മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം

മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍

14 ദിവസത്തിൽ 14 ദിവസം

ക്രിസ്തുവിന്‍റെ മനസ്സ്

കര്‍ത്താവിന്‍റെ മനസ്സ് അറിഞ്ഞ് അവനെ ഗ്രഹിപ്പിക്കാകുന്നവന്‍ ആര്‍? നാമോ ക്രിസ്തുവിന്‍റെ മനസ്സുള്ളവര്‍ ആകുന്നു - 1 കൊരിന്ത്യര്‍ 2:16

ഈ വാക്കുകള്‍ ബൈബിളിലേതല്ലായിരുന്നുവെങ്കില്‍ അനേകര്‍ വിശ്വസിക്കുകയില്ലായിരുന്നു. എങ്കിലും അനേകര്‍ ഇന്നും തലകുലുക്കിക്കൊണ്ടു പറയുന്നു. ഇതെങ്ങനെ സാധ്യമാവും?

നാം പൂര്‍ണ്ണരാണെന്നോ നമുക്കു പരാജയമുണ്ടാകുമെന്നോ പൌലോസ് പറയുന്നില്ല. ദൈവപുത്രനായ യേശുവില്‍ വിശ്വസിക്കുന്നവരെന്ന നിലയില്‍ നമുക്ക് ക്രിസ്തുവിന്‍റെ മനസ്സ് ലഭിച്ചിരിക്കുന്നു എന്നാണ് പൌലോസ് പറയുന്നത്. ക്രിസ്തു നമ്മില്‍ ജീവിക്കുന്നതുകൊണ്ട് നമുക്ക് ആത്മിയമായി ചിന്തിക്കുവാന്‍ സാധിക്കും. നാം ഒരിക്കല്‍ ആയിരുന്നതുപോലെ ചിന്തിക്കേണ്ടവരല്ല. നമുക്ക് ക്രിസ്തു ചിന്തിക്കുന്നതുപോലെ ചിന്തിക്കാന്‍ സാധിക്കും.

യെഹസ്ക്കേലിലൂടെ ദൈവം വാഗ്ദത്തം ചെയ്തതുപോലെ "ഞാന്‍ നിങ്ങള്‍ക്ക് പുതിയൊരു ഹൃദയം തരും. പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളിലാക്കും. കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും. ഞാനെന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിലാക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും. നിങ്ങള്‍ എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും.". (യെഹെ. 36:26-28)

യെഹൂദര്‍ ബാബിലോണില്‍ അടിമകളായിരുന്ന സമയത്താണ് ദൈവം പ്രവാചകനിലൂടെ ഈ വാഗ്ദത്തം ചെയ്യുന്നത്. അവരുടെ ഇപ്പോഴത്തെ സാഹചര്യം അന്തിമമല്ല എന്നു കാണിക്കുവാന്‍ ദൈവം ആഗ്രഹിച്ചു. അവര്‍ ദൈവത്തോട് എല്ലാ വഴികളിലും പാപം ചെയ്തു. എങ്കിലും ദൈവം അവരെ തള്ളിക്കളയുന്നില്ല. അതിനു പകരം അവരില്‍ മാറ്റം വരുത്തുവാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് പുതിയൊരു ആത്മാവിനെ - തന്‍റെ പരിശുദ്ധാത്മാവിനെ - നല്‍കുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

പരിശുദ്ധാത്മാവ് നമ്മില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ക്രിസ്തുവിന്‍റെ മനസ്സ് സജീവമാകുന്നു. ശരിയായ വഴിയിലൂടെ മുന്നോട്ടു പോകുവാനാണ് ക്രിസ്തുവിന്‍റെ മനസ്സ് നമുക്കു നല്‍കിയിരിക്കുന്നത്. ക്രിസ്തുവിന്‍റെ മനസ്സ് നമുക്കുണ്ടെങ്കില്‍ നാം ക്രിയാത്മകമായി ചിന്തിക്കും. ദൈവം നമുക്കു ചെയ്ത നന്മകളെക്കുറിച്ചും നാം എത്ര അനുഗ്രഹീതരാണെന്നും ഓര്‍മ്മിക്കും.

യേശുക്രിസ്തു ക്രിയാത്മക മനോഭാവമാണു പ്രകടിപ്പിച്ചത്. എല്ലാവരും ഉപേക്ഷിക്കുകയും തള്ളിക്കളയുകയും ചെയ്തപ്പോഴും ക്രിസ്തു ക്രിയാത്മക മനോഭാവം പ്രകടിപ്പിച്ചു. എപ്പോഴും മറ്റുള്ളവരെ ധൈര്യപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വാക്കുകളാണ് കര്‍ത്താവ് പറഞ്ഞത്. ക്രിസ്തുവിന്‍റെ സാന്നിധ്യത്തിലാകുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്നതും നിഷേധാത്മകവുമായ ചിന്തകള്‍ നമ്മില്‍നിന്ന് അകന്നുപോകും.

നമ്മിലുള്ള ക്രിസ്തുവിന്‍റെ മനസ്സ് ക്രിയാത്മകമാണ്. അതുകൊണ്ട് നിഷേധാത്മകമായ ഒന്നിലേക്കു വീഴുമ്പോള്‍ നാം ക്രിസ്തുവിന്‍റെ മനസ്സിലല്ല പ്രവര്‍ത്തിക്കേണ്ടത് എന്നകാര്യം തിരിച്ചറിയേണ്ടതുണ്ട്. ക്രിസ്തു നമ്മെ ഉയര്‍ത്തുവാന്‍ ശ്രമിക്കുമ്പോള്‍ ശത്രു നമ്മുടെ ആത്മാവിനെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുന്നു. അത്തരം ചിന്തകളെ നാം സ്വീകരിക്കരുത്. അതു നമ്മുടേതല്ല.

ജീവിതത്തിലെ ഓരോ സാഹചര്യങ്ങളിലും ഒരു തെരഞ്ഞെടുപ്പിനുള്ള അവസരം നമുക്കുണ്ട്. നമുക്ക് നല്ലതോ ചീത്തയായതോ ഏതെന്നു തെരഞ്ഞെടുക്കാം. എന്നാല്‍, തെറ്റായതും മോശമായതും നാം തെരഞ്ഞെടുക്കുമ്പോള്‍ നമ്മുടെ പഴയ മനസ്സിനെ നാം പിന്തുടരുകയാണ് എന്നു നാം ഓര്‍ക്കേണ്ടതുണ്ട്. യെഹെസ്ക്കിയേലിലൂടെ ദൈവം അരുളിച്ചെയ്തതുപോലെ നമുക്ക് ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും നല്‍കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍, ഏതു മനസ്സിനെയാണ് നാം പിന്തുടരേണ്ടത് എന്നു തെരഞ്ഞെടുക്കുവാനുള്ള ശക്തി നമുക്കാവശ്യമാണ്.

__________________

കര്‍ത്താവേ, എന്‍റെ ജീവിതത്തില്‍ ക്രിസ്തുവിന്‍റെ മനസ്സിനെക്കുറിച്ച് അറിവുള്ളവനായിരിപ്പാന്‍ ഞാനാഗ്രഹിക്കുന്നു. അതേക്കുറിച്ച് ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും എന്നെ ഓര്‍മപ്പെടുത്തേണമേ. എന്‍റെ പഴയ ചിന്താഗതികളെ മാറ്റി ക്രിസ്തു ചിന്തിക്കുന്നതുപോലെ ചിന്തിക്കുവാന്‍ എന്നെ ശക്തീകരിക്കണമേ. യേശുവിന്‍റെ നാമത്തില്‍ ആമേന്‍.


 ജോയ്സിന്റെ മലയാളത്തിലുള്ള ക്ലാസ്സുകൾക്കായി സന്ദർശിക്കുക tv.joycemeyer.org/Malayalam 

ദിവസം 13

ഈ പദ്ധതിയെക്കുറിച്ച്

മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍

വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!

More

ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam