മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം

മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍

14 ദിവസത്തിൽ 5 ദിവസം

"എനിക്കത് സാധിക്കില്ല !"

ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്നു എന്നതിന് ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇന്ന് സാക്ഷിവെക്കുന്നു. അതുകൊണ്ട് ജീവനെ തിരഞ്ഞെടുത്തുകൊള്‍ക; അതല്ലൊ ജീവനും ദീര്‍ഘായുസും നല്കുന്നത്. - ആവര്‍ത്തനം 30:19

തെറ്റായ പെരുമാറ്റത്തെക്കുറിച്ച് ദൈവം നമ്മോട് ഇടപെടാന്‍ തുടങ്ങുമ്പോള്‍, "എന്നെക്കൊണ്ടത് സാധിക്കുന്നില്ല" എന്നു പറയുക എളുപ്പമാണ്. എന്നാല്‍ "ഞാന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് എന്‍റെ ജീവിതം നേരെയാക്കാന്‍ ഒരുക്കമാണ്." എന്ന് പറയാന്‍ യഥാര്‍ത്ഥ ധൈര്യം ആവശ്യമാണ്. 

ഒഴിഞ്ഞുമാറല്‍, കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകാതിരിക്കുക, എന്നത് ഒരു വലിയ പ്രശ്നമാണ്. നാം അവയെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നതുകൊണ്ട് തെറ്റായ കാര്യങ്ങള്‍ ഒഴിഞ്ഞുപോകുന്നില്ല. നാം അവയില്‍ നിന്ന് ഒളിച്ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവ നമ്മില്‍ മേധാവിത്വം സൃഷ്ടിക്കും. അവ നമ്മില്‍ അധികാരമെടുക്കാന്‍ ഇടയാകും. ജീവനോടെ അടക്കം ചെയ്ത പ്രശ്നങ്ങള്‍ ഒരിക്കലും മരിക്കുന്നില്ല.

എന്‍റെ ബാല്യത്തില്‍ നേരിടേണ്ടിവന്ന ലൈംഗിക പീഢനത്തെക്കുറിച്ച് ഈ ഒഴിഞ്ഞുമാറല്‍ സമീപനമാണ് ഞാന്‍ ഏറെക്കാലം സ്വീകരിച്ചത്. എന്‍റെ പിതാവ് എന്നെ മുറിവേല്‍പ്പിച്ചു. അതുകൊണ്ട് പതിനെട്ട് വയസ്സ് തികഞ്ഞ ദിവസം ഞാന്‍ വീടുവിട്ടിറങ്ങി. ആ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയതുകൊണ്ട് അതെന്നെ വിട്ടുപോയി എന്ന് ഞാന്‍ ചിന്തിച്ചു. എന്നാല്‍ എന്‍റെ മനസ്സിനാണ് പ്രശ്നമെന്ന് എനിക്ക് മനസ്സിലായില്ല. അത് എന്‍റെ ചിന്തകളിലും, മനോഭാവത്തിലും, വാക്കുകളിലുമായിരുന്നു. എന്‍റെ പ്രവര്‍ത്തികളെയും എല്ലാ ബന്ധങ്ങളെയും അത് സ്വാധീനിച്ചു. 

എനിക്ക് നിരവധി തെറ്റായ സ്വഭാവങ്ങളും നിഷേധാത്മകമായ മനോഭാവവുമുണ്ടായിരുന്നു. അതിനെല്ലാം പറയാന്‍ നിരവധി ന്യായീകരണങ്ങളുമുണ്ടായിരുന്നു. "എന്നെക്കൊണ്ട് ഇത് സാധിക്കില്ല. എന്‍റെ കുറ്റം കൊണ്ടല്ല എനിക്ക് പീഡനം സഹിക്കേണ്ടിവന്നത്" സ്വയം സഹതപിച്ചുകൊണ്ട് ഞാന്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്. അത് എന്‍റെ കുറ്റമല്ല എന്നത് ശരിതന്നെയായിരുന്നു. എന്നാല്‍ ആ പീഡനങ്ങളുടെ ഫലമായി ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്ന എല്ലാ അടിമത്തങ്ങളെയും അതിജീവിക്കുവാന്‍ എന്നെ സഹായിക്കേണ്ടതിന് ദൈവത്തെ അനുവദിക്കുക എന്നത് എന്‍റെ ഉത്തരവാദിത്വമായിരുന്നു.

ഞാന്‍ സ്വീകരിക്കുകയും അനുവദിക്കുകയും ചെയ്ത എല്ലാ തെറ്റായ ചിന്തകളുമായി ദൈവം ഇടപെട്ട് എനിക്ക് സ്വാതന്ത്ര്യം നല്‍കാന്‍ തുടങ്ങി. എന്‍റെ ജീവിതത്തില്‍ മാറ്റം ഉണ്ടാകുന്നതിനുമുമ്പ് എന്‍റെ മനസ്സിന് മാറ്റം ഉണ്ടാകേണ്ടിയിരുന്നു. ആദ്യം എന്‍റെ ചിന്തകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായില്ല. "ഈ ചിന്തകള്‍ എന്‍റെ മനസ്സിലേക്ക് വരികയാണ്. എന്നെക്കൊണ്ട് ഒന്നും സാധിക്കുകയില്ല." എന്നാല്‍ ക്രമേണ എനിക്ക് എന്‍റെ ചിന്തകളെ തെരഞ്ഞെടുക്കാമെന്നും ലക്ഷ്യത്തോടെ ചിന്തിക്കാന്‍ സാധിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. നമ്മുടെ മനസ്സിലേക്ക് വരുന്ന എല്ലാ ചിന്തകളെയും നാം സ്വീകരിക്കേണ്ടതില്ലെന്നും ഞാന്‍ മനസ്സിലാക്കി. തെറ്റായ ചിന്തകളെ നമുക്ക് പുറത്താക്കികളയാം. ശരിയായ ചിന്തകള്‍ പകരം വയ്ക്കാന്‍ സാധിക്കും. 

എന്‍റെ മനസ്സിലെ ചിന്തകളെക്കുറിച്ച് നിസ്സഹായാവസ്ഥയില്‍ തുടരുന്നതിന് പകരം, ക്രിയാത്മകമായ ചിലത് എനിക്ക് ചെയ്യാനാകും- ഞാന്‍ ചെയ്യേണ്ടതുണ്ട് - എന്ന് മനസ്സിലാക്കി.

നമ്മുടെ മിക്ക ചിന്തകളും സ്വാഭാവികമായവയാണ്. ദൈവത്തെക്കുറിച്ചും നല്ല കാര്യങ്ങളെക്കുറിച്ചും നാം തുടര്‍മാനമായി ചിന്തിച്ചാല്‍ ദൈവിക ചിന്തകള്‍ സ്വാഭാവികമായിത്തീരും. ഓരോ ദിവസവും ആയിരക്കണക്കിന് ചിന്തകള്‍ നമ്മുടെ മനസ്സിലൂടെ ഒഴുകിയെത്തും. നമുക്ക് അവയിലൊന്നും നിയന്ത്രണമില്ലെന്ന് നാം കരുതിയേക്കാം. എന്നാല്‍ അത് തെറ്റാണ്. തെറ്റായ കാര്യങ്ങള്‍ ചിന്തിക്കാന്‍ നാം യാതൊരു പരിശ്രമവും ചെയ്യുന്നില്ല എന്നതു ശരിയാണെങ്കിലും ശരിയായ കാര്യങ്ങള്‍ ചിന്തിക്കാന്‍ നാം കാര്യമായ പരിശ്രമം ചെയ്യേണ്ടതുണ്ട്. മാറ്റങ്ങള്‍ വരുത്താന്‍ നാം ആരംഭിക്കുമ്പോള്‍ നമുക്ക് ഒരു പോരാട്ടത്തില്‍ ഏര്‍പ്പെടേണ്ടിവരും.

നമ്മുടെ മനസ്സാണ് യുദ്ധക്കളം. നമ്മെക്കുറിച്ചുള്ള തന്‍റെ തിന്മ നിറഞ്ഞ പദ്ധതി സാത്താന്‍ ആരംഭിക്കുന്നത് നമ്മുടെ ചിന്താമണ്ഡലത്തിലൂടെയാണ്. നമ്മുടെ ചിന്തകളിന്‍മേല്‍ നമുക്ക് യാതൊരു അധികാരവുമില്ലെന്ന് തോന്നുകയാണെങ്കില്‍, സാത്താന്‍ നമ്മെ കെണിയില്‍പെടുത്തുകയും തോല്പിക്കുകയും ചെയ്യും. അതിനുപകരം ദൈവികവഴികളില്‍ ചിന്തിക്കും എന്ന് നാം തീരുമാനം എടുക്കുകയാണെങ്കില്‍, നാം നിരന്തരമായി തെരഞ്ഞെടുപ്പുകള്‍ നടത്തും. ഈ തെരഞ്ഞെടുപ്പുകള്‍ എവിടെനിന്നാണ് വരുന്നത്? അവ നമ്മുടെ ചിന്താ ജീവിതത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. നമ്മുടെ ചിന്തകള്‍ വാക്കുളായും പ്രവര്‍ത്തിയായും മാറും.

തീരുമാനമെടുക്കാനുള്ള അധികാരം ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. തെറ്റായ ചിന്തകളിന്‍മേല്‍ ശരിയായ ചിന്തകളുടെ തെരഞ്ഞെടുപ്പ് നടത്താന്‍ നമുക്ക് അധികാരമുണ്ട്. എന്നാല്‍ ഒരിക്കല്‍ നാം ആ തെരഞ്ഞടുപ്പ് നടത്തിയാല്‍, പിന്നീട് നാം ശരിയായ ചിന്തകളില്‍ തുടരേണ്ടതുണ്ട്. ബൈബിള്‍ പഠനം, പ്രാര്‍ത്ഥന, സ്തോത്രം, മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മ തുടങ്ങിയവയാല്‍ നമ്മുടെ മനസ്സിനെ നിറയ്ക്കുമ്പോള്‍ നമുക്ക് ശരിയായ ചിന്തകളില്‍ തുടരുവാന്‍ സാധിക്കും. 

ക്രിസ്തീയ ജീവിതമെന്നത് നിരന്തരമായ പോരാട്ടമല്ലാതെ മറ്റൊന്നുമില്ല എന്ന ചിന്താഗതി നമ്മിലുണ്ടാകാന്‍ ഇടയുണ്ട്. അത് ഭാഗികമായി ശരിയാണ്. എന്നാല്‍ അത് കഥയുടെ ഒരു ഭാഗം മാത്രമാണ്. അനേകമാളുകള്‍ വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവരാരും യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. വിജയം എന്നത് തടസ്സങ്ങളെ മറികടന്നുകൊണ്ടുനേടുന്നതാണ്. പോരാട്ടങ്ങളുണ്ട് എന്നത് ശരിയാണ് എന്നിരുന്നാലും ഒടുവില്‍ നാം അതിന്‍റെ മൂല്യം തിരിച്ചറിയും.

ശരിയായ വഴിയിലൂടെ ചിന്തിക്കുക എന്നത് എപ്പോഴും എളുപ്പമല്ല. ശരിയായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് സ്വാഭാവികമായി സാധിക്കുന്നതുമല്ല. എന്നാല്‍ ഇതാണ് ജീവനിലേക്കുള്ള വഴിയെന്ന് നാം തിരിച്ചറിയുമ്പോള്‍-ഇപ്പോഴും നിത്യതയിലും- ക്രിയാത്മക ചിന്തകള്‍ ചിന്തിക്കാനുള്ള ഈ പരിശ്രമവും പോരാട്ടവും മൂല്യമുള്ളതാണെന്നു നമുക്ക് മനസ്സിലാകും.

ഭയങ്ങളും സംശയങ്ങളും കൊണ്ട് നമ്മുടെ മനസ്സ് നിറഞ്ഞിരിക്കുകയാണെങ്കില്‍, നാം ഒരു ഉറച്ച നിലപാട് എടുക്കേണ്ട സമയമാണിത്. "എനിക്ക് ഇത് സാധിക്കുകയില്ല" എന്ന് നാം വീണ്ടും പറയുവാന്‍ പാടില്ല. നാം ഇനി വിശ്വാസത്തോടെ പറയേണ്ടത് ഇപ്രകാരമാണ്: "ദൈവം എന്നോടുകൂടെയുണ്ട്. ദൈവം എന്നെ ശക്തീകരിക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യും." അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞിട്ടുണ്ട്. "നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം നമുക്ക് ജയം നല്‍കുന്ന ദൈവത്തിന് സ്തോത്രം. ആകയാല്‍ എന്‍റെ പ്രിയ സഹോദരന്‍മാരെ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വൃര്‍ത്ഥമല്ല എന്ന് അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്‍റെ വേലയില്‍ എപ്പോഴും വര്‍ദ്ധിച്ചുവരുന്നവരും ആകുവിന്‍" (1 കൊരിന്ത്യര്‍ 15:57, 58)

നമുക്ക് തെരഞ്ഞെടുക്കാം. നമുക്ക് തെരഞ്ഞെടുക്കാം എന്നു മാത്രമല്ല, നാം തെരഞ്ഞെടുക്കണം. നമ്മുടെ മനസ്സില്‍ നിന്നും തെറ്റായ ചിന്തകളെ പുറത്താക്കി കളയുന്നില്ലെങ്കില്‍ നാം അവ യ്ക്ക് കീഴ്പ്പെടുവാനും അവ നമ്മെ അടിമയാക്കാനും സാധ്യതയുണ്ട്.

നന്മയെ തെരഞ്ഞെടുക്കാനും തിന്മയെ തള്ളിക്കളയാനും പഠിക്കാന്‍ സമയമെടുക്കും. എന്നാല്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ശരിയായ തെരഞ്ഞെടുപ്പുകള്‍ നടത്തിയാല്‍ നമ്മുടെ യാത്ര ശരിയായ ദിശയിലായിരിക്കും.

__________________

സര്‍വ്വശക്തനായ ദൈവമെ, എനിക്ക് ഓരോ ദിവസവും തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സാധിക്കും എന്ന് എന്നെ ഓര്‍മ്മിപ്പിക്കേണമെ. എന്‍റെ ചിന്തകളെ നിരീക്ഷിക്കുവാനും എന്‍റെ മനസ്സിനുവേണ്ടിയുള്ള യുദ്ധത്തില്‍ വിജയിക്കുവാനും പിശാചിനെ കീഴടക്കുവാനും എന്നെ സഹായിക്കുന്നവ മാത്രം തെരഞ്ഞെടുക്കാന്‍ എന്നെ ശക്തീകരിക്കേണമെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍. 

ദിവസം 4ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍

വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!

More

ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam