മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം
പിന്മാറരുത്!
നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത്. തളര്‍ന്നു പോകാഞ്ഞാല്‍ നാം തക്ക സമയത്ത് കൊയ്യും. - ഗലാത്യര്‍ 6:9
"ഇരുപത്തിമൂന്ന് വര്‍ഷമായി ഞാന്‍ ക്രിസ്ത്യാനിയാണ്." ചെറി പറഞ്ഞു. "പക്ഷെ ഞാന്‍ എവിടെയും ആയിട്ടില്ല. യേശുവിനെ രക്ഷകനായി സ്വീകരിച്ചപ്പോള്‍ എത്രത്തോളം ബലഹീനന്‍ ആയിരുന്നോ ആ അവസ്ഥയില്‍ തന്നെ ഇപ്പോഴും തുടരുന്നു." കണ്ണീരൊഴുക്കിക്കൊണ്ടാണ് അവള്‍ തന്‍റെ പരാജയങ്ങളെപ്പറ്റി സംസാരിച്ചത്. "എന്തൊക്കെയാണ് ശരിയായ കാര്യങ്ങള്‍ എന്ന് എനിക്കറിയാം. പക്ഷെ അവ ഒന്നും തന്നെ ഞാന്‍ ചെയ്യുന്നില്ല. ചിലപ്പോഴൊക്കെ അര്‍ത്ഥ ശൂന്യവും ക്രൂരവുമായ പ്രവര്‍ത്തികളും ഞാന്‍ ചെയ്തുപോകുന്നു. ഏതുനിലയിലുള്ള ക്രിസ്ത്യാനിയാണ് ഞാന്‍."
"വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ക്രിസ്ത്യാനി" ഞാന്‍ മറുപടി നല്‍കി.
"വളരുന്നതോ?' ചെറി അവിശ്വസനീയതയോടെ ചോദിച്ചു.
"അതെ, നീ വളരുന്ന വ്യക്തിയായിരുന്നില്ലെങ്കില്‍ നിന്‍റെ പരാജയങ്ങളെ മൂടിവയ്ക്കാനും നിന്‍റെ ഇപ്പോഴത്തെ ആത്മിക നിലവാരത്തില്‍ തൃപ്തിപ്പെട്ട് എത്ര നല്ല വ്യക്തിയാണ് എന്ന് സ്വയം വിലയിരുത്തി സംസാരിക്കുവാനും ഇടയാകുമായിരുന്നു."
"പക്ഷെ ഞാന്‍ ധൈര്യഹീനയായിരിക്കുന്നു. ഞാന്‍ ദൈവമുമ്പാകെ പല കാര്യങ്ങളിലും പരാജയപ്പെട്ടവളാണ്."
താന്‍ പരാജയപ്പെട്ടു എന്ന ചെറിയുടെ വിലയിരുത്തല്‍ ശരിയാണെന്ന് ഞാന്‍ അവളോട് പറഞ്ഞു. നാം എല്ലാവരും പല സന്ദര്‍ഭങ്ങളില്‍ പരാജയപ്പെടാറുണ്ട്. നമ്മളാരും പൂര്‍ണ്ണരല്ല. നാം ശ്രദ്ധാലുക്കളല്ലെങ്കില്‍, നമുക്ക് നേടുവാന്‍ കഴിയാതെ പോയതിലും, നാം ബലഹീനമായിത്തീര്‍ന്നിരിക്കുന്ന മേഖലകളിലും ശ്രദ്ധയൂന്നുവാന്‍ സാത്താനെ അനുവദിക്കുകയാണ് ചെയ്യുന്നത്. അത് സംഭവിക്കുമ്പോള്‍, സ്വയം മോശമാണെന്ന് തോന്നുവാനോ അല്ലെങ്കില്‍ എല്ലാം അവസാനിപ്പിക്കാം എന്ന് ചിന്തിക്കുവാനോ ഇടയായിത്തീരും.
ആത്മാവിന്‍റെ വഴി അതല്ല. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തുതന്നെയായിരുന്നാലും, ദൈവം നമ്മിലുള്ള പ്രവര്‍ത്തി അവസാനിപ്പിക്കുന്നില്ല. ആത്മാവ് നമ്മെ മുമ്പോട്ട് നയിച്ചുകൊണ്ടിരിക്കുന്നു.
നമുക്ക് ചെയ്യാന്‍ കഴിയാതെ പോയ കാര്യങ്ങളില്‍, എന്തുകൊണ്ട് നമുക്ക് കൂടുതല്‍ ആത്മിയരാകാന്‍ കഴിഞ്ഞില്ല, ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം എത്രത്തോളം ആത്മിയരാകാന്‍ കഴിയുമായിരുന്നു തുടങ്ങിയ ചോദ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമ്മുടെ ചിന്തകളെ പലപ്പോഴും നാം അനുവദിക്കാറുണ്ട്. അത് സാത്താന്‍റെ ഒരു തന്ത്രമാണ്-നമ്മുടെ വീഴ്ചകളെയും അതിന്‍റെ ഫലങ്ങളെയും കുറിച്ച് ചിന്തിച്ചുകൊണ്ടേ ഇരിക്കുക. നാം എന്തായില്ല എന്നതിലും നമുക്ക് എന്ത് നേടാന്‍ കഴിഞ്ഞില്ല എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നാം പിശാചിന് നമ്മുടെ മനസ്സിന്‍റെ യുദ്ധക്കളത്തില്‍ മുന്നേറാന്‍ അവസരം നല്‍കുകയാണ്.
എന്‍റെ സുഹൃത്തിന്‍റെ വിഷാദം ഒരു ആരോഗ്യകരമായ സൂചനയായി, അവള്‍ കണ്ടില്ലെങ്കിലും, ഞാന്‍ കണ്ടു. പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ അവള്‍ക്ക് സാത്താനെ പുറത്താക്കാന്‍ സാധിക്കും. സാത്താന്‍ അവളില്‍ നിന്ന് മോഷ്ടിച്ച രാജ്യത്തെ തിരിച്ചുപിടിക്കാന്‍ അവള്‍ക്ക് സാധിക്കും.
ഒരു വലിയ വിജയത്തില്‍ നിന്നും തുടര്‍മാനമായ വിജയങ്ങളിലൂടെയാണ് വിശുദ്ധവും വിജയകരവുമായ ജീവിതം ഉണ്ടാകുന്നതെന്ന് ചെറി ചിന്തിക്കുന്നതുപോലെ തോന്നി. അതെ വലിയ വഴിത്തിരിവുകള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരികതന്നെ ചെയ്യും. എന്നാല്‍ നമ്മുടെ വിജയങ്ങളെല്ലാം മെല്ലെയാണ് വരുന്നത്. നമ്മുടെ ആത്മിയ വളര്‍ച്ചയില്‍ നാം വളരെ മെല്ലെയാണ് പുരോഗമിക്കുന്നത് എന്നതുകൊണ്ട് നാം എത്രത്തോളം മുന്നോട്ടുവന്നു എന്നത് പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ആത്മിക വിജയങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി കടന്നുവന്നില്ലെങ്കില്‍ നാം പരാജയപ്പെട്ടവരാണെന്ന ചിന്ത സാത്താന്‍ നമ്മില്‍ നിറയ്ക്കാറുണ്ട്.
ചെറിയോടും, അവളെപ്പോലെ അന്ധകാരത്തിലൂടെ കടന്നുപോകുന്ന മറ്റ് ക്രിസ്ത്യാനികളോടും എനിക്കുള്ള ഉപദേശം അപ്പോസ്തലനായ പൗലോസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക എന്നതാണ്. "നാം മടുത്തുപോകരുത്" അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. "പിന്മാറരുത്. പോരാട്ടത്തില്‍ തുടരുക" എന്നാണ് അതിന്‍റെ അര്‍ത്ഥം.
ജീവിതം ഒരു പോരാട്ടമാണ്. നമ്മെ നശിപ്പിക്കണമെന്നും പരാജയപ്പെടുത്തണമെന്നുമാണ് സാത്താന്‍റെ ആഗ്രഹം. ഒരിക്കലും പോരാട്ടം ആവശ്യമില്ലാത്ത സ്ഥാനത്തേക്ക് നാം എത്തിച്ചേരുന്നില്ല. എന്നാല്‍ ഇത് കേവലം നമ്മുടെ യുദ്ധം മാത്രമല്ല, യേശു നമ്മോട് ഒപ്പം ഉണ്ട് എന്നു മാത്രമല്ല, നമുക്കുവേണ്ടിയാണ് അവന്‍ ആയിരിക്കുന്നത്. മുന്നോട്ട് പോകാന്‍ അവന്‍ നമുക്ക് ശക്തി പകരുന്നു.
എന്‍റെ സുഹൃത്ത് തന്‍റെ പരാജയങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. എന്നാല്‍ അവള്‍ വിജയിച്ച സന്ദര്‍ഭങ്ങളെക്കുറിച്ചും ഓര്‍മ്മിക്കാന്‍ ഞാന്‍ അവളോട് ആവശ്യപ്പെട്ടു. "പിശാചാണ് നിയന്ത്രിക്കുന്നതെന്ന് നീ കരുതുന്നു. അത് ശരിയല്ല. നീ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ നീ വിജയിച്ചിട്ടുമുണ്ട്."
"പിന്മാറരുത്, ഉപേക്ഷിച്ചുകളയരുത്" ഇതാണ് നാം കേള്‍ക്കേണ്ട സന്ദേശം. യെശയ്യാവിന്‍റെ വാക്കുകള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. "ഭയപ്പെടേണ്ട, ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു. ഞാന്‍ നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. നീ എനിക്കുള്ളവന്‍ തന്നെ. നീ വെള്ളത്തില്‍ കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും. നീ നദികളില്‍ കൂടി കടക്കുമ്പോള്‍ അവ നിന്‍റെ മീതെ കവിയുകയില്ല. നീ തീയില്‍ കൂടി നടന്നാല്‍ വെന്തുപോകയില്ല. അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല." (യശയ്യാവ് 43:1,2)
അതാണ് ദൈവത്തിന്‍റെ വാഗ്ദത്തം. പ്രശ്നങ്ങളും ദുരിതങ്ങളുമെല്ലാം നമ്മില്‍ നിന്ന് പൂര്‍ണ്ണമായി എടുത്തുമാറ്റാം എന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടില്ല. എന്നാല്‍ അവയില്‍കൂടി നാം കടന്നുപോകുമ്പോള്‍ നമ്മോടൊപ്പം ഇരിക്കാം എന്ന വാഗ്ദത്തമാണ് ദൈവം നല്‍കിയിരിക്കുന്നത്. "ഭയപ്പെടേണ്ട" അവന്‍ പറയുന്നു. അതാണ് നാം അറിഞ്ഞിരിക്കേണ്ട സന്ദേശം. ദൈവം നമ്മോടു കൂടെ ഉള്ളതുകൊണ്ട് നാം ഭയപ്പെടേണ്ട ആവശ്യമില്ല. ദൈവം നമ്മോടു കൂടെ ഉള്ളപ്പോള്‍ നാം എന്തിനാണ് വ്യാകുലപ്പെടുന്നത്?
__________________
ദൈവമെ, എന്‍റെ എല്ലാ പരാജയങ്ങളുടെയും മധ്യത്തിലും അവിടുന്ന് എന്നോടുകൂടെ ഇരുന്ന് എന്നെ ധൈര്യപ്പെടുത്തി മുന്നോട്ടുപോകാന്‍ ശക്തിപകരുന്നല്ലോ. അത് ഓര്‍മ്മിക്കുവാന്‍ എന്നെ സഹായിക്കേണമെ. അങ്ങയുടെ സഹായത്താല്‍ എനിക്ക് വിജയിക്കാന്‍ സാധിക്കും. യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam