയായി വരുന്നു എന്നറിഞ്ഞ് വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായി അവനോട് എതിര്‍ത്തുനില്പിന്‍.
- 1 പത്രോസ് 5:8,9
ആത്മിക യുദ്ധക്കളത്തെക്കുറിച്ച് ചിലപ്പോള്‍ നാം മനപ്പൂര്‍വ്വമല്ലാതെ തെറ്റായ ധാരണ നല്‍കും. നമ്മുടെ ശത്രു പിശാചാണെന്നും അവനോട് നാം ദൈനംദിനം യുദ്ധം ചെയ്യണമെന്നും നമുക്ക് അറിയാം. എന്നാല്‍ അതുമാത്രം കൊണ്ട് എല്ലാമാകുന്നില്ല. ക്രിസ്തീയജീവിതം ഒരു യുദ്ധം മാത്രമാണെങ്കില്‍ നാം ഓരോ ദിവസവും ഓരോ മണിക്കൂറിലും യുദ്ധം ചെയ്യേണ്ടിവരുന്നത് നിരാശാജനകമായി അനുഭവപ്പെടും.
ഞാന്‍ ഒരു നിമിഷം വിശ്രമിക്കുകയാണെങ്കില്‍ സാത്താന്‍ അവിടേക്ക് ഇഴഞ്ഞുകയറും എന്നതായിരുന്നു എനിക്ക് തോന്നിയിരുന്നത്. എന്നാല്‍ അതല്ല ഞാന്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ചിത്രം. ക്രിസ്തീയ ജീവിതം എന്നത് സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റേതുമാണ്. നിറവിന്‍റെ അനുഭവമാണ് ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്. നമ്മുടെ ജീവിതങ്ങള്‍ കൊണ്ട് നാം ദൈവത്തെ ആദരിക്കുകയാണ് എന്ന് നമുക്ക് അറിയാവുന്നതുകൊണ്ട് നാം വിശ്രമത്തിലുമാണ്.
പത്രോസ് ക്രിസ്തീയ വിശ്വാസികളോട് അവരുടെ ശത്രുവിനെക്കുറിച്ച് എഴുതുന്നു... അവനെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ആ വാക്യങ്ങള്‍ എഴുതുന്നതിന് തൊട്ടുമുമ്പായി പത്രോസ് ഇപ്രകാരം പറയുന്നു. "അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ സകല ചിന്താകുലവും അവന്‍റെ മേല്‍ ഇട്ടുകൊള്‍വിന്‍" (വാക്യം 7) ആ വാക്യം പറയുന്നത്, നമ്മോടുള്ള ദൈവസ്നേഹത്തെക്കുറിച്ച്-നമ്മെ ദൈവം കരുതുന്നുവെന്നത്- നാം സ്വയം ഓര്‍ത്തിരിക്കണം എന്നാണ്. ദൈവം നമ്മെ കരുതുന്നതുകൊണ്ട് നമുക്ക് ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കാം.
അത് നമ്മുടെ അടിസ്ഥാനമെന്ന നിലയില്‍ നമുക്ക് ആവശ്യമാണ്. നമുക്ക് വിശ്വാസം ഇല്ലാത്തതുകൊണ്ടല്ല, പ്രത്യുത സാത്താന്‍ തന്‍റെ കളവുകള്‍ കൊണ്ട് നമ്മുടെ വിശ്വാസത്തെ തകര്‍ത്തുകളയാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് നാം പരാജയപ്പെടുന്നത്. "ദൈവം യഥാര്‍ത്ഥത്തില്‍ നിന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ നിനക്ക് ഈ പരിശോധനയിലൂടെ കടന്നുപോകേണ്ടിവരുമായിരുന്നോ?" "ദൈവം നിന്നെ യഥാര്‍ത്ഥമായി സ്നേഹിക്കുന്നുവെങ്കില്‍ ഈ രീതിയില്‍ ആയിരിക്കുമോ പരിഗണിക്കുക?" തുടങ്ങിയ ചോദ്യങ്ങളായിരിക്കും അവന്‍ ഉന്നയിക്കുക.
സാത്താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങളെല്ലാം കളവ് നിറഞ്ഞതായിരിക്കും. നിങ്ങള്‍ സ്നേഹിക്കപ്പെടുന്നില്ലെന്നോ, ദൈവത്തിന് നിങ്ങളെക്കുറിച്ചുള്ള പദ്ധതികള്‍ ഏറ്റവും മികച്ചതല്ലെന്നോ ചിന്തിക്കുന്നുവെങ്കില്‍ സാത്താന്‍ നിങ്ങളില്‍ അവിശ്വാസത്തിന്‍റെ വിത്തുകള്‍ വിതച്ചുവെന്ന് മനസ്സിലാക്കാം. അബ്രാഹാമിനെപ്പോലെയും മറ്റ് വിശ്വാസവീരന്‍മാരെപ്പോലെയും ഉറച്ചുനില്‍ക്കാന്‍ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നു.
നമ്മുടെ ജീവിതത്തിലുണ്ടാകുന്ന അതിഭയങ്കരമായ പ്രശ്നങ്ങളല്ല നമ്മെ ദൈവത്തില്‍ നിന്ന് അകറ്റിക്കളയുന്നതെന്ന് എന്‍റെ ശുശ്രൂഷാ ജീവിതത്തില്‍ അനേകരുടെ ഉദാഹരണങ്ങളില്‍നിന്ന് മനസ്സിലായിട്ടുണ്ട്. ആ സാഹചര്യങ്ങളോടുള്ള നമ്മുടെ പ്രതികരണമാണ് കാര്യങ്ങളെ വ്യത്യസ്തമാക്കുന്നത്. അബ്രാഹാമിനെക്കുറിച്ച് വീണ്ടും ചിന്തിക്കുക. ദൈവം അവന് ഒരു മകനെ നല്‍കാമെന്ന് വാഗ്ദത്തം ചെയ്തപ്പോള്‍, അവന്‍ വൃദ്ധനായിരുന്നു. അവന് ഇപ്രകാരം പറയാമായിരുന്നു. "അത് എങ്ങനെ സംഭവിക്കും? ഞാന്‍ വൃദ്ധനാണ്. എനിക്ക് ഒരു കുട്ടിയുടെ പിതാവായിത്തീരാന്‍ സാധിക്കുകയില്ല." എന്നാല്‍ അതിനുപകരം അവന്‍ പറഞ്ഞത്, "ഇത് അത്ഭുതകരം തന്നെ. ഞാന്‍ വിശ്വസി ക്കുന്നു."
പരിശോധനകളും പോരാട്ടങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തില്‍ കടന്നുവരുമ്പോള്‍ നിങ്ങള്‍ക്ക് ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കും. പത്രോസിന്‍റെ വാക്കുകളെ പിന്‍പറ്റി ദൈവിക കരുതലിനായി നമ്മുടെ ഭാരങ്ങളെ വിട്ടുകൊടുക്കാം. രാത്രി എത്ര ഇരുട്ടാണെങ്കിലും, സാഹചര്യം എത്ര മോശമാണെങ്കിലും ദൈവം അതിന്‍റെ മധ്യത്തില്‍ നിങ്ങളോടൊപ്പമുണ്ട് എന്ന് ഓര്‍മ്മിക്കുക. അവന്‍ നിങ്ങളെ സ്നേഹിക്കുകയും നിങ്ങള്‍ക്കായി കരുതുകയും ചെയ്യുന്നു.
ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ജാഗ്രതയോടെ ഇരിക്കുക എന്നതാണ് നിങ്ങളുടെ ജോലി. എല്ലാ കാര്യങ്ങളും സുഗമമായി പോകുമ്പോള്‍ നിങ്ങള്‍ക്ക് ദൈവികനന്മയില്‍ സന്തോഷിക്കാനും സ്തുതിക്കാനും സാധിക്കും. അത് തന്നെയാണ് ദൈവം നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നതും. എന്നാല്‍ ഇരുട്ടിന്‍റെ മണിക്കൂറുകളില്‍ ശത്രു നിങ്ങളുടെ അരികിലുണ്ടെന്നും അവന്‍ നിങ്ങളെ തോല്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതും ഓര്‍മ്മിക്കണം.
ഒരു കാര്യം കൂടി. എന്തുകൊണ്ട് ഇത്രയേറെ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുന്നു എന്നോര്‍ത്ത് നിങ്ങള്‍ വ്യാകുലപ്പെട്ടേക്കാം. അത് ചിലപ്പോള്‍ ദൈവത്തിന് നിങ്ങളെക്കുറിച്ചുളള വലിയ പദ്ധതി മനസ്സിലാക്കിയ സാത്താന്‍ നിങ്ങളെ ആവര്‍ത്തിച്ച് ആക്രമിക്കുന്നതാകാം. നിങ്ങള്‍ കൂടുതല്‍ വിശ്വസ്തനായാല്‍ നിങ്ങ ള്‍ക്ക് കൂടുതലായി അവനോട് എതിര്‍ത്ത് നില്‍ക്കാന്‍ സാധിക്കും.
__________________
സ്വര്‍ഗ്ഗീയ പിതാവേ, ശത്രു പലപ്പോഴും എന്നില്‍ അവിശ്വാസം നിറച്ച് അങ്ങയുടെ ശക്തിയേറിയ സ്നേഹത്തില്‍ നിന്ന് എന്നെ അകറ്റിക്കളയാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അബ്രാഹാമിനെപ്പോലെ ഞാന്‍ അങ്ങയുടെ വാഗ്ദത്തങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. എന്നോടൊപ്പം എല്ലാ നാളും അങ്ങ് ഉണ്ട് എന്ന വാഗ്ദത്തം നല്‍കിയതിന് ഞാന്‍ നന്ദി പറയുന്നു. ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam