മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം
ക്രിയാത്മക വിശ്വാസം
"നിന്‍റെ സന്തതി ഇവ്വണ്ണം ആകും" എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ, താന്‍ ബഹുജാതികള്‍ക്ക് പിതാവാകും എന്ന് അവന്‍ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു. അവന്‍ ഏകദേശം നൂറ് വയസ്സുള്ളവനാകയാല്‍ തന്‍റെ ശരീരം നിര്‍ജ്ജീവമായിപ്പോയതും, സാറായുടെ ഗര്‍ഭപാത്രത്തിന്‍റെ നിര്‍ജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല. ദൈവത്തിന്‍റെ വാഗ്ദത്തത്തില്‍ അവിശ്വാസത്താല്‍ സംശയിക്കാതെ വിശ്വാസത്തില്‍ ശക്തിപ്പെട്ട് ദൈവത്തിന് മഹത്വം കൊടുത്തു. അവന്‍ വാഗ്ദത്തം ചെയ്തത് പ്രവര്‍ത്തിപ്പാനും ശക്തന്‍ എന്ന് പൂര്‍ണ്ണമായി ഉറച്ചു. - റോമര്‍ 4:18-21
ഓരോ തവണ വായിക്കുമ്പോഴും അബ്രാഹാമിന്‍റെ കഥ എന്നെ വിസ്മയിപ്പിക്കുന്നു. അത് നൂറുവയസ്സുള്ളപ്പോള്‍ ഒരു മകന്‍ ജനിച്ചു എന്നതുകൊണ്ടല്ല. അത് ഒരു അത്ഭുതമായിരുന്നു. എന്നാല്‍ ആ വാഗ്ദത്ത നിവൃത്തിക്കുവേണ്ടി അദ്ദേഹം ഇരുപത്തഞ്ച് വര്‍ഷം കാത്തിരുന്നു എന്നുള്ളതാണ് എന്നെ വിസ്മയിപ്പിച്ചത്. ദൈവം ഒരു മകനെ വാഗ്ദത്തം ചെയ്യുമ്പോള്‍ അബ്രാഹാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു.
നമ്മില്‍ എത്രപേര്‍ ഇങ്ങനെ ദൈവത്തില്‍ വിശ്വസിച്ച് ഇരുപത്തഞ്ച് വര്‍ഷം കാത്തിരിക്കും? നമ്മില്‍ മിക്കവരും ഇങ്ങനെ പറയും: "ഞാന്‍ അത് ദൈവത്തില്‍ നിന്ന് കേട്ടതായിരുന്നില്ല." "ദൈവം ആ അര്‍ത്ഥത്തില്‍ ആയിരിക്കുകയില്ല അത് പറഞ്ഞത്." "ദൈവത്തില്‍ നിന്ന് പുതുതായി എന്തെങ്കിലും കേള്‍ക്കാന്‍ ഞാന്‍ മറ്റെവിടെയെങ്കിലും പോകേണ്ടതുണ്ട്."
ആ വാഗ്ദത്തത്തില്‍ ഉറച്ചുനിന്നപ്പോള്‍ അബ്രാഹാമിനും സാറായ്ക്കും പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. അവര്‍ ദൈവിക നിവൃത്തി ദാസിയായ ഹാഗാറിലൂടെ പ്രാപിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതി അതല്ലായിരുന്നു. അവരുടെ പ്രവര്‍ത്തികളാണ് ദൈവത്തിന്‍റെ വാഗ്ദത്ത സന്തതി വൈകുവാന്‍ കാരണമാക്കിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നമ്മുടെ അക്ഷമ നിമിത്തം നാം നമ്മുടെ വഴിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പരിശ്രമിക്കാറുണ്ട്. ദൈവം അനുഗ്രഹിക്കും എന്ന പ്രതീക്ഷയോടെ നാം നമ്മുടെ സ്വയത്തില്‍ നിന്ന് തയ്യാറാക്കുന്ന പദ്ധതികള്‍ പലപ്പോഴും, വലിയ പ്രതിസന്ധിയിലും ആശയക്കുഴപ്പത്തിലുമായിരിക്കും അവസാനിക്കുക.
ദൈവത്തിന്‍റെ പത്തുകല്പനകളുമായി മോശെ സീനായി പര്‍വ്വതത്തില്‍ നിന്നും താഴേയ്ക്ക് ഇറങ്ങിവന്നപ്പോള്‍, കാത്തിരുന്ന് അക്ഷമരായ യിസ്രായേല്‍ മക്കളുടെ ദോഷപ്രവര്‍ത്തികള്‍ അദ്ദേഹം കണ്ടു. ദൈവം കല്പനകള്‍ എഴുതിയിരുന്ന പലകകള്‍ അവന്‍ ഒടിച്ചുകളഞ്ഞു. മോശെയുടെ കോപം നമുക്ക് മനസ്സിലാക്കാനാവുന്നതാണെങ്കിലും അത് ദൈവത്താല്‍ തുടക്കം കുറിക്കപ്പെട്ടതല്ലെന്ന് ഓര്‍മ്മിക്കണം. അതുകൊണ്ടുതന്നെ വീണ്ടും കല്പനകള്‍ പ്രാപിക്കാന്‍ മോശെയ്ക്ക് ഒരിക്കല്‍കൂടി സീനായിയിലേക്ക് പോകേണ്ടിവന്നു. ഒരുനിമിഷത്തെ വൈകാരികമായ ആശ്വാസം മോശെയ്ക്ക് ലഭിച്ചിരുന്നിരിക്കാം. എന്നാല്‍ അതിന് പകരമായി കൂടുതല്‍ ജോലികള്‍ മോശെ ചെയ്യേണ്ടിവന്നു. അത് നമുക്ക് എല്ലാവര്‍ക്കും ഒരു പാഠമാണ്. നാം ആദ്യം പ്രാര്‍ത്ഥിക്കുകയും ദൈവിക പദ്ധതിയുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യണം. അതല്ലാതെ നാം തന്നെ പദ്ധതികള്‍ തയ്യാറാക്കുകയും അത് നടപ്പാക്കിക്കിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും അല്ല ചെയ്യേണ്ടത്.
എന്‍റെ യോഗങ്ങള്‍ക്ക് ശേഷം നിരവധിയാളുകള്‍ കടന്നുവന്ന് അവരുടെ ദുഃഖ കഥകള്‍ എന്നോട് പറയാറുണ്ട്. ക്രിയാത്മകമായി ജീവിതത്തെ കാണാന്‍ ഞാന്‍ അവരെ ഉപദേശിക്കും. ചിലര്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ തലകുലുക്കി ശ്രദ്ധയോടെ കേള്‍ക്കും. എന്നാല്‍ ഒടുവില്‍ ഇങ്ങനെ പറയും. "പക്ഷെ..." ആ ഒരൊറ്റ വാക്കുകൊണ്ട് അവര്‍ എല്ലാറ്റിനെയും നിഷേധാത്മകമാക്കിത്തീര്‍ക്കുകയാണ്. അതായിരുന്നില്ല അബ്രാഹാമിന്‍റെ മനോഭാവം.
ബൈബിള്‍ നമുക്ക് വാഗ്ദത്തങ്ങളും, പ്രത്യാശയും, ധൈര്യവും പകരുന്നു. തന്നെ സേവിക്കുന്നവര്‍ക്ക് ദൈവം നന്മ വാഗ്ദത്തം ചെയ്തിരിക്കുന്നു. നമ്മുടെ സാഹചര്യങ്ങള്‍ എത്രതന്നെ പ്രതികൂലമായിക്കൊള്ളട്ടെ, അതിന്‍റെ മധ്യത്തില്‍ ദൈവം നമുക്ക് നല്ലത് വാഗ്ദത്തം ചെയ്തിരിക്കുന്നു. എന്നാല്‍ നല്ലതിനെക്കുറിച്ചുളള നമ്മുടെ കാഴ്ച്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായിരിക്കും ദൈവത്തിന്‍റേത്. നമുക്ക് ലഭിക്കണമെന്ന് നാം ആഗ്രഹിക്കുന്നതായിരിക്കുകയില്ല, ചിലപ്പോള്‍ നമ്മുടെ ജീവിതത്തിന് അടിയന്തിര ആവശ്യമായിട്ടുള്ളത്. മിക്കപ്പോഴും കാത്തിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. കാരണം അത് നമ്മില്‍ ദൈവത്തിന്‍റെ സ്വഭാവം വളരുവാന്‍ ഇടയാക്കിത്തീര്‍ക്കും.
ദൈവം നമുക്ക് നല്ലത് ചെയ്യുവാനും, നമ്മെ സന്തോഷിപ്പിക്കുവാനും ആഗ്രഹിക്കുന്നു. എന്നാല്‍ പിശാച് നമ്മെ ദുരിതത്തിലാക്കാനും തെറ്റ് ചെയ്യാനും പ്രേരിപ്പിക്കുന്നു. നമുക്ക് ഒന്നുകില്‍ ക്ഷമയോടെ ദൈവികവാഗ്ദത്തങ്ങള്‍ക്കായി കാത്തിരിക്കാം. അല്ലെങ്കില്‍ പിശാചിന്‍റെ വാക്കുകള്‍ക്ക് ചെവികൊടുത്ത് ജീവിതം ദുരിതപൂര്‍ണ്ണമാക്കാം.
ദൈവം അത്ഭുതങ്ങളുടെ ജനയിതാവാണെന്നത് നമ്മില്‍ പലരും മറന്നുപോകുന്നു. അസാധ്യങ്ങളെ ചെയ്യുന്നതില്‍ വിദഗ്ദനാണ് ദൈവം. സാറായ്ക്ക് മകനെ നല്‍കിയത് ദൈവമാണ്. ചെങ്കടലില്‍ വഴിതുറന്നതും ഇതേ ദൈവമാണ്. ഒരു കല്ലുകൊണ്ട് അവിടുന്ന് ഗോലിയാത്തിനെ നശിപ്പിച്ചു. അതെല്ലാം അത്ഭുതങ്ങളാണ്. പ്രകൃതിയുടെ നിയമങ്ങളെ മാറ്റിമറിച്ചുകൊണ്ടുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളാണ് അതെല്ലാം.
എബ്രായര്‍ 11 വിശ്വാസത്തിന്‍റെയും ദൈവികവാഗ്ദത്തങ്ങളില്‍ വിശ്വസിക്കുവാന്‍ ധൈര്യം കാണിച്ചവരുടെയും അദ്ധ്യായമാണ്. "എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്നതല്ല. ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ." (വാക്യം 6)
ആ വാക്യം ഞാന്‍ പരിശോധിച്ചപ്പോള്‍, സാത്താന്‍ ഇഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് എങ്ങനെയെന്ന് ബോധ്യപ്പെട്ടു. അവന്‍ നമ്മോട് പറയും. "അത് ശരിയാണ്. അവര്‍ പ്രത്യേക ആളുകളായിരുന്നു. എന്നാല്‍ നിങ്ങള്‍ ആരുമല്ല. ദൈവം നിനക്കുവേണ്ടി പ്രത്യേകമായി യാതൊന്നും ചെയ്യുകയില്ല."
അത് സാത്താന്‍റെ കള്ളത്തരമാണ്. ദൈവം നമ്മെ സ്നേഹിക്കുന്നു. ദൈവം നമ്മുടെ പിതാവാണെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. ഏതൊരു നല്ല പിതാവും തന്‍റെ മക്കള്‍ക്കുവേണ്ടി നല്ല കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നു. എനിക്കും നിങ്ങള്‍ക്കും നല്ലതുമാത്രം ചെയ്യാന്‍ ദൈവം ആഗ്രഹിക്കുന്നു.
നിങ്ങളുടെ ജീവിതത്തില്‍ ഒരു അത്ഭുതം പ്രതീക്ഷിക്കുക. നിരവധി അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുക.
__________________
സ്വര്‍ഗ്ഗീയ പിതാവേ, എന്‍റെ അവിശ്വാസത്തെ ക്ഷമിക്കേണമെ. അങ്ങയുടെ അത്ഭുതങ്ങള്‍ക്ക് ഞാന്‍ അയോഗ്യനാണ് എന്ന ചിന്തയിലൂടെ എന്നെ വഴിതെറ്റിക്കുവാന്‍ സാത്താനെ അനുവദിച്ചതില്‍ എന്നോട് ക്ഷമിക്കേണമെ. അങ്ങ് അസാധ്യങ്ങളുടെ ദൈവമാണ്. അങ്ങയെ കാത്തിരിക്കാനും അതില്‍ മടുത്തുപോകാതിരിക്കാനും എന്നെ സഹായിക്കേണമെ. യേശുവിന്‍റെ നാമത്തില്‍ ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam