മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം
ഒരു സമ്പൂര്‍ണ്ണ പദ്ധതി
നിങ്ങളില്‍ നല്ല പ്രവര്‍ത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. - ഫിലിപ്പിയര്‍ 1:6
നാം അവന്‍റെ കൈപ്പണിയായി സല്‍പ്രവര്‍ത്തികള്‍ക്കായിട്ട് ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു. നാം ചെയ്തുപോരേണ്ടതിന് ദൈവം അത് മുന്നൊരുക്കിയിരിക്കുന്നു. - എഫെസ്യര്‍ 2:10
"ദൈവത്തിന് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു പദ്ധതിയുണ്ട്." ഇങ്ങനെ പ്രസംഗകര്‍ പറയുന്നത് നിങ്ങള്‍ നിരവധി തവണ കേട്ടുകാണും. ഇതുകേട്ട് തലകുലുക്കും, പുഞ്ചിരിക്കും, പിന്നെ നാം നമ്മുടെ വഴിക്ക് പോകും. എന്നാല്‍ അത് നാം വിശ്വസിക്കുന്നുണ്ട് എന്ന് കുറഞ്ഞപക്ഷം നമ്മുടെ ജീവിതം കൊണ്ട് പ്രതിഫലിപ്പിക്കുന്നില്ല എന്നത് നാമെല്ലാവരും അംഗീകരിക്കുമോ എന്നത് എനിക്ക് അറിയില്ല.
നമ്മെക്കുറിച്ച് ദൈവത്തിന് ഒരു സമ്പൂര്‍ണ്ണ പദ്ധതി ഉണ്ട് എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ഒരുപക്ഷെ "സമ്പൂര്‍ണ്ണം" എന്ന വാക്കായിരിക്കാം നിങ്ങളെ കുഴയ്ക്കുന്നത്. നമുക്ക് തെറ്റുകളും അബദ്ധങ്ങളും സംഭവിക്കുന്നവരാണ്. അങ്ങനെയുള്ള നമ്മുടെ ജീവിതത്തില്‍ പൂര്‍ണ്ണത ഉള്ള ഒന്ന് എങ്ങനെ സംഭവിക്കും? നമുക്ക് നമ്മെക്കുറിച്ച് നന്നായി അറിയാം. ഉടന്‍തന്നെ നാം നമ്മുടെ വീഴ്ചകളെക്കുറിച്ച് ചിന്തിക്കുകയും തലകുലുക്കുകയും ചെയ്യും.
അതാണ് സാത്താന്‍റെ തന്ത്രം. നാം പൂര്‍ണ്ണരല്ലാത്തതുകൊണ്ടല്ല പദ്ധതി പൂര്‍ണ്ണമായിരിക്കുന്നത്. ദൈവം പൂര്‍ണ്ണനായിരിക്കുന്നതുകൊണ്ടാണ്. അതുകൊണ്ട് ഇപ്പോള്‍ പറയാം. ദൈവത്തിന് നാം ഓരോരുത്തരെക്കുറിച്ചും പ്രത്യേകമായ ഒരു പദ്ധതിയുണ്ട്.
ആ പദ്ധതിയെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ആദ്യം പറഞ്ഞ വാക്യത്തില്‍ പൗലോസ് വ്യക്തമാക്കുന്നത്, ദൈവം നമ്മെ രക്ഷിക്കുകയും നമ്മില്‍ ഒരു നല്ല പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്തു എന്നതാണ്. പരിശുദ്ധാത്മാവ് മുന്നോട്ട് പോകാന്‍ പ്രചോദനം നല്‍കി നമ്മില്‍ എപ്പോഴുമുണ്ട്. നാം ദൈവത്തിന്‍റെ കൈപ്പണിയാണെന്നും പൗലോസ് ഓര്‍മ്മിപ്പിക്കുന്നു. രണ്ടുവാക്യങ്ങള്‍ക്ക് മുമ്പായി നാം കൃപയാലാണ് രക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രക്ഷയുടെ പദ്ധതിയില്‍ നമുക്ക് ചെയ്യേണ്ടതായി യാതൊന്നും ഉണ്ടായിരുന്നില്ല. നാം അതിന് അര്‍ഹരോ, നേടിയെടുക്കാന്‍ കഴിയുന്നവരോ ആയിരുന്നില്ല. ദൈവരാജ്യത്തിലേക്കുളള നമ്മുടെ ജനനം ഒരു ദാനം ആണ്. ദൈവം ചെയ്യുകയും നാം അത് സ്വീകരിക്കുകയും ചെയ്തു. തീര്‍ച്ചയായും നാം വിശ്വസിച്ചു. എന്നാല്‍ നാം നമ്മുടെ രക്ഷ സ്വന്തമാക്കുവാന്‍ യാതൊന്നും ചെയ്തിട്ടില്ല.
നമ്മിലെ ദൈവിക പ്രവര്‍ത്തിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ അപൂര്‍ണ്ണത മാത്രമല്ല, ദൈവത്തിന്‍റെ പൂര്‍ണ്ണതയും നാം മനസ്സിലാക്കുന്നു. നമുക്ക് യാതൊന്നും ചെയ്ത് ദൈവിക പൂര്‍ണ്ണതയെ തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുമായിരുന്നില്ല. പൂര്‍ണ്ണതയുള്ളവനായ യേശുക്രിസ്തുവിനുമാത്രമെ, അത് സാധ്യമാകുമായിരുന്നുള്ളു. മറ്റൊന്നുമല്ല, നമ്മുടെ യേശുവിലുള്ള വിശ്വാസം മാത്രമാണ് നമ്മെ ദൈവത്തിന് സ്വീകാര്യരാക്കി മാറ്റിയത്.
അപ്പോസ്തലന്‍ പറയുന്നത്, യേശുക്രിസ്തുവിനാല്‍ രക്ഷിക്കപ്പെട്ടിരിക്കുന്നതുകൊണ്ട്, നാം സല്‍പ്രവര്‍ത്തികള്‍ ചെയ്യാന്‍ വിളിക്കപ്പെട്ടവരാണ്. നാം ഏതുരീതിയാലാണോ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നത് ആ ജീവിതം ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നു.
നാം പൂര്‍ണ്ണരാണെന്നോ, ഈ ലോകത്തില്‍ വച്ച് നാം പൂര്‍ണ്ണത കൈവരിക്കുമെന്നോ അല്ല ഞാന്‍ പറഞ്ഞുവരുന്നത്. ദൈവം പൂര്‍ണ്ണനാണ്. നമ്മുടെ ജീവിതങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതി പൂര്‍ണ്ണതയുള്ളതാണ്. വിശ്വസ്തതയുള്ള ഹൃദയത്തില്‍നിന്നുള്ള അനുസരണവും ശുശ്രൂഷയും നമ്മെക്കുറിച്ചുള്ള ഈ ദൈവിക പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
സംതൃപ്തിയും, നിറവും ഉള്ള ഒരു ജീവിതത്തിനുള്ള നിര്‍ദ്ദേശങ്ങളാണ് ദൈവം നല്‍കിയിരിക്കുന്നത്. ആ പദ്ധതിയോട് ചേര്‍ന്നുനില്‍ക്കുക എന്നതാണ് നാം ചെയ്യേണ്ടത്. നാം നമ്മിലും നമ്മുടെ ബലഹീനതകളിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ, യേശുവിലും അവന്‍റെ ശക്തിയിലും ശ്രദ്ധകേന്ദ്രീകരിക്കുക.
"പക്ഷെ, ഞാന്‍ പൂര്‍ണ്ണനല്ല, ഞാന്‍ പരാജയപ്പെടും" എന്ന് നിങ്ങള്‍ പറയുമ്പോള്‍, ദൈവത്തില്‍ നിന്ന് ശ്രദ്ധതിരിക്കുകയും സാത്താന് ചെവികൊടുക്കുകയുമാണ് ചെയ്യുന്നത്. സ്നേഹസമ്പന്നനായ നമ്മുടെ കര്‍ത്താവ് നമ്മുടെ മനസ്സും ചിന്തകളും പൂര്‍ണ്ണമായി കേന്ദ്രീകരിക്കുവാന്‍ നമ്മോട് വീണ്ടും വാദിക്കുകയും ചെയ്യുന്നു.
നാം യോശുവയെപ്പോലെ ആയിരിക്കണം. ദൈവം അവനോട് പറഞ്ഞു. "ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്‍റെ വായില്‍നിന്നു നീങ്ങിപ്പോകരുത്; അതില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ച് നടക്കേണ്ടതിന് നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നിടത്തൊക്കെയും നീ ശുഭമായി ഇരിക്കേണ്ടതിന് അത് വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്." (യോശുവാ 1:6)
__________________
പൂര്‍ണ്ണനായ ദൈവമേ, എന്‍റെ മനസ്സിനുവേണ്ടിയുള്ള ഈ യുദ്ധത്തില്‍ എന്നെ സഹായിക്കേണമെ. സാത്താന്‍ എന്‍റെ പോരായ്മകളെക്കുറിച്ചും, ബലഹീനതകളെക്കുറിച്ചും എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ എനിക്ക് എപ്പോഴും വിജയത്തില്‍ നടക്കുവാന്‍ തക്കവണ്ണം അങ്ങയുടെ പൂര്‍ണ്ണത, സ്നേഹം, കൂട്ടായ്മ എന്നിവയെക്കുറിച്ച് ഓര്‍ക്കുവാന്‍ എന്നെ സഹായിക്കേണമെ. യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ചോദിക്കുന്നു. ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam